അനിമോന്റെ വെളിപ്പെടുത്തലുകൾ അന്വേഷിക്കണം: കെ.കെ. ശിവരാമൻ
1424760
Saturday, May 25, 2024 3:55 AM IST
തൊടുപുഴ: ബാർ കോഴ വിവാദം സംബന്ധിച്ച് അന്വേഷിക്കണമെന്ന് സിപിഐ സംസ്ഥാന കൗണ്‍സിലംഗവും എൽഡിഎഫ് ഇടുക്കി ജില്ലാ കണ്‍വീനറുമായ കെ.കെ.ശിവരാമൻ ആവശ്യപ്പെട്ടു. നിലവിലുള്ള മദ്യ നയത്തിൽ ഇളവ് വരുത്തുന്നതിന് ബാറുടമകൾ രണ്ടര ലക്ഷം രൂപ വീതം ഉടനടി നൽകണമെന്ന ബാർ ഉടമാ സംഘം സംസ്ഥാന വൈസ് പ്രസിഡന്റും ജില്ലാ പ്രസിഡന്റുമായ അനിമോന്റേതായി പ്രചരിക്കുന്ന ശബ്ദ സന്ദേശം ഗൗരവമുള്ളതാണ്.
നമുക്കായി ഇളവുകൾ നൽകുന്പോൾ കൊടുക്കേണ്ടത് കൊടുക്കണം എന്നാണ് ഇതിൽ പറയുന്നത്. കേരളത്തിൽ ആയിരത്തോളം ബാറുകൾ ഉണ്ടെന്നാണ് കണക്ക്.ഈ ബാറുകൾ എല്ലാം രണ്ടര ലക്ഷം രൂപ വീതം നൽകിയാൽ 250 കോടിയാകും.
ഈ പണം എവിടേക്കാണ് എത്തുന്നത്. എൽഡിഎഫ് സർക്കാരിന്റെ മുഖം വികൃതമാക്കുന്നതിനു വേണ്ടി കെട്ടിച്ചമയ്ക്കുന്ന കള്ളക്കഥയാണോ ഇതെന്ന് കണ്ടെത്തണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.
പണം നൽകിയിട്ടില്ലെന്ന്
തൊടുപുഴ: ഇടുക്കി അണക്കരയിലെ സ്പൈസ് ഗ്രോവ് ഹോട്ടൽ പണം നൽകിയിട്ടില്ലന്ന് എക്സിക്യൂട്ടീവ് ഡയറക്ടർ അരവിന്ദാക്ഷൻ പറഞ്ഞു. സംഘടന പണം നൽകണമെന്ന് ആവശ്യപ്പെട്ടിട്ടില്ല. അത്തരത്തിൽ ഒരു ചർച്ച സംഘടനയിൽ ഉണ്ടായിട്ടുമില്ല.
ഓഫീസ് കെട്ടിടം നിർമിക്കുന്നതുമായി ബന്ധപ്പെട്ട് സംഘടനയിൽ ചിലരുമായി അഭിപ്രായ വ്യത്യാസമുണ്ട്. സ്പൈസ് ഗ്രോവ് പണം നൽകിയിട്ടുണ്ടെന്ന് അനിമോന്റെ ശബ്ദരേഖയിൽ പറയുന്നുണ്ട്.
അതേ സമയം അനിമോനെ ഫോണിൽ ബന്ധപ്പെടാൻ തൊടുപുഴയിലെ മാധ്യമപ്രവർത്തകർ ശ്രമിച്ചെങ്കിലും സാധിച്ചില്ല. ഫോണ്‍ റിംഗ് ചെയ്യുന്നുണ്ടെങ്കിലും എടുക്കുന്നില്ല.