കരിഞ്ഞുണങ്ങി കൃഷി; വറുതിയുടെ പിടിയിൽ ജില്ലയിലെ കർഷകർ
1418040
Monday, April 22, 2024 3:30 AM IST
തൊടുപുഴ: സമീപനാളുകളിലെങ്ങും അനുഭവപ്പെടാത്ത വേനൽചൂടിന്റെ കാഠിന്യത്തിൽ ഹൈറേഞ്ചിലെയും ലോറേഞ്ചിലെയും കാർഷിക വിളകൾ കരിഞ്ഞുണങ്ങുകയാണ്. തോടുകളും കുളങ്ങളും ജലാശയങ്ങളും നീർച്ചാലുകളുമെല്ലാം വറ്റിവരണ്ടതോടെ കുടിവെള്ളം കിട്ടാക്കനിയായി മാറിയിരിക്കുകയാണ്.
കുടിവെള്ളത്തിനായി ജനങ്ങൾ നെട്ടോട്ടമോടുന്പോൾ കൃഷിയിടം നനയ്ക്കാൻ കഴിയാത്തതാണ് വ്യാപകമായി കൃഷി നശിക്കാൻ കാരണം. മുന്പെങ്ങുമില്ലാത്ത വിധത്തിൽ പകൽതാപനില ഉയർന്നതാണ് ഇത്തവണ കാർഷികമേഖലയെ തളർത്തിയത്.
ജാതി, കൊക്കോ, ഗ്രാംന്പൂ, റംബുട്ടാൻ, തേയില, വാഴ, ഏലം, കുരുമുളക്, കാപ്പി, ഫലവർഗങ്ങൾ, പച്ചക്കറികൾ തുടങ്ങി എല്ലാറ്റിനെയും ഇത്തവണത്തെ കൊടുംചൂട് കാര്യമായി ബാധിച്ചിട്ടുണ്ട്. ഏലം, കുരുമുളക് തുടങ്ങിയവയെയാണ് വേനൽകൂടുതലായി ബാധിച്ചത്.
സമീപനാളുകളിൽ ഏലത്തിന് മികച്ചവില ലഭിച്ചതോടെ ജലസേചന സൗകര്യം ഇല്ലാത്ത സ്ഥലങ്ങളിലും ഏലംകൃഷി ചെയ്തതും തിരിച്ചടിയായി. കഴിഞ്ഞ ആറുവർഷത്തിനിടെയുണ്ടായ ഉയർന്ന ചൂടാണ് ഇത്തവണ അനുഭവപ്പെട്ടത്.
ഇടുക്കിയിൽ ചില പ്രദേശങ്ങളിൽ 39 ഡിഗ്രി ചൂട് വരെ രേഖപ്പെടുത്തിയതായാണ് കണക്ക്. ഇത്രയും കൂടിയ ചൂടിനെ പ്രതിരോധിക്കാനുള്ള കരുത്ത് പല വിളകൾക്കുമില്ല. ജലസേചന സൗകര്യമുള്ള ഇടങ്ങളിൽപോലും കടുത്തചൂടേറ്റ് ചെടികൾ വാടുകയാണ്. കൊക്കോ, റംബുട്ടാൻ, അവക്കാഡോ, ഫാഷൻഫ്രൂട്ട് എന്നിവ പൂവിട്ടാലും വാടിക്കരിയുകയാണ്.
കഴിഞ്ഞ ദിവസം ലഭിച്ച വേനൽമഴ അൽപം ആശ്വാസം നൽകുന്നുണ്ടെങ്കിലും വരുംദിവസങ്ങളിൽ മഴ ലഭിച്ചില്ലെങ്കിൽ ഇതു കാർഷിക മേഖലയ്ക്ക് കനത്ത തിരിച്ചടിയാകുമെന്ന കാര്യത്തിൽ സംശയമില്ല.
കുരുമുളക്
രാജാക്കാട്: വേനൽ ശക്തി പ്രാപിച്ചതോടെ കുരുമുളക് കർഷകർ ആശങ്കയിലാണ്. കൊടുംചൂടിൽ മണ്ണിലെ ജലാംശം കുറഞ്ഞതോടെ കുരുമുളക് ചെടികൾ വാടിക്കരിഞ്ഞു നശിച്ചു.
വേനൽമഴ ലഭിച്ചാലും ഇനി ചെടികൾ രക്ഷപ്പെടുമോയെന്ന കാര്യത്തിൽ ഉറപ്പില്ല.
ഏലത്തിനു വിലകൂടുകയും കുരുമുളകിന് ഡിമാന്റ് കുറയുകയും ചെയ്തതോടെ ഇടുക്കിയുടെ പല മേഖലകളിലും കുരുമുളക് കൃഷിയുടെ വിസ്തൃതി നന്നേ കുറഞ്ഞിരുന്നു. ചില കർഷകർ ഏലത്തിന് ഇടവിളയായാണ് കൃഷി ചെയ്യുന്നത്. കുരുമുളക് വള്ളികൾ മൂന്നോ, നാലോ വർഷം വളർച്ചയെത്തിയതിനു ശേഷമല്ലാതെ ഏലം കൃഷി ചെയ്താൽ ആ കൃഷിയിടത്തിൽനിന്നും കുരുമുളക് ലഭിക്കില്ല.
വലിയ താങ്ങുമരങ്ങളിലുള്ള കുരുമുളക് ചെടിയിൽനിന്നേ ഏലത്തോട്ടങ്ങളിൽ കൂടുതൽ വിളവ് ലഭിക്കൂ. സൂര്യപ്രകാശം ലഭിക്കാത്തതാണ് പ്രധാന പ്രശ്നം.
പ്രധാന വിളയായി കൃഷി ചെയ്യുന്ന തോട്ടങ്ങളിൽ കടുത്ത ചൂടിന് പുറമേ താങ്ങുകാലുകളുടെ നാശം, ദ്രുതവാട്ടം എന്നിവയെല്ലാം കർഷകർക്ക് പ്രതിസന്ധി സൃഷ്ടിക്കുന്നുണ്ട്. നിലവിൽ കുരുമുളകിന് കിലോയ്ക്ക് 545 രൂപയാണ് വിപണി വില.
എന്നാൽ വിളവെടുപ്പ് സമയത്ത് 500 രൂപ പോലും ലഭിക്കാത്ത സാഹചര്യമാണ്. കൃഷിഭവൻ വഴി കുരുമുളക് പുനരുദ്ധാരണ പദ്ധതികൾ നടക്കുന്നുണ്ടെങ്കിലും തുരിശ്, കുമ്മായം എന്നിവയുടെ വിതരണം കൊണ്ട് പലപ്പോഴും പദ്ധതി അവസാനിക്കുകയാണ്. മികച്ചയിനം കുരുമുളക് വള്ളികൾ കർഷകർക്ക് എത്തിച്ച് കൃഷിയെ പ്രോത്സാഹിപ്പിക്കാൻ ഉദ്യോഗസ്ഥർ തയാറാകുന്നുമില്ല.
ജാതി
ചെറുതോണി: കാലാവസ്ഥയെ മാത്രം ആശ്രയിച്ച് കൃഷി ചെയ്യുന്നവരാണ് ഹൈറേഞ്ചിലെ ഭൂരിപക്ഷം കർഷകരും. ഇത്തവണ വേനൽ മഴ ലഭിക്കാതെ വന്നതും കനത്ത ചൂടും മറ്റ് കൃഷികൾക്കെന്നപോലെ ജാതി കൃഷിയേയും സാരമായി ബാധിച്ചു.
ഒട്ടുമിക്ക തോട്ടങ്ങളിലും ഈ വർഷം ജാതിക്ക് മികച്ച വിളവ് ലഭിച്ചിരുന്നു. വില കുറവാണെങ്കിലും കൂടുതൽ വിളവുണ്ടായതിന്റെ ആശ്വാസത്തിലായിരുന്നു കർഷകർ. എന്നാൽ കാലാവസ്ഥ കർഷകരുടെ പ്രതീക്ഷയെ അപ്പാടെ തകർത്തു.
വേനൽമഴ തീരെ ലഭിക്കാതെ വന്നതോടെ ജാതിക്ക മൂപ്പെത്താതെ പൊഴിഞ്ഞുപോകുകയാണ്. കായകൾ വാടിക്കരിഞ്ഞ് വീഴാനും തുടങ്ങി. കുടിവെള്ളം പോലും കിട്ടാക്കനിയായ മലയോരമേഖലയിൽ ജാതി നനയ്ക്കാനും മാർഗമില്ലാതെയായി. കായകൾ പൊഴിഞ്ഞതിനു പിന്നാലെ ഇലകൾ കരിഞ്ഞുണങ്ങാനും തുടങ്ങി.
വർഷങ്ങൾ പഴക്കമുള്ള മരങ്ങളും ഉണങ്ങിക്കരിയുകയാണ്. മഴക്കാലമാകുന്നതോടെ ചൂടേറ്റ മരത്തിന്റെ തായ്ത്തണ്ടിൽ ഫംഗസ് ബാധിക്കാനും കാരണമാകും.
തന്നാണ്ടുകൃഷികൾക്കും ഭീഷണി
മൂലമറ്റം: യഥാസമയം മഴ ലഭിക്കാതെ വന്നതും കാലം തെറ്റിപ്പെയ്യുന്ന മഴയും തന്നാണ്ടുവിളകൾക്ക് കടുത്ത ഭീഷണിയായി മാറുകയാണ്. യഥാസമയം കൃഷിയിറക്കാനോ വിളവെടുക്കാനോ സാധിക്കാത്തതാണ് കർഷകരെ പ്രതിസന്ധിയിലാക്കുന്നത്.
കപ്പ, ചേന, തുടങ്ങിയ കൃഷികൾ നടേണ്ട സമയമാണിത്. സമീപ ദിവസങ്ങളിൽ മാത്രമാണ് കൃഷിക്കാവശ്യമായ മഴ ലഭിച്ചത്. ഇപ്പോഴും മഴ ലഭിക്കാത്ത പ്രദേശങ്ങളുമുണ്ട്. വേനൽമഴ പ്രതീക്ഷിച്ച് കപ്പ ഉൾപ്പെടെയുള്ള കൃഷികൾ നടത്തിയവർ കടുത്ത പ്രതിസന്ധിയിലാണ്.
കടുത്ത ചൂടിൽ കൃഷിക്ക് നാശം സംഭവിച്ചതിനു പുറമേ ശരിയായ വളർച്ചയില്ലാത്തതിനാൽ വിളവെടുപ്പിനെയും സാരമായി ബാധിക്കും. ചൂട് വർധിച്ചതോടെ ഡിസംബർ, ജനുവരി മാസങ്ങളിൽ കൃഷിചെയ്ത നിരവധിപ്പേരുടെ കപ്പക്കൃഷിയും നാശത്തിന്റെ വക്കിലാണ്. രണ്ടും, മൂന്നും തവണ തണ്ട് മാറ്റിനട്ടിട്ടും പ്രയോജനപ്പെടാത്ത സാഹചര്യമാണ്.
കൊക്കോ
രാജകുമാരി: കൊക്കോ കൃഷിയിൽനിന്നു കർഷകർ പിന്നാക്കം പോകുന്നതിനിടെയാണ് അപ്രതീക്ഷിതമായ വിലക്കയറ്റം. ചരിത്രത്തിലെ ഏറ്റവും ഉയർന്ന വിലയാണ് ഇപ്പോൾ ലഭിക്കുന്നത്. എന്നാൽ സീസണല്ലാത്തതിനാൽ ഇപ്പോഴത്തെ വിലവർധന കർഷകർക്ക് പ്രയോജനപ്പെടുന്നില്ല.
വില ഏറ്റവും ഉയർന്നുനിൽക്കുന്നതിനാൽ വിളവ് അൽപ്പംപോലും നഷ്ടപ്പെടുത്താതെ പരമാവധി പ്രയോജനപ്പെടുത്താനുള്ള ശ്രമമാണ് കർഷകർ നടത്തുന്നത്. കടുത്ത വരൾച്ചയിൽ പൂക്കൾ പൊഴിഞ്ഞു പോകുന്നതു ഒഴിവാക്കാൻ തോട്ടങ്ങൾ നനയ്ക്കുകയാണ് ആദ്യപടി.
സൂര്യപ്രകാശം കൂടുതലുള്ള മേഖലകളിൽ കായകൾക്ക് പൊള്ളലേറ്റും നഷ്ടം സംഭവിക്കുന്നുണ്ട്. ചൂട് വർധിക്കുന്നതുമൂലം വിളവും കുറയുകയാണ്. കൊക്കോത്തോട്ടങ്ങളിലെ എലി, അണ്ണാൻ ശല്യവും കർഷകർക്ക് വെല്ലുവിളിയാണ്. ഇവയെ തുരത്താനുള്ള നടപടികൾ പലപ്പോഴും വിജയം കാണാറില്ല. ഇത് ഉത്പാദനത്തെ പിന്നോട്ടടിക്കുകയാണ്.
കൊക്കോയ്ക്ക് കഴിഞ്ഞ രണ്ടു മാസത്തിനിടെ 500 രൂപയുടെ വർധനവാണുണ്ടായത്. കഴിഞ്ഞകാലങ്ങളിൽ ഉത്പാദന ചെലവിന് ആനുപാതികമായ വില ലഭിക്കാതെ വന്നതോടെ പല കർഷകരും കൊക്കോ വെട്ടിമാറ്റി ഏലം കൃഷിയിലേക്ക് തിരിയുകയായിരുന്നു.
പൈനാപ്പിൾ
തൊടുപുഴ: കടുത്ത വരൾച്ച ഗുണകരമായും ദോഷകരമായും ബാധിച്ച കൃഷികളിലൊന്നാണ് പൈനാപ്പിൾ. ചൂട് കൂടിയതോടെ പൈനാപ്പിളിന് വൻ ഡിമാന്ഡാണ് ഇത്തവണയുണ്ടായത്. ഇതോടെ വിലയും ഉയർന്നു. പഴം പൈനാപ്പിളിന് ശരാശരി 45-50 തോതിലായിരുന്നു വിലയെങ്കിൽ പിന്നീടിത് 70നു മുകളിലേക്കുയർന്നു.
പച്ചയ്ക്ക് 50-55 രൂപയും പഴംപൈനാപ്പിളിന് 60-65 രൂപയുമാണ് വില. അതേ സമയം ചൂട് കാലാവസ്ഥ സാമാന്യം ഭേദപ്പെട്ട വില ലഭിക്കാൻ ഇടയാക്കുന്പോൾ ഉണക്ക് ബാധിച്ച് കൃഷി നശിക്കുന്നതും സാധാരണമാണ്. പുതുക്കൃഷി നടത്തുന്ന തോട്ടങ്ങൾക്കാണ് കൂടുതൽ നാശം സംഭവിച്ചിരിക്കുന്നത്. ആദ്യമായി നടുന്ന തൈകൾക്ക് മഴയില്ലാത്തതിനാൽ വേരുപിടിത്തം കുറവായതാണ് ഉണക്ക് ബാധിക്കാൻ പ്രധാന കാരണം.
മഴകുറഞ്ഞതിനാൽ സമയത്ത് വിളവെടുപ്പ് നടക്കാതെ വരികയും ഇത് ഉത്പാദനം കുറയാൻ ഇടയാക്കുകയും ചെയ്തതായി പൈനാപ്പിൾ കർഷകനായ ജോബിഷ് തരണിയിൽ പറഞ്ഞു. ഇതും വില ഉയരാൻ കാരണമായി.
വിളവെടുപ്പിനു പാകമായി വരുന്ന തോട്ടങ്ങളിൽ പൈനാപ്പിളിന് ഉണക്ക് ബാധിക്കാതിരിക്കാൻ പച്ചനെറ്റ് വിരിക്കുകയും ചൂട്ട് ഉപയോഗിച്ച് മൂടുകയുമാണ് കർഷകർ ചെയ്യുന്നത്. ഇവിടെ ആവശ്യമായ ചൂട്ട് ലഭിക്കാത്തതിനാൽ തമിഴ്നാട്ടിൽനിന്നു വൻതുക ചെലവഴിച്ചാണ് ചൂട്ട് തോട്ടങ്ങളിൽ എത്തിച്ചിരുന്നത്. ജലസേചന സൗകര്യം കുറവുള്ള പ്രദേശങ്ങളിലും ഉണക്ക് കാര്യമായി ബാധിച്ചിട്ടുണ്ട്.
റംബുട്ടാൻ
തൊടുപുഴ: റബർകൃഷിയിൽ കൈപൊള്ളിയതോടെയാണ് കർഷകർ റംബുട്ടാൻ കൃഷിയിലേക്ക് തിരിഞ്ഞത്. തകിടം മറിയുന്ന കാലാവസ്ഥ ഇവിടെയും കർഷകനെ ദുരിതത്തിലാക്കുകയാണ്. സമീപനാളിലുണ്ടായ കൊടുംചൂട് റംബുട്ടാൻ കൃഷിക്ക്കനത്ത ആഘാതമാണ് സൃഷ്ടിച്ചത്.
ചുടേറ്റ് പൂക്കൾ കൊഴിയുന്നതും താമസിച്ച് പൂവിടുന്നതുമെല്ലാം വലിയ വെല്ലുവിളിയായി മാറുകയാണ്.
യഥാസമയം കായകളുടെ വളർച്ച നടന്നില്ലെങ്കിൽ മഴക്കാലത്ത് കായപൊഴിച്ചിൽ വർധിക്കുകയും വിളവെടുപ്പ് സമയമാകുന്പോൾ ഉത്പാദനം മൂന്നിലൊന്നായി കുറയുകയും ചെയ്യും.
കഴിഞ്ഞ വർഷം നിരവധികർഷകർക്ക് ഇത്തരത്തിൽ നഷ്ടം സംഭവിച്ചിരുന്നു. റംബുട്ടാന് ചൂട് കാലാവസ്ഥ അനിവാര്യമാണെങ്കിലും ചൂടിന്റെ കാഠിന്യം വർധിച്ചാൽ അതു ദോഷമായി മാറുകയും ചെയ്യും. അനുകൂല കാലാവസ്ഥ ലഭ്യമായില്ലെങ്കിൽ റംബുട്ടാൻ കൃഷിയും കർഷകനു ദുരിതം സമ്മാനിക്കുമോയെന്ന ആശങ്ക സൃഷ്ടിക്കുകയാണ്.
ഏലം
തൊടുപുഴ: ഈർപ്പമുള്ള കാലാവസ്ഥ അനിവാര്യമായ ഏലത്തിന് ഇത്തവണത്തെ കടുത്തചൂട് വലിയ ആഘാതമാണ് സൃഷ്ടിച്ചത്. ജില്ലയിലെ 50 ശതമാനത്തോളം കൃഷിനശിച്ചതായാണ് കണക്ക്. നിലവിൽ 20 ശതമാനത്തോളം ഉത്പാദനം കുറയാൻ സാധ്യതയുള്ളതായി ചൂണ്ടികാണിക്കപ്പെടുന്നു.
ലേലകേന്ദ്രങ്ങളിൽ പ്രതിദിനം ഒരുലക്ഷം കിലോവരെയാണ് ലേലം നടക്കുന്നത്. ഇത് യഥാർത്ഥത്തിൽ റീപൂളിംഗ് മൂലം സംഭവിക്കുന്നതാണെന്നാണ് കർഷകർ പറയുന്നത്. ഇപ്പോഴത്തെ സാഹചര്യത്തിൽ ഏലക്കായ്ക്ക് കൂടിയ വില ലഭിക്കേണ്ടതാണ്.
എന്നാൽ ശരാശരി 1500-1600 തോതിലാണ് നിലവിലെ വില. കൃഷിനാശം സംഭവിച്ച തോട്ടങ്ങളിൽ ആവർത്തനക്കൃഷിക്ക് വൻതുക ചെലവഴിക്കേണ്ട സ്ഥിതിയാണ് കർഷകർക്കുള്ളത്. നേരത്തേ ബാങ്ക് വായ്പയെടുത്തും കടംവാങ്ങിയുമാണ് കൃഷിയിറക്കിയത്.
ഒരേക്കറിൽ കൃഷിയിറക്കണമെങ്കിൽ കുറഞ്ഞത് മൂന്നരലക്ഷത്തോളം രൂപ ചെലവു വരും. ഇതനുസരിച്ച് ലക്ഷക്കണക്കിനു രൂപ ചെലവഴിച്ചാണ് കൃഷിയിറക്കുന്നത്. ഈ സാഹചര്യത്തിൽ ബാങ്ക് വായ്പകൾക്ക് മോറട്ടോറിയം പ്രഖ്യാപിക്കണമെന്നാണ് വണ്ടൻമേട് കാർഡമം ഗ്രോവേഴ്സ് അസോസിയേഷൻ സെക്രട്ടറി ഷൈൻ വർഗീസിന്റെ ആവശ്യം.