സഹായ മെത്രാൻ ജസ്റ്റിൻ മഠത്തിൽപറന്പിലിന് സ്വീകരണം നൽകി
1418037
Monday, April 22, 2024 3:30 AM IST
മൂന്നാർ: മതസൗഹാർദത്തിന്റെ ഏറ്റവും ഉത്തമമായ മാതൃകയായ മൂന്നാറിന്റെ വളർച്ചയിൽ മൗണ്ട് കാർമൽ ബസലിക്ക വഹിച്ച പങ്ക് വലുതാണെന്ന് വിജയപുരം രൂപത സഹായ മെത്രാൻ റൈറ്റ് റവ. ഡോ. ജസ്റ്റിൻ മഠത്തിൽപറന്പിൽ. നിർധനരായ വിദ്യാർഥികൾക്ക് വിദ്യാഭ്യാസ സൗകര്യം ഒരുക്കിക്കൊടുക്കുന്നതിന് പ്രാധാന്യം നൽകണമെന്നും അദ്ദേഹം പറഞ്ഞു.
വിജയപുരം സഹായ മെത്രാനായി അഭിഷേകം ചെയ്യപ്പെട്ടതിനു ശേഷം മൂന്നാർ ബസിലിക്കയുടെ നേതൃത്വത്തിൽ വിശ്വാസികൾ നൽകിയ സ്വീകരണ ചടങ്ങിൽ പ്രസംഗിക്കുകയായിരുന്നു അദ്ദേഹം.
മൂന്നാർ മൗണ്ട് കാർമൽ ദേവാലയത്തിൽ നടന്ന ദിവ്യബലിയിൽ ബിഷപ് മുഖ്യകാർമികത്വം വഹിച്ചു. പാരിഷ് കൗണ്‍സിൽ സെക്രട്ടറി നികേഷ് ഐസക് സ്വീകരിച്ചു. മദർ സുപ്പീരിയർ സിസ്റ്റർ റോസിലി സേവ്യർ വചന ഗ്രന്ഥം കൈമാറി.
ചടങ്ങിൽ ബസലിക്ക റെക്ടർ ഫാ. മൈക്കിൾ വലയിഞ്ചിയിൽ അധ്യക്ഷത വഹിച്ചു. ഫാ. ജിതിൻ കാപ്പിൽ, കെഡിഎച്ച്പി കന്പനി മാനേജിംഗ് ഡയറക്ടർ മാത്യു ഏബ്രഹാം, മർച്ചന്റ് അസോസിയേഷൻ പ്രസിഡന്റ് ബാബുലാൽ, വ്യാപാരി സമിതി പ്രസിഡന്റ് ജാഫർ എന്നിവർ പ്രസംഗിച്ചു.