കനാലിൽ കുളിക്കാനിറങ്ങിയ യുവാവ് മരിച്ചു
1416859
Wednesday, April 17, 2024 2:56 AM IST
കരിമണ്ണൂർ: സുഹൃത്തുക്കൾക്കൊപ്പം കനാലിൽ കുളിക്കാനിറങ്ങിയ യുവാവ് മുങ്ങി മരിച്ചു. ഉടുന്പന്നൂർ ഓലിക്കാമറ്റം വെള്ളന്താനം മഠത്തിൽ ചന്ദ്രന്റെ മകൻ അഖിൽ (27)ആണ് മരിച്ചത്. ഇന്നലെ വൈകുന്നേരം അഞ്ചരയോടെ പുതുപ്പരിയാരം ഇടതുകര കനാലിലായിരുന്നു അപകടം.
അമരംകാവിനു സമീപം പുളിഞ്ചോട് കടവിൽ രണ്ട് സുഹൃത്തുക്കൾക്കൊപ്പം കുളിക്കാനിറങ്ങിയതായിരുന്നു അഖിൽ. ഇതിനിടെ ഒഴുക്കിൽപ്പെടുകയായിരുന്നു. മറ്റൊരു കടവിൽ കുളിച്ചുകൊണ്ടിരുന്നവർ ഓടിയെത്തി അഖിലിനെ പുറത്തെടുത്ത് തൊടുപുഴയിലെ സ്വകാര്യ ആശുപത്രിയിലെത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല.
പാലായിൽ ഇവന്റ് മാനേജ്മെന്റ് സ്ഥാപനം നടത്തുകയായിരുന്നു അഖിൽ. തൊടുപുഴ ജില്ലാ ആശുപത്രിയിൽ സൂക്ഷിച്ചിരിക്കുന്ന മൃതദേഹം ഇന്ന് പോസ്റ്റുമോർട്ടത്തിനു ശേഷം ബന്ധുക്കൾക്ക് വിട്ടു നൽകും. അമ്മ: ലീല. സഹോദരി: അശ്വതി.