നവകേരള സദസ് ഇടുക്കിക്ക് കുതിക്കണം; അതിനു വഴിതുറക്കുമോ?
1377144
Sunday, December 10, 2023 12:30 AM IST
തൊടുപുഴ: കുടിയേറ്റ കർഷകന്റെ കഠിനാധ്വാനത്തിന്റെയും ത്യാഗത്തിൽ ചാലിച്ചെടുത്ത ജീവിതത്തിന്റെയും പിൻബലത്തിൽ വളർന്നുവന്ന ജില്ലയാണ് ഇടുക്കി. വന്യമൃഗങ്ങളോടും പ്രതികൂല സാഹചര്യങ്ങളോടും പടപൊരുതി ചോരനീരാക്കിയ തലമുറകൾക്ക് വലിയ സ്വപ്നങ്ങളുണ്ടായിരുന്നു.
ചാണകം മെഴുകിയ തറയിൽ പായവിരിച്ച് കിടന്നപഴയ കാലമല്ലിത്. പുതിയ അവസരങ്ങളും സാധ്യതകളും തേടുന്ന കാലമാണിത്.പ്രതീക്ഷകൾക്ക് മങ്ങലേറ്റാൽ പുതുതലമുറ ഇവിടെ നിൽക്കില്ല. പ്ലസ്ടു കഴിഞ്ഞാൽ ഉന്നതവിദ്യഭ്യാസവും തൊഴിലും തേടി വിദേശത്തേക്ക് ചേക്കേറുകയാണ് അവർ.
ആദ്യകാലങ്ങളിൽ ഗൾഫിലേക്ക് ജോലി തേടിപ്പോയവർ ഏതാനും വർഷം കഴിഞ്ഞ് നാട്ടിൽ തിരിച്ചെത്തിയിരുന്നെങ്കിൽ ഇന്നു സ്ഥിതി മാറി. നാടുവിട്ടവർ ഇവിടേക്കില്ലെന്ന ഉറച്ചതീരുമാനത്തിലാണ്.
പുതുതലമുറയെ മറക്കരുത്
യുവജനങ്ങളുടെ കൊഴിഞ്ഞ്പോക്ക് മൂലം ജില്ലയ്ക്കുണ്ടാകുന്ന ബൗദ്ധിക-കർമശേഷിയിലെ ചോർച്ച തടയാൻ അധികാരികൾ ശ്രദ്ധ ചെലുത്തിയേ മതിയാകൂ. കൃഷികൊണ്ട് ജീവിക്കാനാവില്ലെന്ന ചിന്തയാണ് ഇന്നു പലർക്കുമുള്ളത്. ഇതിനു മാറ്റം ഉണ്ടാകണമെങ്കിൽ കർഷക അനുകൂല സമീപനം ഭരണാധികാരികൾക്കുണ്ടാകണം. ഇവിടെ ഉത്പാദിപ്പിക്കുന്ന വിളകൾക്ക് ഉയർന്ന വില ലഭിക്കാനും മൂല്യവർധിത ഉത്പന്നങ്ങളുടെ നിർമാണത്തിന് കൈയയച്ച് ജനങ്ങളെ സഹായിക്കാനും സർക്കാർ തയാറാകണം.
വന്യമൃഗങ്ങൾ നാട്ടിലിറങ്ങി കൃഷി നശിപ്പിക്കുന്ന സാഹചര്യം ഇല്ലാതാകണം. അഭിമാനത്തോടെ തൊഴിൽ ചെയ്ത് ജീവിക്കാൻ കഴിയുന്ന സാഹചര്യവും കൂടുതൽ തൊഴിൽ അവസരങ്ങളും സൃഷ്ടിക്കപ്പെടുകയും വേണം. എങ്കിലേ പുതുതലമുറയെ ഇവിടെ പിടിച്ചുനിർത്താനാകൂ. ഇടുക്കിയെ പുതിയ തൊഴിലവസരങ്ങൾ പ്രദാനം ചെയ്യുന്ന ഹബ്ബാക്കി മാറ്റാൻ കഴിയണം.
അങ്കമാലി-ശബരിപാത
ഇടുക്കി ജില്ലയിൽ ട്രെയിൻ ഗതാഗതത്തിനു വഴിതെളിക്കുന്നതും സംസ്ഥാനത്തിനകത്തും പുറത്തുനിന്നും ആയിരകണക്കിനു ശബരിമല തീർഥാടകർക്ക് ഗുണകരമായി മാറുന്നതുമായ അങ്കമാലി-ശബരിപാത യാഥാർഥ്യമാക്കാൻ അടിയന്തര നടപടിവേണം.
നിർദിഷ്ട പാതയ്ക്കായി കല്ലിട്ട് തിരിച്ചിട്ടുള്ള ഭൂഉടമകൾ അനുഭവിക്കുന്ന ദുരിതത്തിന് പരിഹാരം ഉണ്ടായേ മതിയാകൂ. ഭൂമി ഏറ്റെടുത്ത് ഉടമകൾക്ക് നഷ്ടപരിഹാരം വിതരണം ചെയ്യാനും പാത യാഥാർഥ്യമാക്കാനും സർക്കാർ സമ്മർദം ചെലുത്തണം. പാതയുടെ പുതുക്കിയ 3,810 കോടിയുടെ എസ്റ്റിമേറ്റ് കേന്ദ്ര റെയിൽവേ ബോർഡിന് സമർപ്പിക്കുന്പോൾ സർക്കാർ തുടർ നടപടി സ്വീകരിക്കണം.
ഉടുന്പന്നൂർ-ഇടുക്കി റോഡ്
ടെൻഡർ നടപടികളിലേക്ക് കടന്ന ഉടുന്പന്നൂർ-കൈതപ്പാറ-മണിയാറൻകുടി റോഡ് യാഥാർഥ്യമാക്കാൻ സർക്കാരിന്റെ അടിയന്തര ഇടപെടലുണ്ടാകണം. റോഡിനായി വിട്ടുനൽകേണ്ട വനഭൂമിക്കു പകരം റവന്യുഭൂമി നൽകാനുള്ള നടപടികൾ ഒച്ചിന്റെ വേഗതയിൽ ഇഴയുകയാണ്.
റോഡിന്റെ പൂർത്തീകരണത്തിനായി കാത്തിരിപ്പ് തുടങ്ങിയിട്ട് പതിറ്റാണ്ടുകളായി. തൊടുപുഴയിൽ നിന്നു ജില്ലാ ആസ്ഥാനത്തേക്ക് കുറഞ്ഞദൂരത്തിൽ എത്താൻ കഴിയുന്നതും കൂടുതൽ സുരക്ഷിതവുമായ റോഡാണിത്. അനാവശ്യ തടസവാദങ്ങൾ ഉന്നയിച്ച് റോഡ് നിർമാണം തടസപ്പെടുത്താൻ ശ്രമിക്കുന്ന വനംവകുപ്പിനെ നിലയ്ക്കുനിർത്താനും സർക്കാരിനു കഴിയണം.
മൂവാറ്റുപുഴ-തേനി സംസ്ഥാന പാത
രാജ്യത്തിന്റെ സുവർണജൂബിലി സ്മാരകമായി പ്രഖ്യാപിച്ച മൂവാറ്റുപുഴ-തേനി സംസ്ഥാന പാതയുടെ രണ്ടാംഘട്ട നിർമാണം ആരംഭിക്കാൻ വൈകുകയാണ്. പെരുമാങ്കണ്ടം മുതൽ കോട്ടക്കവല മുസ്ലിം പള്ളിവരെയുള്ള ഭാഗം അളന്നുതിരിച്ച് ഭൂമി ഏറ്റെടുക്കാനുള്ള നടപടികൾ എങ്ങുമെത്താത്തതാണ് പ്രധാന തടസം.
പാത പൂർത്തീകരിക്കണമെന്നാവശ്യപ്പെട്ട് മൂവാറ്റുപുഴ-തേനി ഹൈവേ പുനർനിർമാണ സെൻട്രൽ ആക്ഷൻ കമ്മിറ്റിയുടെ നേതൃത്വത്തിൽ നിരവധി നിവേദനങ്ങൾ സമർപ്പിച്ചിട്ടും ഉദ്യോഗസ്ഥരുടെ അനാസ്ഥയും സർക്കാരിന്റെ ഇച്ഛാശക്തിയില്ലായ്മയും മൂലം നടപടിഇഴയുകയാണ്. ജർമൻ സാന്പത്തിക സഹായത്തോടെ പാതയുടെ ഒന്നാംഘട്ടമായ മൂവാറ്റുപുഴ ചാലിക്കടവ് പാലം മുതൽ പെരുമാങ്കണ്ടം വരെയുള്ള നിർമാണം ഉടൻ പൂർത്തിയാകും.
തലയെടുപ്പ് പോരാ, സൗകര്യം ഒരുക്കണം
മലയോര ജില്ലയ്ക്ക് സ്വന്തമായി മെഡിക്കൽ കോളജ് അനുവദിച്ചപ്പോൾ ജനങ്ങൾ ഏറെ പ്രതീക്ഷയിലായിരുന്നു. വർഷങ്ങൾ പിന്നിട്ടിട്ടും അടിസ്ഥാന സൗകര്യവികസനം പൂർത്തിയായിട്ടില്ല. 120 ഡോക്ടർമാർ വേണ്ടപ്പോൾ 51 പേർ മാത്രമാണുള്ളത്. ഡയാലിസിസ് യൂണിറ്റ് ഇവിടെ തുടങ്ങിയെങ്കിലും നെഫ്രോളജി ഡോക്ടറുടെ സേവനം ഇവിടെ ലഭ്യമല്ല. ഈ ഡോക്ടറുടെ അഭാവത്തിലാണ് ഇവിടെ ഡയാലിസിസ് സെന്റർ പ്രവർത്തിക്കുന്നത്.
പ്രൗഢഗംഭീരമായ കെട്ടിട സമുച്ചയം ഉണ്ടെങ്കിലു സൂപ്പർസ്പെഷാലിറ്റി വിഭാഗങ്ങൾ ആരംഭിക്കാനായിട്ടില്ല. രണ്ടുബാച്ചുകളിലായി 200 മെഡിക്കൽ വിദ്യാർഥികളും 60 നഴ്സിംഗ് വിദ്യാർഥികളും പഠിക്കുന്ന കോളജിൽ ഇവർക്കാവശ്യമായ ഹോസ്റ്റൽ, ലാബ് സൗകര്യം എന്നിവ പരിമിതമാണ്. ചികിൽസാ സൗകര്യങ്ങളുടെ അഭാവം മൂലം മറ്റുമെഡിക്കൽ കോളജുകളേയൊ സ്വകാര്യ ആശുപത്രികളേയോ ആശ്രയിക്കേണ്ട അവസ്ഥയാണ് ഇടുക്കിയിലെ ജനങ്ങൾക്കുള്ളത്.
ഇടുക്കി പാക്കേജ്
ജില്ലയുടെ സർവതോമുഖ വികസനത്തിനായി സർക്കാർ പലഘട്ടങ്ങളിലായി പ്രഖ്യാപിച്ച ഇടുക്കി പാക്കേജ് അതിന്റെ പൂർണതയിൽ നടപ്പാക്കണം. കാർഷിക, ടൂറിസം, സ്വയം തൊഴിൽ മേഖലകൾക്ക് ഉൗന്നൽ നൽകിയാണ് പാക്കേജ് തയാറാക്കിയിരുന്നത്. ഇവയിൽ ചിലത് നടപ്പാക്കിയെങ്കിലും ഭൂരിഭാഗം പദ്ധതികളും ഇനിയും വെളിച്ചം കണ്ടിട്ടില്ല.
പ്രളയവും ഉരുൾപൊട്ടലും മൂലം തകർന്നടിഞ്ഞ ജില്ലയ്ക്കായി സർക്കാർ കൊണ്ടുവന്ന റീ ബിൽഡ് കേരള പദ്ധതിയിൽ ചില റോഡുകളുടെ നിർമാണം തുടങ്ങിവച്ചെങ്കിലും പലതും പാതി വഴിയിലാണ്. ഇടുക്കി പാക്കേജ് പൂർണമായും നടപ്പായാൽ തകർച്ച നേരിടുന്ന കാർഷികമേഖലയ്ക്ക് ഉത്തേജനം പകരാനാകും. ഇക്കാര്യത്തിൽ സർക്കാരിന്റെ അടിയന്തര ശ്രദ്ധയുണ്ടാകണം.
ഭൂപ്രശ്നങ്ങൾ
ജില്ലയുടെ രൂപീകരണകാലത്തോളം പഴക്കമുണ്ട് ഇവിടുത്തെ ഭൂ പ്രശ്നങ്ങൾക്ക്. ഇടതു-വലതു സർക്കാരുകൾ മാറിമാറി ഭരിച്ചിട്ടും പ്രശ്നങ്ങൾക്ക് ശാശ്വതപരിഹാരം കാണാൻ ഇനിയും കഴിഞ്ഞിട്ടില്ല. ഭൂപതിവ് ഭേദഗതിയിലൂടെ മലയോരജനത അനുഭവിക്കുന്ന ദുരിതത്തിന് അറുതിവരുത്താമെന്ന പ്രതീക്ഷയിലാണ് സർക്കാർ.
എന്നാൽ വനഭൂമിയും റവന്യുഭൂമിയും കൃത്യമായി നിർണയിച്ച സ്ഥലങ്ങളിൽ കർഷകർക്ക് അവരുടെ ഭൂമിയിൽ പൂർണ സ്വാതന്ത്ര്യം ലഭ്യമാക്കണം. ഗ്രോ മോർ ഫുഡ് പദ്ധതി പ്രകാരം കുടിയിരുത്തിയ കർഷകരെകൈയേറ്റക്കാരായി ചിത്രീകരിച്ച് സ്വന്തം ഭൂമിയിൽനിന്ന് ഇറക്കിവിടാൻ ശ്രമിക്കുന്ന ഉദ്യോഗസ്ഥനെതിരെ കേസെടുത്ത് നിയമനടപടിയുമായി സർക്കാർ മുന്നോട്ടുപോകണം.
വന്യമൃഗശല്യം
ജില്ലയിൽ വന്യമൃഗശല്യം വർധിച്ചുവരികയാണ്. ഇതിനു പരിഹാരം കാണാൻ കഴിഞ്ഞിട്ടില്ല. കാട്ടാനയുൾപ്പെടെയുള്ള വന്യമൃഗങ്ങൾ കൃഷിയിടത്തിലിറങ്ങി വിളകൾ നശിപ്പിക്കുന്പോൾ കർഷകനു നോക്കിനിൽക്കാനേ കഴിയുന്നുള്ളൂ. ആന, പുലി, പന്നി, കുരുങ്ങ്, മയിൽ, കാട്ടുപോത്ത്, മാൻ തുടങ്ങിയവയുടെ ശല്യം മൂലം പൊറുതിമുട്ടിയ കർഷകർ പലായനം ചെയ്യേണ്ട സ്ഥിതിയാണ്.
കാട്ടുപന്നിശല്യം ഒഴിവാക്കുന്നതിനുള്ള നടപടികൾ എല്ലാ പഞ്ചായത്തുകളും കാര്യക്ഷമതയോടെ ഏറ്റെടുക്കണം. വന്യജീവി ആക്രമണത്തിൽ മരണമടയുന്ന ആളുകളുടെ കുടുംബത്തിന് പരമാവധി 10 ലക്ഷം രൂപയാണ് നൽകുന്നത്. പരിക്കേറ്റാൽ രണ്ടുലക്ഷവും നൽകും. ഈ തുക വർധിപ്പിക്കണം.
ശീതകാല വിളകൾക്കും താങ്ങുവില വേണം
ശീതകാല വിളകളെ പ്രോൽസാഹിപ്പിക്കുന്നതിനായി വിഎഫ്പിസികെയും ഹോർട്ടികോർപ്പും കൃഷിവകുപ്പും ആവിഷ്കരിക്കുന്ന പദ്ധതികൾ കർഷകർക്ക് വലിയ പ്രയോജനം ചെയ്യുന്നില്ല. പച്ചക്കറി കർഷകർക്ക് ഉത്പന്നങ്ങൾക്ക് ന്യായവില ലഭിക്കുന്നില്ല. സംഭരണ, വിപണന സംവിധാനം അപര്യാപ്തമാണ്.
16 ഇനങ്ങൾക്ക് താങ്ങുവില നൽകാൻ പദ്ധതിയുണ്ടെങ്കിലും ഇതൊന്നും നടപ്പാകുന്നില്ല. ഹോർട്ടികോർപ്പ് വിഎഫ്പിസികെ വഴി ശേഖരിക്കുന്ന വിളകൾക്ക് യഥാസമയം പണം നൽകണം. നിലവിൽ ലക്ഷങ്ങൾ കുടിശികയാണ്.
എന്നു മാറ്റും ഈ താരിഫ് വില
വെള്ളിയാമറ്റം വില്ലേജിലെ ഭൂമിയുടെ താരിഫ് വില കേട്ടാൽ ആരും നടുങ്ങും. ഏക്കറിന് 60 ലക്ഷം മുതൽ മുകളിലേക്കാണ് താരിഫ്. റോഡ് സൗകര്യം പോലുമില്ലാത്ത ഭൂമിക്കാണ് അന്യായമായ താരിഫ് ചുമത്തിയിരിക്കുന്നത്. ഏറെ വികസിച്ച സമീപപഞ്ചായത്തുകളിൽ പോലും ഇതിന്റെ നാലിലൊന്നു വിലപോലുമില്ല.
ആദിവാസികളും സാധാരണക്കാരും അധിവസിക്കുന്ന ഇവിടെ ഭൂമിക്ക് ഈടാക്കുന്ന ഉയർന്ന താരിഫ് വിലമൂലം ഭൂമിയുടെ ക്രയവിക്രയം നിലച്ച സ്ഥിതിയാണ്. ഇതുമൂലം വിദ്യാഭ്യാസം, വിവാഹം, ചികിൽസ, ഭവനനിർമാണം തുടങ്ങിയവ തടസപ്പെട്ടിരിക്കുകയാണ്.
താരിഫ് വില കുറയ്ക്കണമെന്നാവശ്യപ്പെട്ട് പ്രദേശവാസികൾ നടത്തുന്ന സമരം സർക്കാർ ഇനിയും കണ്ടില്ലെന്നു നടിക്കരുത്. വെള്ളിയാമറ്റം പഞ്ചായത്ത് പ്രസിഡന്റിന്റെ നേതൃത്വത്തിൽ താരിഫ് വിലകുറയ്ക്കണമെന്നാവശ്യപ്പെട്ട് വകുപ്പ് മന്ത്രിക്ക് കത്ത് നൽകിയിരുന്നു. ഇതേ തുടർന്നു മന്ത്രി നിജസ്ഥിതി റിപ്പോർട്ട് ആവശ്യപ്പെട്ടതനുസരിച്ച് കർഷകർക്ക് അനുകൂലമായ റിപ്പോർട്ട് നൽകിയിട്ടു മാസങ്ങൾ കഴിഞ്ഞിട്ടും നടപടിയില്ല.
നേരത്തേ മുഖ്യമന്ത്രി ജില്ലയിലെത്തിയപ്പോഴും ഇക്കാര്യം ചൂണ്ടിക്കാട്ടി നാട്ടുകാർ നിവേദനം നൽകിയിരുന്നു. ഇടത്തരം കുടുംബങ്ങൾ അധിവസിക്കുന്ന പ്രദേശത്തെ ഭൂമിയുടെ ഉയർന്ന താരിഫ് വിലകുറയ്ക്കാൻ ഒട്ടുംവൈകിക്കൂടാ.
പച്ചപ്പ് പ്രകൃതിക്കു പോരാ, ടൂറിസം പദ്ധതിക്കും വേണം
പ്രകൃതിയുടെ വരദാനമായ ഇടുക്കി ജില്ലയിലെ ടൂറിസം സാധ്യതകൾ കണ്ടെത്തി ആവശ്യമായ പദ്ധതികൾക്ക് രൂപം നൽകാൻ ഡിടിപിസിയും ടൂറിസം വകുപ്പും ഒരുനിമിഷം വൈകരുത്. ജില്ലയിലെത്തുന്നവിനോദസഞ്ചാരികളുടെ എണ്ണം വർധിക്കുന്പോഴും അടിസ്ഥാന സൗകര്യമില്ലാത്തത് ഇവിടെയെത്തുന്നവരെ വലയ്ക്കുന്നു.
മൂന്നാർ, വാഗമണ്, തേക്കടി, ഇടുക്കി, മലങ്കര എന്നിവിടങ്ങളിൽ കൂടുതൽ ടൂറിസം പദ്ധതികൾ ആരംഭിക്കണം. വാഗമണ്ണിൽ ആരംഭിച്ച ഗ്ലാസ് ബ്രിഡ്ജ് പദ്ധതിയുടെ മാതൃകയിൽ പുതിയപുതിയ പദ്ധതികൾ ഓരോ സ്ഥലത്തിനും അനുയോജ്യമായ രീതിയിൽ നടപ്പാക്കിയാൽ സഞ്ചാരികൾ കൂടുതലായി ഒഴുകിയെത്തും.
സാഹസിക ടൂറിസം, അഗ്രിടൂറിസം, പിൽഗ്രിം ടൂറിസം, ഹെൽത്ത് ടൂറിസം, മണ്സൂണ് ടൂറിസം എന്നിങ്ങനെ എല്ലാ സാധ്യതകളും പ്രയോജനപ്പെടുത്താൻ ഉതകുന്ന പദ്ധതികളാണ് നടപ്പാക്കേണ്ടത്.
പ്ലാൻ പോരാ, പദ്ധതികൾ നടപ്പാക്കണം
മൂലമറ്റം-കോട്ടമല റോഡ് ഒന്നരകിലോമീറ്റർ കൂടി പൂർത്തിയായാൽ ജില്ലയിലെ ഗതാഗത കാർഷിക ടൂറിസം രംഗത്ത് വലിയ കുതിച്ചുചാട്ടമുണ്ടാകും. അറക്കുളം അശോകക്കവല മുതൽ മൂലമറ്റം വരെയുള്ള റോഡ് ബിഎംബിസി നിലവാരത്തിൽ പൂർത്തീകരിക്കാൻ നടപടി തുടങ്ങിയിട്ടും വഞ്ചി ഇപ്പോഴും തിരുനക്കരെത്തന്നെ.
ഏഷ്യയിലെ ഏറ്റവും വലിയ ഭൂഗർഭ നിലയം സ്ഥിതചെയ്യുന്ന മൂലമറ്റം പവർഹൗസിലേക്കുള്ള ഈ റോഡ് അടിയന്തരമായി നിർമാണം ആരംഭിക്കണം. മൂലമറ്റം എകെജിയിൽ തൂക്കുപാലം നിർമിച്ച് മൂന്നുങ്കവയൽ, കൂവപ്പള്ളി ഇലവീഴാപൂഞ്ചിറ വഴി ഈരാറ്റുപേട്ടയ്ക്ക് ബസ് സർവീസ് ആരംഭിച്ചാൽ ഗതാഗതരംഗത്തും ടൂറിസം മേഖലയിലും വലിയ മാറ്റമുണ്ടാകും.