കപ്പിൽ മുത്തമിട്ട് തൊടുപുഴ; കിരീടം ചൂടി കൂന്പൻപാറ
1376868
Friday, December 8, 2023 11:57 PM IST
കട്ടപ്പന: നാല് രാപ്പകലുകൾ കലയുടെ മാമാങ്കം തീർത്ത റവന്യൂ ജില്ലാ സ്കൂൾ കലോത്സവത്തിന് തിരശീല വീണപ്പോൾ വീണ്ടും ഓവറോൾ കിരീടത്തിൽ മുത്തമിട്ട് തൊടുപുഴ ഉപജില്ല. കഴിഞ്ഞ തവണയും തൊടുപുഴ ഉപജില്ലയ്ക്കായിരുന്നു കിരീടം.
യുപി, ഹൈസ്കൂൾ, ഹയർസെക്കൻഡറി വിഭാഗങ്ങളിൽ ആകെ 935 പോയിന്റ് നേടിയാണ് തൊടുപുഴ കിരീടം ചൂടിയത്. മൂന്നു വിഭാഗങ്ങളിൽ നിന്നായി 827 പോയിന്റ് നേടി കട്ടപ്പന ഉപജില്ല രണ്ടാം സ്ഥാനം കരസ്ഥമാക്കി. 785 പോയിന്റ് നേടിയ നെടുങ്കണ്ടം ഉപജില്ലയ്ക്കാണ് മൂന്നാം സ്ഥാനം.
സ്കൂൾ തലത്തിൽ യുപി, ഹൈസ്കൂൾ, ഹയർസെക്കൻഡറി വിഭാഗങ്ങളിൽ 247 പോയിന്റ് നേടി കൂന്പൻപാറ ഫാത്തിമ മാതാ ജിഎച്ച്എസ്എസ് ഓവറോൾ കിരീടം നിലനിർത്തി. 206 പോയിന്റ് നേടിയ കുമാരമംഗലം എംകഐൻഎംഎച്ച്എസ്എസിനാണ് രണ്ടാം സ്ഥാനം. 204 പോയിന്റ് നേടിയ കല്ലാർ ജിഎച്ച്എസ്എസ് മൂന്നാമതെത്തി.
അപ്പീൽ പ്രളയം
കട്ടപ്പന: മുൻ വർഷത്തേക്കാൾ ഈ വർഷം അപ്പീലുകളുടെ എണ്ണം കൂടി . ഈ വർഷം വിവിധ ഇനങളിൽ 60 അപ്പീലുകൾ കമ്മിറ്റിയുടെ പരിഗണനക്കെത്തി. തിരുവാതിര മത്സരത്തിലാണ്
ഏറ്റവും കൂടുതൽ അപ്പീലുള്ളത്. നാലെണ്ണമാണ് ലഭിച്ചത്.
ഒപ്പന , ഓട്ടൻ തുള്ളൽ എന്നി ഇനങ്ങളിൽ മുന്ന് അപ്പീൽ എത്തി. കഴിഞ്ഞ വർഷം 37 അപ്പീലാണ് ഉണ്ടായിരുന്നത്. ഇതിൽ അഞ്ചെണ്ണമാണ് പരിഗണിച്ചത്.