ശക്തമായ മഴയിൽ വീട് തകർന്നു
1339789
Sunday, October 1, 2023 11:25 PM IST
കട്ടപ്പന: കാഞ്ചിയാർ കോഴിമലയിൽ ശക്തമായ മഴയെ തുടർന്ന് വീട് പൂർണമായി തകർന്നു വീണു. കോഴിമല അമ്പലഭാഗം കാക്കനാട് സുമേഷ് ഫിലിപ്പിന്റെ വീടാണ് ഇടിഞ്ഞുവീണത്. ആദ്യം അടുക്കള ഭാഗം തകർന്നതോടെ വീട്ടിലുണ്ടായിരുന്നവർ ഓടി പുറത്തേക്ക് ഇറങ്ങി. ഉടൻതന്നെ വീട് പൂർണമായും തകർന്നു വീഴുകയായിരുന്നു.
സംഭവ സമയം സുമേഷും ഭാര്യ ആതിരയും ഒന്നര വയസും മൂന്നര വയസും പ്രായമായ കുട്ടികളുമാണ് വീട്ടിൽ ഉണ്ടായിരുന്നത്. മഴയിൽ വീടിന്റെ മേൽക്കൂരയും ഭിത്തികളും പൂർണമായും നിലംപതിച്ചു. വീട്ടിലെ ഉപകരണങ്ങളും നശിച്ചു.
മേഖലയിൽ ശക്തമായ മഴയാണ് ഇപ്പോഴും തുടരുന്നത്. വീടു തകർന്നതോടെ ബാക്കിയായ സാധനസാമഗ്രികളുമായി സമീപത്തെ ഷെഡിലേക്ക് പിഞ്ചുകുഞ്ഞുങ്ങളുമായി മാറിയിരിക്കുകയാണ് ഈ കുടുംബം.
അടിയന്തരമായി ഇവർക്ക് പുനരധിവാസമുൾപ്പെടെയുള്ള സൗകര്യങ്ങൾ ഒരുക്കണമെന്ന് നാട്ടുകാർ ആവശ്യപ്പെട്ടു.