റവന്യു ജില്ലാ സ്കൂൾ ജൂഡോ: നെടുങ്കണ്ടം ഉപജില്ല ചാമ്പ്യന്മാർ
1339479
Saturday, September 30, 2023 11:44 PM IST
നെടുങ്കണ്ടം: ഇടുക്കി റവന്യു ജില്ലാ സ്കൂൾസ് ജൂഡോ ചാമ്പ്യൻഷിപ്പിൽ നെടുങ്കണ്ടം ഉപജില്ല ഓവറോൾ ചാന്പ്യന്മാരായി. ഡിസ്ട്രിക്ട് സ്പോർട്സ് അക്കാഡമി റണ്ണേഴ് അപ്പും കട്ടപ്പന ഉപജില്ല മൂന്നാം സ്ഥാനവും കരസ്ഥമാക്കി.
സബ് ജൂണിയർ, ജൂണിയർ വിഭാഗങ്ങളിൽ നെടുങ്കണ്ടം ഉപജില്ല ഒന്നാം സ്ഥാനത്തെത്തിയപ്പോൾ സീനിയർ വിഭാഗത്തിൽ ഡിസ്ട്രിക്ട് സ്പോർട്സ് അക്കാഡമി ഒന്നാം സ്ഥാനം നിലനിർത്തി. സബ് ജൂണിയർ വിഭാഗത്തിൽ കട്ടപ്പന ഉപജില്ലയ്ക്കാണ് രണ്ടാം സ്ഥാനം.
നെടുങ്കണ്ടം സ്പോർട്സ് കമ്പനി ഓഡിറ്റോറിയത്തിൽ നടന്ന ചാമ്പ്യൻഷിപ്പ് ജില്ലാ ജൂഡോ അസോസിയേഷൻ പ്രസിഡന്റ് എം.എൻ. ഗോപി ഉദ്ഘാടനം ചെയ്തു.
ഉപജില്ലാ സ്കൂൾ സ്പോട്സ് ആൻഡ് ഗയിംസ് അസോസിയേഷൻ സെക്രട്ടറി കിഷോർ ഗോപിനാഥ് അധ്യക്ഷത വഹിച്ചു. സ്പോർട്സ് കൗൺസിൽ ജൂഡോ കോച്ച് മരിയാ ലീ, കായികാധ്യാപകരായ റെയ്സൺ പി. ജോസഫ്, സൈജു ചെറിയാൻ തുടങ്ങിയവർ പ്രസംഗിച്ചു.
മത്സരത്തിൽ ഒന്നാം സ്ഥാനം കരസ്ഥമാക്കിയവർ തൃശൂരിൽ നടക്കുന്ന സംസ്ഥാന ചാമ്പ്യൻഷിപ്പിൽ ഇടുക്കി റവന്യു ജില്ലയെ പ്രതിനിധീകരിക്കും. 38 അംഗ ജില്ലാ ടീമാണ് ഇക്കുറി ജില്ലയെ പ്രതിനിധീകരിക്കുന്നത്.