അറക്കുളം 12-ാം മൈലിൽ കലുങ്ക് അപകടാവസ്ഥയിൽ
1338821
Wednesday, September 27, 2023 11:31 PM IST
അറക്കുളം: മൂലമറ്റം-തൊടുപുഴ റോഡിൽ 12-ാം മൈലിനു സമീപമുള്ള കലുങ്ക് അപകടാവസ്ഥയിൽ.
ഇടുക്കി പദ്ധതിയുടെ നിർമാണ വേളയിൽ വൈദ്യുതി ബോർഡ് നിർമിച്ച കലുങ്ക് പിന്നീട് പൊതുമരാമത്ത് വകുപ്പിന് വിട്ടുകൊടുക്കുകയായിരുന്നു. നിർമാണത്തിനു ശേഷം ഇതുവരെ യാതൊരു അറ്റകുറ്റപ്പണികളും നടത്തിയിട്ടില്ല.
കാലവർഷത്തിലെ മലവെള്ളപ്പാച്ചിലിൽ കലുങ്കിന്റെ അടിഭാഗത്തെ കല്ലുകൾ ഇളകി മാറി കോണ്‍ക്രീറ്റ് തകർന്ന് അപകടാവസ്ഥയിലായിരിക്കുകയാണ്. ഭാരവാഹനങ്ങൾ സഞ്ചരിക്കുന്നതുമൂലം കലുങ്ക് എപ്പോൾ വേണമെങ്കിലും നിലംപൊത്താവുന്ന സ്ഥിതിയിലാണ്.
കലുങ്ക് തകർന്നാൽ തൊടുപുഴ-പുളിയൻമല സംസ്ഥാന പാതയിലെ ഗതാഗതം നിലയ്ക്കുന്ന സ്ഥിതിയുണ്ടാകും.ടൂറിസ്റ്റ് കേന്ദ്രമായ വാഗമണ്‍ ഉൾപ്പെടെയുള്ള സ്ഥലങ്ങളിലേക്ക് യാത്രചെയ്യണമെങ്കിൽ കാഞ്ഞാറിൽനിന്നു കൂവപ്പള്ളി വഴിയോ മൂന്നുങ്കവയൽ, ഇലപ്പള്ളി വഴിയോ സഞ്ചരിക്കേണ്ടിവരും.
ജില്ലാ ആസ്ഥാനത്തേക്ക് ഉൾപ്പെടെയുള്ള യാത്ര ദുരിതത്തിലാകുകയും ചെയ്യും. പൊതുമരാമത്തുവകുപ്പിന് റോഡ് കൈമാറിയ ശേഷം റോഡിന്റെ ടാറിംഗ് നടത്തുന്നതല്ലാതെ കലുങ്കിന്റെ അറ്റകുറ്റപ്പണികൾ ചെയ്യാത്തതാണ് പ്രതിസന്ധി സൃഷ്ടിക്കുന്നത്.
ഇതിനു പുറമേ ഇടുക്കി റോഡിലെ പല കലുങ്കുകളും അപകടാവസ്ഥയിലാണ്. കലുങ്കുകൾ പുനർനിർമിക്കാൻ പൊതുമരാമത്ത് വകുപ്പ് അടിയന്തര നടപടി സ്വീകരിക്കണമെന്നാണ് നാട്ടുകാരുടെ ആവശ്യം.