അക്ഷയ സംരംഭകരുടെ സെക്രട്ടേറിയറ്റ് മാർച്ച് 30ന് നിലനില്പിനായി അക്ഷയ
1338791
Wednesday, September 27, 2023 11:14 PM IST
ചെറുതോണി: പൊതുസേവനത്തിന് സർക്കാരിന്റെ ഡിജിറ്റൽ മുഖമായി 20 വർഷം മുന്പുനിലവിൽ വന്ന അക്ഷയയുടെ സംരംഭകർ നിലനില്പിനായി ഫോറം ഓഫ് അക്ഷയ സെന്റർ എന്റർപ്രെനേഴ്സ് -ഫേസിന്റെ നേതൃത്വത്തിൽ 30നു സെക്രട്ടേറിയറ്റ് മാർച്ചും ധർണയും നടത്തും.
എല്ലാ മേഖലയിലും വിലവർധനവും കൂലി വർധനവും ഉണ്ടായിട്ടും അക്ഷയ സംരംഭകരെയും ജീവനക്കാരെയും അധികൃതർ മറക്കുകയാണ് .
സാമ്പത്തിക പ്രതിസന്ധിയുടെ പേരിൽ സംസ്ഥാനത്തു പോലീസ്, മോട്ടോർ വാഹന രജിസ്ട്രേഷൻ ഉൾപ്പെടെ മിക്ക വകുപ്പുകളിലെ സേവനങ്ങളുടെ നിരക്കുകൾ കുത്തനെ കൂട്ടിയിട്ടും അക്ഷയയിലെ നിരക്കുകൾ വർധിപ്പിച്ചിട്ടില്ലെന്നും സംരംഭകർ ചൂണ്ടിക്കാട്ടുന്നു.
കഴിഞ്ഞ മാസം ഒൻപതിന് അക്ഷയ സെന്ററുകൾ അടച്ചിട്ടും കഴിഞ്ഞ 11ന് കൂടുതൽ സമയം ജനങ്ങൾക്ക് സേവനം നൽകിയും അക്ഷയ സംരംഭകർ പ്രതിഷേധിച്ചിരുന്നു. മൂന്നാംഘട്ട സമരപരിപാടിയായാണ് സെക്രട്ടേറിയറ്റ് മാർച്ചും ധർണയും സംഘടിപ്പിക്കുന്നത് .
നിസഹായാവസ്ഥയിൽ സംരംഭകർ
നിലനില്പിനായി അക്ഷയ കേന്ദ്രം നേരിടുന്ന പ്രധാന പ്രശ്നങ്ങളിലേക്ക് സർക്കാരിന്റെ ശ്രദ്ധ കൊണ്ടുവരാനാണ് സമരപരിപാടികൾ ആവിഷ്കരിച്ചിരിക്കുന്നത്. പ്രതിമാസ ചെലവിനുള്ള പണം ഇവിടെ നിന്നു തന്നെ കണ്ടെത്തണം. പ്രളയം, കൊറോണ വ്യാപനസമയത്തുപോലും അക്ഷയ സംരംഭകർക്ക് യാതൊരു ആശ്വാസ പദ്ധതിയും സർക്കാർ അനുവദിച്ചു നൽകിയില്ല.
കൊറോണ സമയത്ത് എല്ലാ ദിവസവും സെന്റർ തുറന്ന് പ്രവർത്തിച്ച് ജനങ്ങൾക്ക് സേവനം നൽകിയവരാണ് അക്ഷയ സംരംഭകർ. ധാരാളം സംരംഭകർ കൊറോണ സമയത്തും അതിന്റെ പാർശ്വഫലത്താലും മരണപ്പെട്ടു. അവർക്കോ അവരുടെ കുടുംബത്തിനോ യാതൊരുവിധ ആനുകൂല്യവും നാളിതു വരെ ലഭിച്ചിട്ടില്ല.
ആവശ്യങ്ങൾ
ഉടൻ പുതിയ സേവനനിരക്ക് പ്രഖ്യാപിക്കുക, അക്ഷയക്കു മാത്രമായി ഡയറക്ടറെ നിയമിക്കുക, ആധാറുമായി ബന്ധപ്പെട്ട പ്രശ്നങ്ങൾക്കു പരിഹാരമുറപ്പാക്കുക, അക്ഷയ കരാർ വ്യവസ്ഥകൾ ഏകപക്ഷീയമായി തീരുമാനിക്കുന്നത് അവസാനിപ്പിക്കുക.
സംരംഭകരുടെ മൗലികാവകാശങ്ങൾ ഹനിക്കുന്ന രീതിയിലുള്ള സർക്കാർ ഉത്തരവുകൾ പിൻവലിക്കുക, സ്വന്തം മുതൽമുടക്കിൽ തുടങ്ങിയ അക്ഷയ സംരംഭം ലളിതമായി കൈമാറാനുള്ള സാഹചര്യം ഉണ്ടാക്കുക, ഉദ്യോഗസ്ഥ തലത്തിലും സർക്കാർ തലത്തിലും അക്ഷയയോടുള്ള അവഗണന അവസാനിപ്പിക്കുക, സർക്കാരിനുവേണ്ടി ചെയ്ത സേവനങ്ങൾക്കു പ്രതിഫലം ഉടൻ നൽകുക.
സ്വകാര്യ ഓൺലൈൻ കേന്ദ്രങ്ങളെ നിയന്ത്രിക്കുക തുടങ്ങി നിരവധി ആവശ്യങ്ങൾക്കു വേണ്ടിയാണ് സെക്രട്ടേറിയറ്റ് മാർച്ചും ധർണയും നടത്തുന്നത്.
സമരത്തിൽ ഫേസ് സംസ്ഥാന പ്രസിഡന്റ് സ്റ്റീഫൻ ജോൺ, സെക്രട്ടറി എ.പി. സദാനന്ദൻ, സി.വൈ. നിഷാന്ത് എന്നിവരുടെ നേതൃത്വത്തിൽ സംസ്ഥാനത്തെ മുഴുവൻ ജില്ലകളിൽനിന്നുമുള്ള ആയിരക്കണക്കിന് അക്ഷയ സംരംഭകരും ജീവനക്കാരും പങ്കെടുക്കുമെന്ന് ജില്ലാ പ്രസിഡന്റ് റോയിമോന് തോമസ്, ജില്ലാ സെക്രട്ടറി കെ.എൻ. അനിൽകുമാർ എന്നിവർ അറിയിച്ചു.