ഉടുമ്പന്‍ചോല താലൂക്കിലെ വനവിസ്തൃതി അറിയില്ലെന്ന് വനം വകുപ്പ്
1337032
Wednesday, September 20, 2023 11:08 PM IST
നെടുങ്കണ്ടം: ഉടുമ്പന്‍ചോല താലൂക്കിലെ വനവിസ്തൃതി സംബന്ധിച്ച വിവരങ്ങൾ ലഭ്യമല്ലെന്ന് വനംവകുപ്പ്. എഴുകുംവയല്‍ സ്വദേശി ബബിന്‍ ജെയിംസ് വിവരാവകാശ നിയമപ്രകാരം നൽകിയ അപേക്ഷക്കുള്ള മറുപടിയിലാണ് വനഭൂമിയുമായി ബന്ധപ്പെട്ട ഒരു രേഖകളും ലഭ്യമല്ലെന്ന് പറഞ്ഞിരിക്കുന്നത്.
കോട്ടയം ഡിവിഷണല്‍ ഫോറസ്റ്റ് ഓഫീസര്‍ക്ക് നല്കിയ അപേക്ഷയില്‍ ഉടുമ്പന്‍ചോല താലൂക്കില്‍ നിലവിലുള്ള വന ഭൂമിയുടെ വിസ്തൃതി, ഓരോ വില്ലേജ് തിരിച്ചുള്ള വനത്തിന്റെ വിസ്തീര്‍ണം, വില്ലേജുകളുടെ പേര്, ബ്ലോക്ക് നമ്പറുകള്‍, സര്‍വേ നമ്പറുകള്‍, റീസര്‍വേ നമ്പര്‍, വനത്തിന്റെ അതിരുകള്‍ എന്നീ വിവരങ്ങളുടെ പകര്‍പ്പാണ് വിവരാകാശ നിയമപ്രകാരം ആവശ്യപ്പെട്ടിരുന്നത്. ഉടുംന്പൻചോല താലൂക്കിലെ 2,15,720 ഏക്കർ സിഎച്ച്ആർ വനഭൂമിയാണെന്ന് സുപ്രീംകോടതിയിൽ റിപ്പോർട്ട് നൽകിയിട്ടുള്ള വനം വകുപ്പാണ് ഇപ്പോൾ വനം ഭൂമിയെ സംബന്ധിച്ച രേഖകൾ ലഭ്യമല്ലെന്ന് മറുപടി നൽകിയിരിക്കുന്നത്.
തൊടുപുഴ സ്വദേശി നല്കിയ മറ്റൊരു കത്തിൽ കൃഷി ഭൂമിയിലെ മരം കര്‍ഷകനു വെട്ടാന്‍ അനുമതിയുണ്ടോ എന്ന ചോദ്യത്തിന് രണ്ട് ഓഫീസുകളില്‍ നിന്നും രണ്ട് മറുപടിയാണ് നല്‍കിയത്. മരം വെട്ടാന്‍ വനം വകുപ്പിന്റെ അനുമതി വേണ്ടെന്ന് കോട്ടയത്തെ ചീഫ് ഫോറസ്റ്റ് കണ്‍സര്‍വേറ്റര്‍ രേഖാമൂലം മറുപടി നല്കിയപ്പോള് വനം വകുപ്പിന്റെ അനുമതി വേണമെന്നാണ് കോട്ടയം ഡിഎഫ്ഒ മറുപടി നല്‍കിയിരിക്കുന്നത്.