കാട്ടാനയ്ക്ക് അറിയുമോ കർഷകന്റെ രോദനം?
1336797
Tuesday, September 19, 2023 11:21 PM IST
മറയൂര്‍: കാന്തല്ലൂര്‍ ആടിവയല്‍ പ്രദേശത്ത് കാട്ടാനകള്‍ ഏക്കര്‍ കണക്കിന് ബീന്‍സ്, വെളുത്തുള്ളി കൃഷികള്‍ നശിപ്പിച്ചു. വിളവെടുപ്പ് ആരംഭിച്ച കാന്തല്ലൂരിലെ ഇരുപത് ഏക്കറോളം കൃഷിഭൂമിയാണ് ഒറ്റരാത്രികൊണ്ട് നാമവശേഷമാക്കിയത്.
കാന്തല്ലൂര്‍ പഞ്ചായത്ത് ഓഫീസിനു സമീപമുള്ള കൃഷിഭൂമികളാണ് വനാതിര്‍ത്തി കടന്ന് കിലോമീറ്ററുകള്‍ താണ്ടി എത്തിയ കാട്ടാനകൾ നശിപ്പിച്ചത്. ചിന്നാര്‍ വന്യജീവിസങ്കേതം കടന്ന് ഗ്രാന്റീസ് തോട്ടത്തിലെത്തി തമ്പടിക്കുന്ന കാട്ടാനകളെ എല്ലാ വര്‍ഷവും നാട്ടുകാരാണ് വനത്തിലേക്കു തുരത്തുന്നത്.
കഴിഞ്ഞവര്‍ഷം കാട്ടാനകളെ തുരത്തുന്നതിനിടെ കര്‍ഷകര്‍ക്ക് പരിക്കേറ്റിരുന്നു. ജനവാസ കേന്ദ്രങ്ങളും കടന്നാണ് മാസങ്ങളായി കാട്ടാനകൾ ഗ്രാന്റീസ് തോട്ടങ്ങളില്‍ തമ്പടിച്ചിരിക്കുന്നത്. ജനവാസ കേന്ദ്രങ്ങളില്‍ ഇറങ്ങുന്ന കാട്ടാനകളെ തുരത്താന്‍ റാപ്പിഡ് റെസ്പോണ്‍സ് ടീമിനെയും വാച്ചര്‍മാരെയും നിയമിക്കുമെന്ന് വനം വകുപ്പ് ഉദ്യോഗസ്ഥര്‍ പറഞ്ഞിരുന്നെങ്കിലും യാതൊരു നടപടികളും സ്വീകരിച്ചിട്ടില്ല.
വായ്പയെടുത്തും കുടുബ ശ്രീ ഉള്‍പ്പെടെയുള്ള സംവിധാനങ്ങളില്‍ നിന്നു കടം വാങ്ങിയുമാണ് കര്‍ഷകര്‍ വിളവിറക്കിയിരിക്കുന്നത്. മഴ ഇല്ലാത്തതിനാല്‍ വളരെ പ്രയാസപ്പെട്ടാണ് വിളകള്‍ നനച്ചു വളര്‍ത്തിയതെന്ന് ആടിവയലിലെ കര്‍ഷകനായ എം. എസ്. ശശി പറയുന്നു.
ആടിവയലിനു സമീപത്തുള്ള തമിഴ് ആരാധനമൂര്‍ത്തിയായ കാവല്ക്കാരന് ദൈവത്തിന്റെ ആരാധനാലയത്തിനും കേടുപാടുകള്‍ വരുത്തി.സമീപകാലത്തായി ഇരുപതുലക്ഷം രൂപയുടെ നാശ നഷ്ടംവരുത്തിയതായി കര്‍ഷകർ പറയുന്നു.