ഭൂനിയമ ഭേദഗതി ബിൽ: കോണ്‍ഗ്രസിന്റെ കപടനയം വ്യക്തമായെന്ന്
1336550
Monday, September 18, 2023 11:00 PM IST
നെടുംകണ്ടം: കര്‍ഷകര്‍ക്ക് അനുകൂലമായ ഭൂനിയമ പതിവ് ഭേദഗതി ബിൽ നിയമസഭയില്‍ പാസായതിലൂടെ മലയോര വികസനത്തിനു പുതിയ മുഖം കൈവന്നിരിക്കുകയാണെന്ന് കേരള കോണ്‍ഗ്രസ്-എം ജില്ലാ പ്രസിഡന്റ് ജോസ് പാലത്തിനാല്‍.
ബിൽ നിയമസഭയില്‍ ഏകകണ്ഠമായി പാസായത് കേരളത്തിന് അഭിമാനിക്കാവുന്ന നേട്ടമാണ്. ആറു പതിറ്റാണ്ടുകള്‍ക്കുശേഷം ബിൽ കാലാനുസൃതമായി ഭേദഗതി ചെയ്യുന്നതിന് എല്‍ഡിഎഫ് എടുത്ത തീരുമാനത്തെ നിയമസഭയ്ക്കുള്ളില്‍ പിന്താങ്ങുകയും സഭയ്ക്കു പുറത്തു ബിൽ കീറിയെറിഞ്ഞും കത്തിച്ചും സങ്കീര്‍ണത നിറഞ്ഞതാണെന്നു പ്രചരിപ്പിക്കുകയും ചെയ്യുന്നത് കോണ്‍ഗ്രസിന്റെ കപടനയമാണ് വ്യക്തമാക്കുന്നത്. നിലവിലുള്ള നിര്‍മിതികള്‍ ക്രമവത്കരിക്കുന്നതിലൂടെ സംസ്ഥാനത്തെ മുഴുവന്‍ നിര്‍മിതികളും സാധുവാക്കപ്പെടും. പുതിയ നിര്‍മിതികള്‍ ചട്ടം രൂപീകരിക്കുന്നതിലൂടെ സാധ്യമാകും.
ഭൂമി സംബന്ധമായ മുഴുവന്‍ സങ്കീര്‍ണതകളും പരിഹരിക്കുന്നതിനു പര്യാപ്തമായ ബില്ലിനെ വികലമായി ചിത്രീകരിക്കുന്നതിനാണ് യുഡിഎഫും ചില സംഘടനകളും പരിശ്രമിച്ചുകൊണ്ടിരിക്കുന്നത്. ചട്ടരൂപീകരണത്തില് ആവശ്യമായ ഭേദഗതികള്‍ നിര്‍ദേശിക്കാന്‍ അവസരമുണ്ടെന്നിരിക്കേ ബിൽ സംബന്ധിച്ച് പഠനം നടത്തുന്നതിനോ ഭൂപ്രശ്നങ്ങള്‍ പഠിക്കാനോ ഇവര്‍ തയാറാകുന്നില്ല. 1960ലെ ഭൂനിയമത്തില്‍ ഭേദഗതി വേണ്ടെന്നും നാലാം ഖണ്ഡികയില്‍ തിരുത്തല്‍ മാത്രം മതിയെന്നും വാദിച്ചിരുന്നവര്‍ ഭൂപ്രശ്നങ്ങള്‍ ഒരിക്കലും തീരരുതെന്ന് ആഗ്രഹിക്കുന്നവരാണെന്നും ജോസ് പാലത്തിനാല്‍ ആരോപിച്ചു.