തൊടുപുഴ നഗരത്തിലെ ഗതാഗതക്കുരുക്ക് ; ഗതാഗതക്രമീകരണം വരുന്നു
1336539
Monday, September 18, 2023 10:58 PM IST
സ്വന്തം ലേഖകൻ
തൊടുപുഴ: തൊടുപുഴ നഗരത്തിലെ ഗതാഗതക്കുരുക്കിനു ശാശ്വത പരിഹാരം കണ്ടെത്തുന്നതിനായി ഗതാഗതക്രമീകരണം ഒരുക്കാൻ ഉപദേശകസമിതി യോഗത്തിൽ തീരുമാനം. നഗരത്തില്‍ വര്‍ധിച്ചുവരുന്ന ഗതാഗതക്കുരുക്ക് പരിഹരിക്കുന്നതിനു മുന്നോടിയായി നഗരസഭയില്‍ ചെയര്മാന് സനീഷ് ജോര്‍ജിന്റെ അധ്യക്ഷതയിലാണ് യോഗം ചേര്‍ന്നത്.
രാവിലെയും വൈകുന്നേരവും ഗതാഗതക്കുരുക്ക് രൂക്ഷമാകുന്ന സാഹചര്യത്തിലാണ് പ്രശ്നപരിഹാരത്തിനായി ഉപദേശകസമിതി യോഗം ചേര്‍ന്നത്. നഗരസഭ കൗണ്‍സിലര്‍മാർ, സ്വകാര്യ ബസ് അസോസിയേഷൻ, മര്‍ച്ചന്റ്സ് അസോസിയേഷന്, രാഷ്ട്രീയ പാര്‍ട്ടി പ്രതിനിധികൾ, മോട്ടോര്‍ വാഹന വകുപ്പ്, പോലീസ്, പിഡബ്ല്യുഡി അധികൃതര്‍ തുടങ്ങിയവരുടെ യോഗമാണ് വിളിച്ച് ചേര്‍ത്തത്.
പാലാ ഭാഗത്തുനിന്നു വരുന്ന ദീര്‍ഘദൂര കെഎസ്ആര്‍ടിസി ബസുകള്‍ ആശിര്‍വാദ് തിയറ്റര്‍ ജംഗ്ഷനില്‍നിന്ന് തിരിഞ്ഞ് കോതായികുന്ന് വഴി കെഎസ്ആര്‍ടിസി സ്റ്റാന്‍ഡിലേക്ക് പോകുന്നതിനു നടപടി സ്വീകരിക്കണം. തൊടുപുഴ സെന്റ് മേരീസ് ആശുപത്രിക്കു സമീപത്തെ ബസ് സ്റ്റോപ്പിന്റെ ഷെയ്ഡ് നീക്കം ചെയ്യുന്നതിനും ആര്‍ച്ചിന്റെ പില്ലറുകള്‍ നീക്കം ചെയ്യുന്നതിനും കെഎസ്ടിപി ഓഫീസില്‍ കത്ത് നല്‍കുന്നതിനും യോഗം തീരുമാനിച്ചു.
ഇടുക്കി ഭാഗത്തുനിന്നു വരുന്ന പാലാ, കോട്ടയം, മൂവാറ്റുപുഴ, മണക്കാട് ഭാഗത്തേക്കുള്ള ചെറുവാഹനങ്ങള്‍ മാരിയില്ക്കലുങ്ക് വഴി തിരിച്ചുവിടാനും ബോര്‍ഡ് സ്ഥാപിക്കാനും നടപടിയെടുക്കും.
മൂവാറ്റുപുഴ ഭാഗത്തുനിന്നു വരുന്ന വാഹനങ്ങള്‍ ഷാപ്പുംപടിയില്നിന്നു നാലുവരി, മങ്ങാട്ടുകവല വഴി പ്രൈവറ്റ് സ്റ്റാന്‍ഡില്‍ എത്തണം. ഉടുമ്പന്നൂര്‍ ഭാഗത്തുനിന്നു വരുന്ന വാഹനങ്ങള്‍ പുളിമൂട്ടില്‍ ജംഗ്ഷനില്‍ നിന്നും വലത്തേക്കു തിരിയുന്നത് നിരോധിക്കണം.
വെങ്ങല്ലൂര്‍-മൂവാറ്റുപുഴ ഭാഗത്തുനിന്നു വരുന്ന ബസുകള്‍ മുമ്പോട്ട് കയറ്റി നിര്‍ത്തുകയും ഇതിന് ബസ് സ്റ്റോപ്പ് ക്രമീകരിക്കുകയും വേണം. വെങ്ങല്ലൂര്‍ ബസ് സ്റ്റോപ്പ്-തൊടുപുഴ ഭാഗത്തുനിന്ന് വരുന്ന ബസുകള്‍ നീരാളി മാര്‍ക്കറ്റിന് മുമ്പിലുള്ള ഭാഗത്ത് നിര്‍ത്തുകയും ബസ് സ്റ്റോപ്പ് ക്രമീകരിക്കുകയും വേണമെന്നും നിര്‍ദേശമുയര്‍ന്നു.
ബോയ്സ് ഹൈസ്കൂള്‍ മുതല്‍ കെകെആര്‍ ജംഗ്ഷന് വരെ സെക്കന്‍ഡ് ഹാന്‍ഡ് ബൈക്ക് കച്ചവടത്തിനായി റോഡിലേക്ക് ഇറക്കിവച്ചിട്ടുള്ളത് നിയന്ത്രിക്കണം. പാലാ ഭാഗത്തുനിന്നു വരുന്ന ബസുകള്‍ പ്രൈവറ്റ് സ്റ്റാന്‍ഡില്‍ എത്തുന്നതിന് മുന്‍പ് കല്ലേല്‍ ബില്‍ഡിംഗ് ഭാഗത്ത് നിര്‍ത്തി യാത്രക്കാരെ ഇറക്കണം. ഇവിടെ ബസ് സ്റ്റോപ്പും ക്രമീകരിക്കണം.
ദീര്‍ഘദൂര ബസുകള്‍ തെനംകുന്ന് ബൈപാസ് മുല്ലക്കല്‍ ജംഗ്ഷന് വഴി വെങ്ങല്ലൂര്‍ ഭാഗത്തേക്ക് പോകണം. തൊടുപുഴ നഗരത്തില്‍ പാര്‍ക്കിംഗിനായി സ്വകാര്യ വ്യക്തികളുടെ സ്ഥലങ്ങള്‍ കണ്ടെത്തി നഗരസഭയെ അറിയിക്കുന്നതിന് ട്രാക്കിനോട് നിര്‍ദേശിച്ചതായി ചെയര്മാന് അറിയിച്ചു.