കണ്ണംപടി ട്രൈബൽ സ്കൂൾ പരാധീനതയുടെ നടുവിൽത്തന്നെ
1301746
Sunday, June 11, 2023 3:14 AM IST
ഉപ്പുതറ: കണ്ണംപടി സർക്കാർ ട്രൈബൽ സ്കൂളിന് ഇക്കൊല്ലവും പറയാനുള്ളത് പരാധീനതയുടെ കഥ. ആദിവാസി കുട്ടികൾ പഠിക്കുന്ന സ്കൂളിൽ പ്രധാന അധ്യാപകന്റെ അഭാവത്തിൽ പല പ്രവർത്തനങ്ങളും താളം തെറ്റുകയാണ്. മഴയത്ത് ചോർന്നൊലിക്കുന്ന കെട്ടിടങ്ങളിലിരുന്നുവേണം ഇക്കൊല്ലവും പഠിക്കാൻ. ലോക ബാങ്കിന്റെ നാലുകോടി രൂപ അനുവദിച്ചതായി പറയുന്നുണ്ടെങ്കിലും നടപടിക്രമം പൂർത്തിയാക്കാൻ കഴിഞ്ഞിട്ടില്ല. പ്രധാന അധ്യാപകന്റെ അഭാവമാണ് ഇതിന് തിരിച്ചടിയായിരിക്കുന്നത്. സ്ഥിരം അധ്യാപകരുടെ കുറവും സ്കൂളിനെ പിന്നോട്ടടിക്കുകയാണ്.
ടൗണിൽനിന്നു കിലോമീറ്ററുകൾ അകലെ ആദിവാസി മേഖലയിൽ പ്രവർത്തിക്കുന്ന സ്കൂളിൽ ജില്ലയ്ക്കു വെളിയിൽനിന്നുള്ള അധ്യാപകരാണ് കൂടുതലും . ഇവർക്ക് താമസിക്കാൻ ആവശ്യത്തിനു ക്വാർട്ടേഴ്സുകൾ ഇല്ലാത്തതും ഉള്ളവയുടെ ശോച്യാവസ്ഥയും വെല്ലുവിളിയാണ്.
സർക്കാർ സ്കൂളുകൾ ഹൈടെക് ആക്കുന്നുണ്ടങ്കിലും കണ്ണംപടി സ്കുൾ ശോച്യാവസ്ഥയിൽതന്നെ തുടരുകയാണ്. യുപി വിഭാഗത്തിന്റെ കെട്ടിടം സീലിംഗ് ചെയ്തിരുന്നെങ്കിലും അവയെല്ലാം തകർന്നുവീണ അവസ്ഥയിലാണ്. 100 ശതമാനം വിജയം വരിച്ച സ്കൂളിനാണ് ഈ ദുരവസ്ഥ.
ഭൂരിഭാഗം അധ്യാപകരും ഇവിടെ ദിവസ വേതനക്കാരാണ്. സ്കൂളിന്റെ ശോച്യാവസ്ഥയ്ക്ക് ശാശ്വത പരിഹാരം കാണുന്നതിനൊപ്പം ആവശ്യത്തിന് അധ്യാപകരെ നിയമിക്കണമെന്നും അവരുടെ താമസസൗകര്യങ്ങൾ മെച്ചപ്പെടുത്തണമെന്നുമാണ് കുട്ടികളുടെയും രക്ഷിതാക്കളുടെയും ആവശ്യം.