മൂലമറ്റം: പ്രളയത്തിൽ തകർന്ന മൂന്നുങ്കവയൽ തൂക്കുപാലത്തിന്റെ പുനർനിർമാണം പൂർത്തിയായി. പാലത്തിന്റെ രണ്ട് ഇരുന്പുവടങ്ങളും മാറ്റി സ്ഥാപിക്കുകയും പുതിയ പ്ലാറ്റ് ഫോം നിർമിക്കുകയും ചെയ്തു. വെള്ളത്തിന്റെ കുത്തൊഴുക്കിൽ പ്ലാറ്റ്ഫോം സ്ഥാപിച്ചിരുന്ന ഇരുന്പു ഗർഡറിന് തകരാർ സംഭവിച്ചിരുന്നു. ഇതും മാറ്റിസ്ഥാപിച്ചു. പാലത്തിന്റെ പെയിന്റിംഗും പൂർത്തിയായി.
പ്രളയത്തിനു മുന്പ് പാലത്തിന്റെ ഇരുവശങ്ങളിലും നെറ്റ് സ്ഥാപിച്ചിരുന്നു. എന്നാൽ എൻജിനിയർമാരുടെ സാങ്കേതിക ഉപദേശത്തിന്റെ അടിസ്ഥാനത്തിൽ ഇത്തവണ നെറ്റ് സ്ഥാപിച്ചിട്ടില്ല. നേരത്തേ നെറ്റിൽ ചപ്പും ചവറും വന്നടിഞ്ഞ് കുത്തൊഴുക്കു തടസപ്പെട്ടതിനാലാണ് പാലം തകരാൻ ഇടയായതെന്ന വിലയിരുത്തലിനെ തുടർന്നാണ് ഇതൊഴിവാക്കിയത്. മന്ത്രി റോഷി അഗസ്റ്റിന്റെ നിർദേശപ്രകാരം 20 ലക്ഷം ചിലവഴിച്ചാണ് പാലം പുനർ നിർമിച്ചത്. നിർമാണം പൂർത്തിയായതോടെ കൂവപ്പള്ളി, മൂന്നുങ്കവയൽ, മൈലാടുംപാറ പ്രദേശങ്ങളിലുള്ളവർക്ക് എളുപ്പത്തിൽ അറക്കുളം പന്ത്രണ്ടാം മൈൽ, അശോകകവല, മൂലമറ്റം പ്രദേശങ്ങളിലേക്ക് എത്താനാകും.