കെഎസ്ആർടിസി ബസിൽ യാത്രക്കാരെ വലച്ച് കണ്ടക്ടർ
1301360
Friday, June 9, 2023 10:50 PM IST
മൂലമറ്റം: കെഎസ്ആർടിസി ബസ് വൈകിപ്പിച്ച് യാത്രക്കാരെ വലച്ച കണ്ടക്ടർക്ക് പോലീസിന്റെ താക്കീത്. പത്തു രൂപയുടെ പേരിൽ വയോധികനായ യാത്രക്കാരനെ വലച്ച കണ്ടക്ടർക്കെതിരേ യാത്രക്കാരും ക്ഷുഭിതരായി.
വ്യാഴാഴ്ച രാത്രി ഏഴിന് തൊടുപുഴയിൽനിന്നു മൂലമറ്റത്തിനുള്ള കെഎസ്ആർടിസി ബസിൽ കയറിയ യാത്രക്കാരനാണ് ദുരനുഭവമുണ്ടായത്. 30 രൂപ നൽകി ടിക്കറ്റ് എടുത്ത ഇയാൾ മൂന്നു 10 രൂപ നോട്ടുകൾ കണ്ടക്ടർക്ക് നൽകി. ഇതിൽ ഒരു നോട്ടിൽ പേനകൊണ്ട് എഴുതിയിരുന്നതിനാൽ നോട്ട് എടുക്കാൻ കഴിയില്ലെന്നു കണ്ടക്ടർ പറഞ്ഞു. യാത്രക്കാരന്റെ കൈയിൽ വേറെ രൂപയുണ്ടായിരുന്നില്ല.
ഇവർ തമ്മിലുള്ള തർക്കം മുറുകിയതോടെ പകരം രൂപ നൽകാൻ യാത്രക്കാർ തയാറായെങ്കിലും കണ്ടക്ടർ വഴങ്ങിയില്ല. ഗൂഗിൾപേ ചെയ്തു നൽകാമെന്നു പറഞ്ഞെങ്കിലും ഇതും കണ്ടക്ടർ സമ്മതിക്കാതിരുന്നതോടെ വാക്കുതർക്കം മുറുകി. കുടയത്തൂരിൽ ബസ് നിർത്തിയിട്ടായിരുന്നു ഇവരുടെ തർക്കം.
ഇതിനിടെ ചില യാത്രക്കാർ മറ്റു വാഹനങ്ങളിൽ കയറി യാത്ര തുടർന്നു. തുടർന്ന് യാത്രക്കാരനുമായി ബസ് കാഞ്ഞാർ പോലീസ് സ്റ്റേഷനിൽ എത്തി. എന്നാൽ, നിസാര കാര്യത്തിന് യാത്രക്കാരെ വലയ്ക്കരുതെന്ന് കണ്ടക്ടർക്ക് താക്കീത് നൽകി പോലീസ് ഇവരെ മടക്കി അയച്ചു.
രാത്രി തൊടുപുഴയിൽനിന്നുള്ള അവസാന ബസാണ് പത്തു രൂപയുടെ പേരിൽ അനാവശ്യമായി താമസിപ്പിച്ചത്.