മലയോരഹൈവേ: അവലോകനയോഗം
1301094
Thursday, June 8, 2023 10:55 PM IST
ഇടുക്കി: സംസ്ഥാനത്ത് നടപ്പാക്കുന്ന മലയോരഹൈവേ പദ്ധതിയുടെ പുരോഗതി വിലയിരുത്തുന്നതിന് അവലോകനയോഗം ചേർന്നു. മുഖ്യമന്ത്രിയുടെ ഓഫീസർ ഓണ്‍ സ്പെഷൽ ഡ്യൂട്ടി എസ്. കാർത്തികേയന്റെ നേതൃത്വത്തിൽ ഓണ്‍ലൈനായി നടന്ന യോഗത്തിൽ ജില്ലയിൽ മലയോരഹൈവേ പദ്ധതിയിലുൾപ്പെടുത്തി നിർമിക്കുന്ന പീരുമേട്-ദേവികുളം റോഡിന്റെ നിർമാണ പുരോഗതി വിലയിരുത്തി. ചപ്പാത്ത് മുതൽ പുളിയ·ല വരെ നാലു ഘട്ടങ്ങളായാണ് റോഡ് നിർമാണം പൂർത്തീകരിക്കുന്നത്.
ചപ്പാത്ത് മുതൽ മേരികുളം വരെയുള്ള അഞ്ചര കിലോമീറ്റർ, മേരികുളം മുതൽ നരിയംപാറ വരെയുള്ള 12.7 കിലോമീറ്റർ, നരിയംപാറ മുതൽ കട്ടപ്പന വരെയുള്ള 2.9 കിലോമീറ്റർ തുടങ്ങി ആദ്യ മൂന്ന് സ്ട്രെച്ചുകൾക്കായി കേരള റോഡ് ഫണ്ട് ബോർഡ് പദ്ധതി നിർവഹണ ഡയറക്ടറുടെ കീഴിൽ തയാറാക്കിയ കരാറിന്റെ അടിസ്ഥാനത്തിൽ കിഫ്ബി ഭൂമി കൈമാറി.
മൂന്നാമത്തെ സ്ട്രെച്ചായ നരിയംപാറ മുതൽ കട്ടപ്പന വരെയുള്ള റോഡിന്റെ കലുങ്ക്, സംരക്ഷണഭിത്തി മുതലായവയുടെ നിർമാണ പ്രവർത്തനങ്ങൾ നടന്നുവരികയാണ്.
കട്ടപ്പന മുതൽ പുളിയ·ല വരെയുള്ള 6.6 കിലോമീറ്റർ റോഡിന്റെ നിർമാണപ്രവർത്തനങ്ങൾക്കു മുന്നോടിയായി ഭൂമിയുടെ സർവേ നടപടികൾ കിഫ്ബിയുടെ ആഭിമുഖ്യത്തിൽ പുരോഗമിക്കുകയാണ്. എല്ലക്കൽ-വലിയമുല്ലക്കാനം വരെയുള്ള അഞ്ച് കിലോമീറ്റർ റോഡിന്റെ പ്രാഥമിക നിർമാണ പ്രവർത്തികളും ആരംഭിച്ചു.
കെആർഎഫ്ബി ജില്ലാ പ്രോജക്ട് ഡയറക്ടർ ഡാർലിൻ കാർമലീറ്റ ഡിക്രൂസ്, എക്സിക്യൂട്ടീവ് എൻജിനിയർ മിനി മാത്യു, അസി. എക്സിക്യൂട്ടീവ് എൻജിനിയർ ആർ. സ്നിത എന്നിവർ യോഗത്തിൽ പങ്കെടുത്തു.