ടാറിംഗ് റോഡ് നിയമം ലംഘിച്ച് കോൺക്രീറ്റ് റോഡാക്കിയെന്ന്
1301085
Thursday, June 8, 2023 10:51 PM IST
ഉപ്പുതറ: ഉപ്പുതറ പഞ്ചായത്തിൽ സർക്കാർ മാനദണ്ഡങ്ങൾ ലംഘിച്ച് റോഡ് നിർമിച്ചതായി പരാതി. ഉപ്പുതറ പഞ്ചായത്തിലെ 17ാം വാർഡിലാണ് മെയിന്റനൻസ് ഗ്രാന്റിൽനിന്ന് 19 ലക്ഷം രൂപ ചെലവഴിച്ച് ടാറിംഗ് റോഡ് കോൺക്രീറ്റ് റോഡാക്കി മാറ്റിയത്.
കവല കാപ്പിപ്പതാൽ റോഡ് വർഷങ്ങൾക്കു മുമ്പ് ടാറിംഗ് നടത്തി സഞ്ചാരയോഗ്യമാക്കിയതാണ്. എന്നാൽ, റോഡ് തകർന്ന് ഗതാഗതം ദുഷ്കരമായിരുന്നു. യഥാസമയം അറ്റകുറ്റപ്പണികൾ നടത്തുന്നതിൽ ജനപ്രതിനിധികൾ വീഴ്ച വരുത്തിയതാണ് റോഡ് തകരാൻ കാരണം.
കഴിഞ്ഞ സാമ്പത്തിക വർഷം ഉപ്പുതറ പഞ്ചായത്തംഗം റോഡ് സഞ്ചാരയോഗ്യമാക്കാൻ റോഡ് മെയിന്റനൻസ് ഗ്രാന്റും നോൺ റോഡ് മെയിന്റനൻസ് ഗ്രാന്റും ചേർത്ത് 19 ലക്ഷം രൂപ അനുവദിച്ചു. എന്നാൽ, ഈ ഫണ്ട് ഉപയോഗിച്ച് റോഡ് രൂപഭേദം മാറ്റാൻ പാടില്ലെന്നാണ് നിയമം. ടാറിംഗ് റോഡ് കോൺക്രീറ്റോ, കോൺക്രീറ്റ് റോഡ് ടാറിംഗ് റോഡോ ആക്കി മാറ്റാൻ നിയമമില്ല.
ടാറിംഗ് റോഡിൽ വെള്ളക്കെട്ടും ടാറിംഗ് നിലനിൽക്കാൻ ബുദ്ധിമുട്ടുള്ള ഭാഗം മാത്രം കോൺക്രീറ്റ് ചെയ്യാനേ പാടുള്ളൂവെന്നാണ് നിയമം. ഈ നിയമം നിലനിൽക്കുമ്പോഴാണ് ടാറിംഗ് റോഡ് പൂർണമായും കോൺക്രീറ്റ് റോഡാക്കി മാറ്റിയത്. നിരപ്പായ റോഡാണ് കോൺക്രീറ്റ് ചെയ്തിരിക്കുന്നത്. ഉദ്യോഗസ്ഥരെ തെറ്റിദ്ധരിപ്പിച്ചാണ് റോഡ് കോൺക്രീറ്റ് ചെയ്യാൻ അനുമതി നേടിയതെന്നു ആരോപണമുയർന്നിട്ടുണ്ട്.
റോഡ് കോൺക്രീറ്റ് ചെയ്തതിലും വലിയ അഴിമതിയുണ്ടന്നു പരാതിയുണ്ട്. റോഡിൽ പലയിടത്തും പല വീതിയിലാണ് റോഡ് കോൺക്രീറ്റ് ചെയ്തിരിക്കുന്നത്.