മലങ്കര ഡാമിന്റെ ഷട്ടറുകൾ തുറന്നു
1301078
Thursday, June 8, 2023 10:51 PM IST
മുട്ടം: മലങ്കര ഡാമിന്റെ ഷട്ടറുകൾ തുറന്നു. രണ്ടു ഷട്ടറുകളാണ് കഴിഞ്ഞ ദിവസം തുറന്നത്.
സ്പിൽവേ റിസർവോയറിലെ ആറു ഷട്ടറുകൾ ഇന്നലെ വൈകുന്നേരം മൂന്നു മുതൽ തുറന്ന് വിടുമെന്നായിരുന്നു ജില്ലാ ദുരന്തനിവാരണ അഥോറിറ്റി ചെയർപേഴ്സണായ ജില്ലാ കളക്ടർ അറിയിച്ചത്. ആറ് ഷട്ടറുകളും പരമാവധി ഒരു മീറ്റർ വരെ ഉയർത്തി 234.918 ക്യുമെക്സ് ജലം തൊടുപുഴയാറിലേക്ക് ഒഴുക്കിവിടാനായിരുന്നു തീരുമാനം. എന്നാൽ, മഴ ശക്തിപ്പെടാത്തതിനാലാണ് എല്ലാ ഷട്ടറുകളും ഉയർത്താതിരുന്നത്.
തെക്കു പടിഞ്ഞാറൻ മണ്‍സൂണ്‍ ആരംഭിച്ചതിനാലും കഴിഞ്ഞ രാത്രിയിലെ ശക്തമായ മഴ കാരണവും മൂലമറ്റം പവർ ഹൗസിൽനിന്നു കൂടുതലായി ജലം എത്തുന്നതു മൂലവും ഡാമിലെ ജലനിരപ്പ് ഉയർന്നു കൊണ്ടിരിക്കുന്ന സാഹചര്യത്തിലാണ് ഷട്ടറുകൾ തുറക്കുന്നത്.
ഡാമിലെ നിലവിലെ ജലനിരപ്പ് 40.62 മീറ്ററാണ്. ഇത് 39.50 ആയി ക്രമീകരിക്കുന്നതിനാണ് നാലു ഷട്ടറുകൾകൂടി തുറക്കുന്നത്. നിലവിൽ രണ്ടു ഷട്ടറുകൾ 50 സെന്റീ മീറ്റർ വരെ ഉയർത്തി വെള്ളം പുഴയിലേക്ക് ഒഴുക്കി വിടുകയായിരുന്നു.
ഷട്ടറുകൾ തുറക്കുന്നതിനാൽ തൊടുപുഴ, മുവാറ്റുപുഴയാറുകളുടെ തീരത്ത് താമസിക്കുന്നവർ ജാഗ്രത പാലിക്കണമെന്നും ബന്ധപ്പെട്ട ഉദ്യോഗസ്ഥർ ആവശ്യമായ സുരക്ഷാ മുൻകരുതൽ നടപടികൾ സ്വീകരിക്കണമെന്നും ജില്ലാ കളക്ടർ അറിയിച്ചു.