കെ-ഫോണ്‍: ജില്ലയിൽ 1052 കണക്ഷനുകൾ
1300355
Monday, June 5, 2023 10:55 PM IST
ഇടുക്കി: എല്ലാവർക്കും ഇന്റർനെറ്റ് എന്ന ലക്ഷ്യത്തോടെ സംസ്ഥാന സർക്കാർ നടപ്പാക്കുന്ന കെ-ഫോണ്‍ പദ്ധതിക്ക് ജില്ലയിലും തുടക്കമായി. ഇടുക്കി നിയോജക മണ്ഡലംതല ഉദ്ഘാടനം ചെറുതോണി ടൗണ്‍ ഹാളിൽ ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് കെ.ടി. ബിനു നിർവഹിച്ചു. ജില്ലാ കളക്ടർ ഷീബ ജോർജ് അധ്യക്ഷത വഹിച്ചു.
ഒരു നിയോജക മണ്ഡലത്തിൽ 100 വീടുകൾ എന്ന കണക്കിൽ സാന്പത്തികമായി പിന്നാക്കം നിൽക്കുന്ന 14,000 കുടുംബങ്ങളിലേക്കും 30,000ൽപരം ഓഫീസുകളിലേക്കും അതിവേഗ ഇന്റർനെറ്റ് കണക്ഷൻ എത്തിക്കുകയാണ് ഒന്നാം ഘട്ടത്തിൽ ചെയ്യുന്നത്.
ജില്ലയിൽ ആദ്യഘട്ടത്തിൽ 1,396 ഇന്റർനെറ്റ് കണക്ഷനുകളാണ് നൽകുന്നത്. ഇതിൽ 1,052 എണ്ണം പൂർത്തിയായി. ഇടുക്കി മണ്ഡലത്തിൽ വാഴത്തോപ്പ്, മരിയാപുരം, വാത്തിക്കുടി, കാമാക്ഷി, അറക്കുളം കഞ്ഞിക്കുഴി, കൊന്നത്തടി, കുടയത്തൂർ, കാഞ്ഞാർ എന്നീ പഞ്ചായത്തുകളിലും കട്ടപ്പന നഗരസഭയിലുമായി ആദ്യഘട്ടത്തിൽ 123 കുടുംബങ്ങളിലാണ് കെ-ഫോണ്‍ ഇന്റർനെറ്റ് എത്തുക.
ഇടുക്കി ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് രാജി ചന്ദ്രൻ, പഞ്ചായത്ത് പ്രസിഡന്റ് ജോർജ് പോൾ, ഹൗസിംഗ് ബോർഡ് ഡയറക്ടർ ഷാജി കാഞ്ഞമല, പഞ്ചായത്ത് വൈസ് പ്രസിഡന്റ് മിനി ജേക്കബ്, ഇടുക്കി ഭുരേഖ തഹസിൽദാർ മിനി കെ. ജോണ്‍ തുടങ്ങിയവർ പ്രസംഗിച്ചു.