ജില്ലയിൽ രണ്ടു ലക്ഷം വൃക്ഷത്തൈകൾ നടും
1299853
Sunday, June 4, 2023 6:42 AM IST
തൊടുപുഴ: നാടിനെ ഹരിതാഭമാക്കാൻ വനം-വന്യജീവി വകുപ്പ് തയാറാക്കിയ വൃക്ഷത്തൈകളുടെ വിതരണം തുടങ്ങി. ലോക പരിസ്ഥിതി ദിനത്തോടനുബന്ധിച്ചു വൃക്ഷവത്കരണത്തിനു നിരവധി ഇനം തൈകൾ തയാറാക്കിയിട്ടുണ്ട്. ജില്ലയിലെ അഞ്ച് നഴ്സറികളിലായി ഉത്പാദിപ്പിച്ച രണ്ടു ലക്ഷത്തോളം തൈകളാണ് വനം വകുപ്പ് സാമൂഹ്യ വനവത്കരണ വിഭാഗം വിതരണം ചെയ്യുന്നത്.
കഴിഞ്ഞ ദിവസം വരെ 9,781 തൈകൾ വിവിധ സ്ഥാപനങ്ങൾക്കായി വിതരണം ചെയ്തു. തൊടുപുഴ റേഞ്ചിൽ കുടയത്തൂർ, മൂന്നാർ റേഞ്ചിൽ കട്ടമുടി, കട്ടപ്പന, പീരുമേട് റേഞ്ചുകളിൽ മുരിക്കാട്ടുകുടി, പാറേമാവ് എന്നിവിടങ്ങളിലെ നഴ്സറികളിലാണ് തൈകൾ തയാറാക്കിയത്.
27 ഇനം തൈകൾ
പ്ലാവ്, നെല്ലി, ഞാവൽ, ആര്യവേപ്പ്, മാതളം, കുടംപുളി, വാളൻപുളി, നാരകം, തേക്ക്, ഈട്ടി, മാവ്, ചന്ദനം, നീർമരുത്, കണിക്കൊന്ന, ചെന്പകം, ഇലഞ്ഞി, ആഞ്ഞിലി, സിൽവർ ഓക്ക്, പൂവരശ്, വേങ്ങ, കുന്പിൾ തുടങ്ങി 27 ഇനം തൈകളാണ് ഇന്നു മുതൽ വനമഹോത്സവം അവസാനിക്കുന്ന ഏഴു വരെ വിതരണം ചെയ്യുന്നത്. സംസ്ഥാനത്താകെ 20,91,200 തൈകളാണ് വിതരണം ചെയ്യും.
വിദ്യാഭ്യാസ സ്ഥാപനങ്ങൾ, സർക്കാർ സ്ഥാപനങ്ങൾ എന്നിവർക്കു സൗജന്യമായി നൽകും. വരുന്ന മൂന്നു വർഷം നട്ടു പരിപാലിക്കുമെന്ന് ഉറപ്പു വരുത്തുന്ന സർക്കാരേതര സംഘടനകൾക്കും തൈകൾ ലഭ്യമാക്കും. ജീവനക്കാരുടെയും വാഹനങ്ങളുടെയും കുറവു മൂലം നഴ്സറികളിൽ വന്നു തൈകൾ ഏറ്റുവാങ്ങണമെന്നാണ് നൽകിയിരിക്കുന്ന നിർദേശം. വിതരണത്തിനായി ഓരോ ജില്ലകളിലും രണ്ടോ മൂന്നോ സബ് ഒൗട്ട്ലെറ്റുകളും വനം വകുപ്പ് ആരംഭിച്ചിട്ടുണ്ട്.
നാശോന്മുഖമാകുന്ന മാവുകൾ സംരക്ഷിക്കാനായാണ് സാമൂഹ്യവനവത്കരണ വിഭാഗം നാട്ടുമാവും തണലും പദ്ധതി നടപ്പാക്കുന്നത്. കാട്ടിലും നാട്ടിലും വളരുന്ന മാവിന്റെ ഇനങ്ങൾ കൂടത്തൈകളാക്കി പാതയോരങ്ങളിൽ നട്ടു വളർത്തുന്നതാണ് പദ്ധതി. റോഡ് വികസനവുമായി ബന്ധപ്പെട്ടു മാവുകൾ മാറ്റപ്പെട്ടയിടങ്ങളിൽ സഞ്ചാരികൾക്കു തണലേകുന്ന വിധത്തിൽ മാവിൻ തൈകൾ നട്ടുവളർത്തും. സംസ്ഥാനത്തെ 14 സാമൂഹ്യവനവത്കരണ ഡിവിഷനുകളിലും മാവിൻതൈകൾ നടും. തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളുടെ സഹായത്തോടെ ട്രീഗാർഡുകളും സ്ഥാപിക്കും.
സെമിനാർ ഇന്ന്
തൊടുപുഴ: ലോക പരിസ്ഥിതി ദിനാചരണത്തിന്റെ ഭാഗമായി കേരള കോണ്ഗ്രസ്-എം സംസ്കാരവേദി വിവിധ രാജ്യങ്ങളിലായി നൂറിൽപരം കേന്ദ്രങ്ങളിൽ സെമിനാറുകളും വൃക്ഷത്തൈ നടീലും സംഘടിപ്പിക്കും. പരിപാടിയുടെ ഉദ്ഘാടനം ഇന്നു നാലിനു ചെങ്ങന്നൂർ ഐഎച്ച്ആർഡി എൻജിനിയറിംഗ് കോളജിൽ മന്ത്രി സജി ചെറിയാൻ നിർവഹിക്കും. സംസ്ഥാന പ്രസിഡന്റ് ഡോ.വർഗീസ് പേരയിൽ അധ്യക്ഷത വഹിക്കും.
വിനോദസഞ്ചാര കേന്ദ്രങ്ങളിൽ പ്ലാസ്റ്റിക് നിയന്ത്രണം
ഇടുക്കി: വിനോദസഞ്ചാര കേന്ദ്രങ്ങളിൽ ഗ്രീൻ പ്രോട്ടോക്കോൾ ഉറപ്പു വരുത്താനും മാലിന്യമുക്ത വിനോദസഞ്ചാര കേന്ദ്രങ്ങൾ എന്ന ആശയം നടപ്പാക്കാനും ഡിടിപിസി വിനോദസഞ്ചാര കേന്ദ്രങ്ങളിൽ പ്ലാസ്റ്റിക് നിയന്ത്രണം ഏർപ്പെടുത്തും.
പരിസ്ഥിതി ദിനമായ നാളെ മുതൽ വിനോദസഞ്ചാര കേന്ദ്രങ്ങളിലേക്കു പ്ലാസ്റ്റിക് കുപ്പികൾ കൊണ്ടുപോകുന്പോൾ സ്റ്റിക്കർ പതിച്ചു നിശ്ചിത തുക ഈടാക്കും. തിരിച്ചു പോകുന്പോൾ ഇതേ കുപ്പികൾ മടക്കി കൊണ്ടുവരികയാണെങ്കിൽ തുക തിരികെ കൈപ്പറ്റാവുന്ന സംവിധാനം ഏർപ്പെടുത്തുമെന്ന് ഡിടിപിസി സെക്രട്ടറി അറിയിച്ചു.