രാജാക്കാട്: കാൽ മകൻ തല്ലിയൊടിച്ചതായി പരാതി. സേനാപതി പഞ്ചായത്തിലെ ഓട്ടത്തി സ്വദേശി കവലയ്ക്കൽ ആന്റണിയാണ് പരാതിക്കാരൻ. ഓട്ടത്തിയിലുള്ള ആന്റണിയുടെ സ്ഥലവും പഞ്ചായത്തിൽനിന്നും ലഭിച്ച വീടും എഴുതി നല്കണമെന്ന് ആവശ്യപ്പെട്ടാണ് മൂത്ത മകൻ ശല്യം ചെയ്യുന്നതെന്ന് ആന്റണിയുടെ പരാതിയിൽ പറയുന്നു. ഉപദ്രവം കഠിനമായതോടെ പോലീസിൽ പരാതി നൽകി. ഇതിന്റെ ദേഷ്യത്തിൽ മാർച്ച് 16ന് കാൽ തല്ലി ഒടിക്കുകയും ക്രൂരമായി മർദിക്കുകയും വീട്ടുപകരണങ്ങൾ നശിപ്പിക്കുകയും ചെയ്തതായാണ് പരാതി.
നാട്ടുകാരുടെ സഹായത്തോടെ അടിമാലി താലൂക്ക് ആശുപത്രിയിൽ ചികിത്സ തേടിയ ആന്റണി വീണ്ടും ഉടുന്പൻചോല പോലീസിൽ പരാതി നൽകിയെങ്കിലും മാസങ്ങൾ പിന്നിട്ടിട്ടും നടപടി ഉണ്ടായിട്ടില്ലെന്നാണ് ആക്ഷേപം. ചില ജനപ്രതിനിധികളുടെ നേതൃത്വത്തിൽ കേസ് ഒതുക്കി തീർക്കാൻ ശ്രമം നടക്കുന്നതായും ആന്റണി ആരോപിച്ചു. കാലിനു ഗുരുതരമായി പരിക്കേറ്റ ആന്റണി മാസങ്ങളായി കിടപ്പിലാണ്. ആന്റണിക്കും ഭാര്യ മേരിക്കും ലഭിക്കുന്ന വാർധക്യ പെൻഷൻ ഉപയോഗിച്ചാണ് ജീവിതമെന്നും ഇവർ പറയുന്നു. പരാതിയിൽ നടപടി വേണമെന്നും ജീവനും സ്വത്തിനും സംരക്ഷണം നൽകണമെന്നുമാണ് ആന്റണിയുടെയും ഭാര്യയുടെയും ആവശ്യം.