മാരിയിൽ കലുങ്ക് പാലം: അപ്രോച്ച് റോഡ് നിർമാണം ഇഴയുന്നു
1281586
Monday, March 27, 2023 11:39 PM IST
തൊടുപുഴ: മാരിയിൽ കലുങ്ക് പാലത്തിന്റെ അപ്രോച്ച് റോഡ് നിർമാണം ഇഴഞ്ഞനീങ്ങുന്നു. അപ്രോച്ച് റോഡിന്റെ നിർമാണ പ്രവർത്തനങ്ങൾ ആരംഭിച്ച് മൂന്നാഴ്ച പിന്നിട്ടപ്പോഴും നിർദ്ദിഷ്ട റോഡിനായി അടയാളപ്പെടുത്തിയ സ്ഥലത്തെ മരങ്ങൾ വെട്ടിനീക്കുന്ന നടപടി പോലും പൂർത്തിയായിട്ടില്ല. ഒരു ഭാഗത്തെ കാടു വെട്ടിമാറ്റുകയും ഇവിടെ കൂടിക്കിടന്ന മണ്ണ് നിരപ്പാക്കുകയും മാത്രമാണ് ഇതുവരെ ചെയ്തത്. നിർമാണം ആരംഭിച്ച് പത്തു വർഷമായിട്ടും അപ്രോച്ച് റോഡില്ലാത്തതിനാൽ പാലം ജനങ്ങൾക്കു പ്രയോജനപ്പെട്ടിരുന്നില്ല.
പി.ജെ. ജോസഫ് എംഎൽഎയുടെ പ്രാദേശിക വികസനഫണ്ടിൽനിന്ന് അനുവദിച്ച 1.80 കോടി രൂപ ഉപയോഗിച്ചുള്ള നിർമാണ പ്രവർത്തനങ്ങളാണ് ആരംഭിച്ചത്. ഈ ഭാഗത്തെ റോഡ് നിർമാണം പൂർണമായും എംഎൽഎ ഫണ്ട് ഉപയോഗിച്ചാണ് നടത്തുക. എന്നാൽ, നിർമാണം വേഗത്തിൽ പൂർത്തിയാക്കുന്ന കാര്യത്തിൽ പൊതുമരാമത്ത് വകുപ്പ് തികഞ്ഞ ഉദാസീനതയാണ് കാട്ടുന്നതെന്ന് നാട്ടുകാർ പറയുന്നു. തൊടുപുഴയുടെ വികസനത്തിന് പ്രയോജനകരമെന്ന നിലയിലാണ് ഇവിടെ കോടികൾ മുടക്കി പാലം നിർമിച്ചത്. എന്നാൽ, പാലത്തിന്റെ ഇരുവശവും അപ്രോച്ച് റോഡില്ലാത്തതിനാൽ പാലം നോക്കുകുത്തിയായി നിലനിൽക്കുകയായിരുന്നു. ആറരക്കോടി മുടക്കിയാണ് പാലം നിർമിച്ചത്.
ഇതിനിടെ, അപ്രോച്ച് റോഡിന്റെ നിർമാണത്തിനായി സ്വകാര്യവ്യക്തികളുടെ സ്ഥലം ഏറ്റെടുക്കാനുള്ള നടപടികൾ തുടങ്ങിയെങ്കിലും ഫണ്ടിന്റെ അപര്യാപ്തത തടസമായി. പരാതിയെത്തുടർന്ന് പൊതുമരാമത്ത് മന്ത്രി മുഹമ്മദ് റിയാസ് പാലം സന്ദർശിച്ചിരുന്നു. തുടർന്ന് സ്ഥലമേറ്റെടുപ്പിനായി 2021-ൽ 2.90 കോടി അനുവദിച്ചു. പിന്നീട് ഇതിനായി 6.48 കോടി രൂപകൂടി അനുവദിച്ചതോടെ സ്ഥലമെടുപ്പ് നടപടികൾ പൂർത്തിയായി.
പാലത്തിന്റെ മാരിയിൽ കലുങ്ക് ഭാഗത്താണ് കാടു വെട്ടിനീക്കി മണ്ണു നിരപ്പാക്കിയത്. കാഞ്ഞിരമറ്റം ഭാഗത്തെ അപ്രോച്ച് റോഡ് നിർമാണത്തിനായി കഴിഞ്ഞ ദിവസമാണ് മരങ്ങൾ മുറിച്ചുമാറ്റിത്തുടങ്ങിയത്. വനംവകുപ്പ് തയാറാക്കിയ മരത്തിന്റെ വിലയ്ക്കനുസരിച്ച് മരം വെട്ടിനീക്കാൻ ടെൻഡർ ചെയ്തെങ്കിലും ആരും ഏറ്റെടുക്കാതിരുന്നതിനാലാണ് നടപടികൾ വൈകിയതെന്ന് അധികൃതർ പറഞ്ഞു.
അപ്രോച്ച് റോഡ് നിർമാണം പൂർത്തിയായാൽ നഗരത്തിലേക്കുള്ള പ്രവേശനകവാടമായ മോർ ജംഗ്ഷനിൽ അനുഭവപ്പെടുന്ന ഗതാഗതക്കുരുക്കിനു പരിഹാരമാകും. കാഞ്ഞിരമറ്റം, മുതലിയാർമഠം, കാരിക്കോട്, അഞ്ചിരി, തെക്കുഭാഗം എന്നിവിടങ്ങളിലുള്ളവർക്കും കാഞ്ഞിരമറ്റം മഹാദേവ ക്ഷേത്രത്തിലെത്തുന്നവർക്കും പ്രയോജനം ലഭിക്കും.