മേവിടമെട്ട് മികച്ച കുടിവെള്ള പദ്ധതി
1281278
Sunday, March 26, 2023 10:14 PM IST
നെടുങ്കണ്ടം: സംസ്ഥാനത്തെ മികച്ച ശുദ്ധജല വിതരണ പദ്ധതിയായി നെടുങ്കണ്ടം മേവിടമെട്ട് ശുദ്ധജലവിതരണ പദ്ധതി. സാമൂഹിക കുടിവെള്ള പദ്ധതി പ്രകാരം മികച്ച കുടിവെള്ള വിതരണ പദ്ധതിയായാണ് നെടുങ്കണ്ടം ഗ്രാമപഞ്ചായത്തിലെ 17-ാം വാര്‍ഡിലെ മേവിടമെട്ട് ശുദ്ധജല വിതരണ പദ്ധതി തെരഞ്ഞെടുക്കപ്പെട്ടത്.
2007ലാണ് ത്രിതല പഞ്ചായത്തുകളുടെ സഹകരണത്തോടെ 63 കുടുംബംഗങ്ങളെ ഉള്‍പ്പെടുത്തി മൈനര്‍സിറ്റി മേവിടമെട്ടില് കുടിവെള്ളപദ്ധതി ആരംഭിച്ചത്. 2014ല്‍ ജലപദ്ധതിയില്‍ ഉള്‍പ്പെടുത്തി 120 കുടുംബങ്ങൾക്ക് വെള്ളം എത്തിച്ചുനല്‍കി. കുടിവെള്ളത്തിന്റെ ഗുണഭോക്തൃ വിഹിതിമായി ലഭിക്കുന്ന തുകയില്‍നിന്ന് ചെലവുകള്‍ കഴിച്ച് രണ്ടര ലക്ഷം രൂപ നീക്കിയിരിപ്പുണ്ടെന്ന് സെക്രട്ടറി സിബി കോട്ടുപള്ളി പറഞ്ഞു. 50 രൂപ മുതല്‍ 300 രൂപ വരെയുള്ള നാലു സ്ലാബുകളിലാണ് വെള്ളക്കരം ഈടാക്കുന്നത്.
തൃശൂര്‍ സാഹിത്യ അക്കാദമി ചങ്ങന്പുഴ ഓഡിറ്റോറിയത്തില്‍ നടന്ന ചടങ്ങില്‍ സാമൂഹ്യക്ഷേമ മന്ത്രി ആര്. ബിന്ദുവില്‍നിന്ന് വാര്‍ഡ് മെംബര്‍ ആര്. ഷിബു ചെരികുന്നേല്‍, കുടിവെള്ളപദ്ധതി സമിതി പ്രസിഡന്റ് ടി. തോമസ്കുട്ടി, സെക്രട്ടറി സിബി കോട്ടുപള്ളി, കമ്മറ്റിയംഗങ്ങളായ ബിജു ഒടുവേലി, കെ.എ. വത്സലന്‍, ബിനോയി അറയ്ക്കല്‍ തുടങ്ങിയവര്‍ പുരസ്കാരം ഏറ്റുവാങ്ങി.