പാചകവാതക സിലിണ്ടർ പൊട്ടിത്തെറിച്ച് വീട് കത്തി നശിച്ചു
1279945
Wednesday, March 22, 2023 10:39 PM IST
പെരിങ്ങാശേരി: പാചകവാതക സിലിണ്ടർ പൊട്ടിത്തെറിച്ച് വീട് കത്തി നശിച്ചു. വെണ്ണിയാനി തൈപ്ലാംതോട്ടത്തിൽ അനിയുടെ വീടാണ് കത്തി നശിച്ചത്. ഇന്നലെ രാവിലെ 10.30ഓടെയാണ് അപകടം. വീട്ടിലെ വിറകടുപ്പിൽനിന്നു തീ പടർന്നാണ് പാചകവാതക സിലിണ്ടറിനു തീ പിടിച്ചതെന്നാണ് പ്രാഥമിക നിഗമനം.
തീ പിടിത്തത്തിൽ വീട്ടു പകരണങ്ങളും വസ്ത്രങ്ങളും രേഖകളും പൂർണമായും കത്തി നശിച്ചു. അപകടസമയത്ത് അനിയും ഭാര്യയും രണ്ടു മക്കളും അയൽപക്കത്തെ വിവാഹ വീട്ടിൽ ആയിരുന്നതിനാൽ ഇവർ അപകടത്തിൽനിന്നു രക്ഷപെട്ടു.
ഇവിടെയുണ്ടായിരുന്ന ആളുകൾ ഓടിയെത്തി തീ അണച്ചതിനാൽ കൂടുതൽ സ്ഥലങ്ങളിലേയ്ക്ക് തീ പടർന്നില്ല. എങ്കിലും സമീപത്തെ കുറച്ചു കൃഷിയിടങ്ങൾ കത്തി നശിച്ചിട്ടുണ്ട്. പഞ്ചായത്തംഗം ബീന രവീന്ദ്രനും റവന്യു അധികൃതരുമെത്തി നാശനഷ്ടങ്ങൾ വിലയിരുത്തി. കരിമണ്ണൂർ പോലീസും തൊടുപുഴയിൽനിന്ന് അഗ്നി രക്ഷാ സേനയും സ്ഥലത്ത് എത്തിയിരുന്നു. അനിക്കും കുടുംബത്തിനും താത്കാലിക താമസസൗകര്യം ഒരുക്കുമെന്ന് ഉടുന്പന്നൂർ പഞ്ചായത്ത് പ്രസിഡന്റ് എം. ലതീഷ് പറഞ്ഞു.