വെള്ളക്കരം: കുടിശിക നാലു കോടി; കൂടുതൽ കണക്ഷനുകൾ വിച്ഛേദിച്ചു
1279942
Wednesday, March 22, 2023 10:39 PM IST
തൊടുപുഴ: വെള്ളക്കരം കുടിശിക വരുത്തിയവർക്കെതിരെ റവന്യു റിക്കവറി അടക്കമുള്ള കർശന നടപടികളുമായി വാട്ടർ അഥോറിറ്റി. വാട്ടർ ചാർജ് അടയ്ക്കാത്ത സർക്കാർ സ്ഥാപനങ്ങൾക്കുൾപ്പെടെയാണ് വാട്ടർ അഥോറിറ്റി അധികൃതർ നോട്ടീസ് നൽകുന്നത്. കൂടുതൽ കുടിശിക വരുത്തിയ സ്ഥാപനങ്ങളുടെ കണക്ഷൻ വിച്ഛേദിക്കുന്നതുൾപ്പെടെയുള്ള നടപടികളാണ് സ്വീകരിക്കുന്നത്.
തൊടുപുഴ സബ് ഡിവിഷനു കീഴിൽ തൊടുപുഴ ട്രൈബൽ ഹോസ്റ്റലിന്റെ കണക്ഷൻ അധികൃതർ ഇന്നലെ വിച്ഛേദിച്ചു. 64,000 രൂപയാണ് കുടിശികയിനത്തിൽ ഇവർ വാട്ടർ അഥോറിറ്റിയിൽ അടയ്ക്കാനുള്ളത്. കഴിഞ്ഞ ദിവസം കുടിശിക അടയ്ക്കാത്ത തൊടുപുഴ വില്ലേജ് ഓഫീസ്, സബ് രജിസ്ട്രാർ ഓഫീസ്, ജില്ലാ രജിസ്ട്രാർ ഓഫീസ് എന്നിവിടങ്ങളിലെ കണക്ഷനുകളും അധികൃതർ വിച്ഛേദിച്ചിരുന്നു.
അയ്യായിരം രൂപയിൽ കുടുതൽ തുക കുടിശികയുള്ള എല്ലാ ഗുണഭോക്താക്കൾക്കും വാട്ടർ അഥോറിറ്റി നോട്ടീസ് അയയ്ക്കുന്നുണ്ട്. ജില്ലയിൽ തൊടുപുഴ, പീരുമേട് സബ് ഡിവിഷനുകളുടെ കീഴിലാണ് കുടിശികയിനത്തിൽ കൂടുതൽ തുക ലഭിക്കാനുള്ളത്. മാർച്ച്വരെ ഒന്നര കോടിയാണ് കുടിശികയിനത്തിൽ തൊടുപുഴ സബ് ഡിവിഷനിൽനിന്നു പിരിഞ്ഞുകിട്ടാനുള്ളത്. 350 കണക്ഷഷനുകളിൽ നിന്നാണ് ഇത്രയും തുക ലഭിക്കാനുള്ളത്. 18 ലക്ഷം കുടിശികയുള്ള മിനി സിവിൽ സ്റ്റേഷൻ, 2.60 ലക്ഷം അടയ്ക്കാനുള്ള ജില്ലാ വിദ്യാഭ്യാസ ഓഫീസ്, 13 ലക്ഷം കുടിശികയുള്ള പാട്ടുപാറ കോളനി കുടിവെള്ള പദ്ധതി എന്നിവ ഉൾപ്പെടെയാണ് ഇത്രയും തുക ലഭിക്കാനുള്ളത്. ഇതിൽ കുടിശിക അടയ്്ക്കാത്ത 180 കണക്ഷനുകൾ വിച്ഛേദിച്ചു. 84 പേർക്ക് റവന്യു റിക്കവറി പ്രകാരമുള്ള നടപടികൾക്കായി നോട്ടീസ് അയച്ചു.
പീരുമേട് സബ് ഡിവിഷനു കീഴിൽ 142 കണക്ഷനുകളാണ് ഇതിനോടകം വിച്ഛേദിച്ചത്. കുമളി, പീരുമേട് ബിഎസ്എൻഎൽ ഓഫീസുകളും ഇതിൽ ഉൾപ്പെടും. രണ്ടു കോടിയോളം രൂപയാണ് കുടിശികയിനത്തിൽ പിരിഞ്ഞു കിട്ടാനുള്ളത്. ഇതിനു പുറമെ അദാലത്തിൽ വയ്ക്കാത്തതും കണക്ഷൻ വിച്ഛേദിക്കാത്തതുമായി 70 കണക്ഷനുകളിൽനിന്നു 37 ലക്ഷം ലക്ഷം രൂപയും ലഭിയ്ക്കാനുണ്ട്. 30നു മുന്പ് കുടിശിക പൂർണമായും അടയ്ക്കണമെന്ന് ഇവർക്ക് നോട്ടീസ് നൽകിയതായി പീരുമേട് അസിസ്റ്റന്റ് എക്സിക്യുട്ടീവ് എൻജിനിയർ പറഞ്ഞു. ഇതിനു പുറമെ റവന്യു റിക്കവറി നടപടികളും ആരംഭിച്ചിട്ടുണ്ട്.
പൈനാവ് സബ് ഡിവിഷനു കീഴിൽ കുടിശികയിനത്തിൽ 45 ലക്ഷത്തോളം രൂപയാണ് വാട്ടർ അഥോറിറ്റിയ്ക്ക് ലഭിക്കാനുള്ളത്. ഏറ്റവും വലിയ കുടിശിക ഉണ്ടായിരുന്നത് ഇടുക്കി മെഡിക്കൽ കോളജിനായിരുന്നു. 94 ലക്ഷത്തോളം രൂപയായിരുന്നു മെഡിക്കൽ കോളജിന്റെ കുടിശിക. ഇത് ആരോഗ്യ വകുപ്പ് പൂർണമായും അടച്ചതോടെ കുടിശിക ഒഴിവായി.
ആരോഗ്യ വകുപ്പ് 11 ലക്ഷം, പോലീസ് ആറു ലക്ഷം, ആയുർവേദ ആശുപത്രി 51,000 രൂപ ഉൾപ്പെടെ സർക്കാർ സ്ഥാപനങ്ങളിൽനിന്നു 20 ലക്ഷത്തോളം രൂപയാണ് കുടിശികയിനത്തിൽ ലഭിക്കാനുള്ളത്. സ്വകാര്യ മേഖലയിൽനിന്നാണ് ബാക്കി തുക ലഭിക്കാനുള്ളത്. റവന്യു റിക്കവറി നടപടികൾ ഇവിടെയും ആരംഭിച്ചതായി വാട്ടർ അഥോറിറ്റി എഎക്സ്ഇ അറിയിച്ചു.