ന്യൂമാൻ കോളജിൽ സംരംഭകത്വ ശില്പശാല
1266073
Wednesday, February 8, 2023 11:07 PM IST
തൊടുപുഴ: ന്യൂമാൻ കോളജിൽ കൊമേഴ്സ് വിഭാഗത്തിന്റെയും ബിസിനസ് ഇങ്കുബേഷൻ സെന്ററിന്റെയും ആഭിമുഖ്യത്തിൽ കേന്ദ്രസർക്കാർ സ്ഥാപനമായ ഗ്രാമീണ സ്വയം തൊഴിൽ പരിശീലന കേന്ദ്രം സംഘടിപ്പിച്ച പരിശീലന പരിപാടി ശ്രദ്ധേയമായി.
സ്വന്തമായി സംരംഭങ്ങൾ ശാസ്ത്രീയമായി ആവിഷ്കരിക്കുന്നതിനും നടപ്പിലാക്കുന്നതിനുള്ള നൂതന മാർഗങ്ങൾ, ഡിജിറ്റൽ മാർക്കറ്റിംഗ് സാങ്കേതികവിദ്യ, വ്യക്തിത്വ വികസന കാപ്സ്യൂൾ, എന്നിങ്ങനെ വിദ്യാർഥികളുടെ സമഗ്ര വികസനത്തിനുതകുന്നകർമ പരിപാടികൾ ഒരാഴ്ച നീണ്ടുനിന്ന തീവ്ര പരിശീലന യത്നത്തിന്റെ ഭാഗമായി നടത്തി. വിജയകരമായി പരിശീലനം പൂർത്തിയാക്കിയ വിദ്യാർഥികൾക്ക് സർക്കാർ സംവിധാനങ്ങളിൽനിന്നു ലഭിക്കുന്ന സാന്പത്തിക സഹായം, സാങ്കേതികവിദ്യകൾ, പരിശീലന പരിപാടികൾ എന്നിവ ലഭ്യമാക്കുന്നതിനുള്ള സജ്ജീകരണങ്ങൾ പദ്ധതിയുടെ തുടർ പ്രവർത്തനങ്ങളുടെ ഭാഗമായി ഒരുക്കും.
പരിശീലന പരിപാടിയുടെ ഉദ്ഘാടനം കോളജ് പ്രിൻസിപ്പൽ ഡോ. ബിജിമോൾ തോമസ് നിർവഹിച്ചു. ജില്ലാ ലീഡ് ബാങ്ക് മാനേജർ രാജഗോപാൽ മുഖ്യപ്രഭാഷണം നടത്തി. ഡിപ്പാർട്ട്മെന്റ് മേധാവി ക്യാപ്റ്റൻ പ്രജീഷ് സി. മാത്യു, ഡോ. ടി.ആർ. അഞ്ജു, പ്രഫ. എബി തോമസ്, ഡോ. ബോണി ബോസ് എന്നിവർ പ്രസംഗിച്ചു. ദേശീയ പരിശീലകൻ അരുണ്‍ റെജി വർക്ക്ഷോപ്പിന് നേതൃത്വം നൽകി.
ഡോ. കെ.എം.എച്ച്. ഇക്ബാൽ, കെ.വി. ഹരീഷ് എന്നിവർ ക്ലാസ് നയിച്ചു. ഡോ. ദിവ്യ ജെയിംസ്, ബീന ദീപ്തി ലൂയിസ്, ജോയൽ ജോർജ്, ശാരിക പുഷ്പൻ എന്നിവർ നേതൃത്വം നൽകി. വർക്ക് ഷോപ്പിൽ പങ്കെടുത്ത വിദ്യാർഥികൾക്കുള്ള സർട്ടിഫിക്കറ്റുകൾ ഇടുക്കി ആർടിഒ ടി.എ. നസീർ സമാപന യോഗത്തിൽ വിതരണം ചെയ്തു.