തോണ്ടിമലയിൽനിന്നു കുടിയിറക്കിയ കർഷകർ സമരത്തിന്
1266059
Wednesday, February 8, 2023 11:02 PM IST
തൊടുപുഴ: ജില്ലയിലെ പൂപ്പാറ വില്ലേജിലെ തോണ്ടിമല താവളത്തിലെ മേക്കാട്ടുനിരപ്പ്, മുത്തുപാറ ഭാഗത്തുനിന്നു 2002-ൽ മതികെട്ടാൻ വനംകൈയേറ്റത്തിന്റെ പേരിൽ പട്ടയം ഉൾപ്പെടെ വ്യക്തമായ രേഖകളുമുള്ള 176 ഏലം കർഷകരെ കുടിയിറക്കിയ നടപടി പിൻവലിക്കണമെന്നും ഇവർക്കു നഷ്ടപ്പെട്ട ഭൂമിയും നഷ്ടപരിഹാരവും നൽകണമെന്നും തോണ്ടിമല ഏലം കർഷകസമിതി ഭാരവാഹികൾ പത്രസമ്മേളനത്തിൽ ആവശ്യപ്പെട്ടു.
ഭൂമി തിരികെ ലഭിക്കുന്നതിനും കൃഷിയും ദേഹണ്ഡങ്ങളും കെട്ടിടങ്ങളും നശിപ്പിച്ചതിനു നഷ്ടപരിഹാരം ആവശ്യപ്പെട്ടും കർഷകർ വിവിധ കോടതികളെ സമീപിക്കുകയും കർഷകർക്ക് ഭൂമി തിരികെ കൊടുക്കുന്നതിനു കോടതി ഉത്തരവിടുകയും ചെയ്തിരുന്നു. എന്നാൽ, വിധി ഇതുവരെ നടപ്പാക്കുന്നതിനു ബന്ധപ്പെട്ട അധികാരികൾ തയാറായിട്ടില്ല. ഭൂമി നഷ്ടപ്പെട്ട അഞ്ചു കർഷകർ ഇതിനിടെ ജീവനൊടുക്കുകയും ചെയ്തു.
കർഷകരെ കുടിയൊഴിപ്പിച്ച അവസരത്തിൽ അന്നു കർഷകർക്കെതിരായി നിന്ന രാഷ്ട്രീയ പർട്ടികളും സംഘടനകളും ഇപ്പോൾ കർഷകരുടെ പട്ടയവും ആധാരങ്ങളും ഉൾപ്പെടെയുള്ള രേഖകൾ പരിശോധിച്ചു ബോധ്യപ്പെട്ടതിന്റെ അടിസ്ഥാനത്തിൽ എം.എം. മണി എംഎൽഎ മുൻകൈയെടുത്ത് ശാന്തൻപാറ പഞ്ചായത്ത് കമ്യൂണിറ്റി ഹാളിൽ പഞ്ചായത്ത് പ്രസിഡന്റ് ലിജു വർഗീസിന്റെ അധ്യക്ഷതയിൽ യോഗം ചേർന്നിരുന്നു. മതിയായ രേഖകളുള്ള കർഷകരെ ഇതേ സ്ഥലത്തു കുടിയിരുത്തുന്നതിനുള്ള നിലപാടുകൾ സ്വീകരിക്കുമെന്നു യോഗത്തിൽ ഉറപ്പ് നൽകി.
ഈ ഭൂമി ധനകാര്യ സ്ഥാപനങ്ങളിൽ ഈടായി നൽകി കർഷകർ നാലു കോടിയോളം രൂപ വായ്പയെടുത്തിട്ടുമുണ്ട്.
കർഷകരെ കുടിയിരുത്തണമെന്ന് ആവശ്യപ്പെട്ടു ശാന്തൻപാറ പഞ്ചായത്ത് ഭരണസമിതിയും ഹൈക്കോടതിയിൽ കേസ് നടത്തിവരികയാണ്.
എന്നാൽ, ഉദ്യോഗസ്ഥരുടെ ഭാഗത്തുനിന്നുണ്ടാകുന്ന നിഷേധാത്മക നിലപാടിൽ പ്രതിഷേധിച്ചും കൃഷിസ്ഥലവും നഷ്ടപരിഹാരവും ലഭിക്കുന്നതിനും കർഷകസമിതിയുടെ ആഭിമുഖ്യത്തിൽ ദേവികുളം ആർഡിഒ ഓഫീസിലേക്കു മാർച്ച് സംഘടിപ്പിക്കുമെന്നു ഭാരവാഹികൾ അറിയിച്ചു.
പത്രസമ്മേളനത്തിൽ സമിതി ചെയർമാൻ കെ.ടി. സുകുമാരൻ, കണ്വീനർ ജോർജ് ഫിലിപ്പ്, കമ്മിറ്റിയംഗങ്ങളായ സി.എം. അഫ്സൽ, മാത്യു ജോസഫ്, സിറാജ് എന്നിവർ പങ്കെടുത്തു.