പീരുമേട്ടിൽ പട്ടയ അപേക്ഷകൾ കെട്ടിക്കിടക്കുന്നു
1265079
Sunday, February 5, 2023 9:24 PM IST
ഉപ്പുതറ: ഉദ്യോഗസ്ഥരുടെ അനാസ്ഥ മൂലം പീരുമേട് ഭൂമി പതിവ് ഓഫീസിൽ പട്ടയ നടപടികൾ വൈകുന്നതായി പരാതി.
ഉപ്പുതറ, വാഗമൺ, ഏലപ്പാറ, പെരുവന്താനം, കൊക്കയാർ വില്ലേജുകളിൽനിന്നുള്ള നൂറുകണക്കിനു അപേക്ഷകളാണ് പീരുമേട് ഭൂമിപതിവ് ഓഫീസിൽ കെട്ടിക്കിടക്കുന്നത്.
2015 മുതൽ നൽകിയ നിരവധി അപേക്ഷകളിൽ ഒരു നടപടിയും സ്വീകരിച്ചിട്ടില്ല. പലരുടെയും അപേക്ഷകൾ കാണാതായതായും പരാതിയുണ്ട്. ഏതാനും ഉദ്യോഗസ്ഥരാണു അപേക്ഷകൾ കാണാതാകുന്നതിനും നടപടികൾ വൈകിക്കുന്നതിനും പിന്നിലെന്നു ആരോപണമുണ്ട്.
കൈമടക്കുവാങ്ങി പട്ടയം നൽകുന്ന ഉദ്യോഗസ്ഥരുടെ പേരിൽ നടപടി വേണമെന്ന പരാതിയിലും നടപടിയില്ല. എൽഎ ഓഫീസിൽനിന്നു തപാൽമാർഗം ലഭിക്കുന്ന അറിയിപ്പു പ്രകാരം ഓഫീസിൽ എത്തുന്നവരിൽനിന്നു പരമാവധി കൈമടക്ക് വശത്താക്കാനുള്ള തന്ത്രമാണ് ഉദ്യോഗസ്ഥർ സ്വീകരിക്കുന്നതെന്നു പറയുന്നു. ഇങ്ങനെ പണം വാങ്ങിയ ഉദ്യോഗസ്ഥർ സ്ഥലംമാറി പോയാൽ പിന്നീട് ഇതേ സ്ഥാനത്തു വരുന്ന ഉദ്യോഗസ്ഥർക്കു വീണ്ടും പണം നൽകേണ്ട അവസ്ഥയും ഉണ്ടായിട്ടുണ്ട്.
പട്ടയ നടപടികൾ മുന്നോട്ടു നീക്കാൻ ചില ഏജന്റുമാരും പ്രവർത്തിക്കുന്നുണ്ട്. പരാതിയുടെ അടിസ്ഥാനത്തിൽ മുന്പു ചില ഉദ്യോഗസ്ഥരെ വിജിലൻസ് പിടികൂടിയിട്ടുണ്ടങ്കിലും പട്ടയ നടപടികളിലുള്ള അഴിമതി ഇപ്പോഴും തുടരുകയാണ്.
കൈവശ ഭൂമിയുള്ള എല്ലാവർക്കും പട്ടയം നൽകുമെന്ന സർക്കാർ പ്രഖ്യാപനമാണ് ഉദ്യോഗസ്ഥരും ഏജന്റുമാരും ചേർന്ന് അട്ടിമറിക്കുന്നത്.