താലൂക്കാശുപത്രിയിൽ ആളുമാറി ഡിസ്ചാർജ്; മരുന്നും മാറി നൽകി
1264265
Thursday, February 2, 2023 10:31 PM IST
അടിമാലി: താലൂക്ക് ആശുപത്രിയിൽ ഡോക്ടർ നിർദ്ദേശിച്ച രോഗിക്കു പകരം മറ്റൊരു രോഗിയെ ഡിസ്ചാർജ് ചെയ്തു. സംഭവം സംബന്ധിച്ച് ആശുപത്രി സൂപ്രണ്ട് അന്വേഷണം തുടങ്ങി. നഴ്സുമാരുടെ അനാസ്ഥയാണ് കാരണമെന്ന് ആക്ഷേപം. അടിമാലി താലൂക്ക് ആശുപത്രിയിൽ കഴിഞ്ഞ ജനുവരി 30നായിരുന്നു സംഭവം.
ആശുപത്രി വാർഡിൽ ഓർത്തോ ഡോക്ടർ അഡ്മിറ്റ് ചെയ്തതും ഓപ്പറേഷൻ കഴിഞ്ഞതുമായ ഇടമലക്കുടി സ്വദേശി മഹേശ്വര(53)നും സർജൻ അഡ്മിറ്റ് ചെയ്ത വേലിയാംപാറ കുടിയിലെ രാജു നാഗ(40)നും ചികിത്സയിലുണ്ടായിരുന്നു. ഓർത്തോ സർജൻ തന്റെ രോഗിക്കു കഴിഞ്ഞ 30ന് ഡിസ്ചാർജ് സമ്മറി എഴുതി വാർഡിലെ നഴ്സുമാരെ ഏൽപ്പിച്ചു.
എന്നാൽ, നഴ്സുമാർ സർജൻ അഡ്മിറ്റ് ചെയ്ത രാജു നാഗനെ ഡിസ്ചാർജ് ചെയ്യുകയും ഓർത്തോ ഡോക്ടർ കുറിച്ച മരുന്നുകൾ എല്ലാം രാജു നാഗനു നൽകി വീട്ടിലേക്ക് അയ്ക്കുകയും ചെയ്തെന്നാണ് പരാതി.
ജനുവരി 31ന് സർജൻ വാർഡ് പരിശോധനയ്ക്ക് എത്തിയപ്പോൾ തന്റെ രോഗിയായ രാജു നാഗനെ കണ്ടില്ല. നഴ്സുമാരോടു വിഷയം തിരക്കിയപ്പോഴാണ് ഡിസ്ചാർജ് ചെയ്ത രോഗി മാറിപ്പോയ വിവരം ഡോക്ടർ അറിഞ്ഞത്. ഡോക്ടർ വിഷയം സൂപ്രണ്ടിനെ അറിയിച്ചു. സൂപ്രണ്ട് ഇതു സംബന്ധിച്ചു പ്രാഥമിക അന്വേഷണം നടത്തി. എന്നാൽ, തുടർ നടപടികൾ ഒന്നും സ്ഥീകരിച്ചിട്ടില്ല.
പരിഹരിച്ചെന്ന് സൂപ്രണ്ട്
ഇതിനിടെ, ആശുപത്രിയിൽനിന്ന് ഒരു സംഘം രാജു നാഗന്റെ വീട്ടിലെത്തി മാറിപ്പോയ മരുന്നു തിരികെ വാങ്ങി യഥാർഥ മരുന്ന് നൽകി. ആദിവാസി വിഭാഗത്തിൽപ്പെട്ട രോഗിക്കു വിഷയത്തിന്റെ ഗൗരവം മനസിലാകാത്തതിനാൽ വ്യാഴാഴ്ച വരെ പരാതിയുമായി എത്തിയിട്ടില്ല. ആശുപത്രിയിൽ കഴിഞ്ഞ ദിവസങ്ങളിലെല്ലാം മരുന്നുകൾ രണ്ട് രോഗികൾക്കും മാറിയാണോ നൽകിയതെന്നും അന്വേഷിക്കുന്നുണ്ട്.
എന്നാൽ, പ്രശ്നം പരാതിക്ക് ഇടയാകാതെ പരിഹരിച്ചതായി അടിമാലി താലൂക്ക് ആശുപത്രി സൂപ്രണ്ട് ഡോ. പ്രസീത പറഞ്ഞു. സംഭവം സംബന്ധിച്ച് ഡിഎംഒ വിശദീകരണം തേടിയിട്ടുണ്ട്.