സ്വത്ത് തട്ടിയെടുത്തശേഷം വയോധികയെ മകള്‍ ഉപേക്ഷിച്ചതായി പരാതി
1263978
Wednesday, February 1, 2023 10:31 PM IST
നെടുങ്കണ്ടം: സ്വത്ത് തട്ടിയെടുത്തശേഷം വൃദ്ധമാതാവിനെ മകള്‍ ഉപേക്ഷിച്ചതായി പരാതി. നെടുങ്കണ്ടം ആനക്കല്ല് സ്വദേശി ചള്ളിയില്‍ ശ്യാമള ചക്രപാണിയാണു പരാതിയുമായി രംഗത്തെത്തിയത്.
കോമ്പയാറിലും ആനക്കല്ലിലുമായി ശ്യാമളയുടെയും ഭര്‍ത്താവ് ചക്രപാണിയുടെയും ഉടമസ്ഥതയില്‍ കോടിക്കണക്കിനു രൂപ വിലവരുന്ന ഭൂമി ഉണ്ടായിരുന്നു. വിവിധ ആവശ്യങ്ങള്‍ ഉന്നയിച്ച് പല തവണയായി മകള്‍ ഈ വസ്തുവകകള്‍ സ്വന്തം പേരിലേക്കു മാറ്റിയെടുത്തതായി ശ്യാമള പറയുന്നു. പിന്നീട് മകള്‍ക്കും മകളുടെ ഭര്‍ത്താവിനും ഒപ്പം നെടുങ്കണ്ടത്തെ വീട്ടിലായിരുന്നു ഇവരുടെ താമസം.
എന്നാല്‍, ഒന്നര വര്‍ഷം മുമ്പ് ചക്രപാണി കാന്‍സര്‍ ബാധിതനായി. രോഗവിവരം അറിഞ്ഞെങ്കിലും ചികിത്സ നല്കാന് മകള്‍ തയാറായില്ല. രോഗബാധിതനായതോടെ ഇരുവരെയും ഒരു മുറിയിലേക്കു മാറ്റിയതായും കൃത്യമായി ഭക്ഷണംപോലും നല്‍കിയില്ലെന്നും ഇവര്‍ ആരോപിക്കുന്നു.
രോഗം മൂര്‍ച്ഛിച്ചതോടെ ഇരുവരും ആശുപത്രിയില്‍ പോകുന്നതിനായി ഹരിപ്പാടുള്ള ബന്ധുവീട്ടിലേക്കു പോയി. തുടര്‍ന്ന് ബന്ധുക്കളുടെ നേതൃത്വത്തില്‍ ആശുപത്രിയില്‍ എത്തിച്ചപ്പോഴാണ് ചക്രപാണി കാന്സര്ബാധിതനാണെന്നു മറ്റുള്ളവര്‍ അറിഞ്ഞത്. രോഗവിവരം അറിയിച്ച് പലതവണ മകളെ ബന്ധപ്പെട്ടെങ്കിലും ഇവര്‍ തിരിഞ്ഞുനോക്കിയില്ല.
പിന്നീട്, ആശുപത്രിയില്‍നിന്നു ആനക്കല്ലിലെ വീട്ടിലേക്ക് ഇവര്‍ മടങ്ങി. ബന്ധുക്കളും അയല്‍ക്കാരുമാണ് സഹായത്തിന് ഒപ്പമുണ്ടായിരുന്നത്. നാലു മാസം മുമ്പ് ചക്രപാണി മരിച്ചു.
ഇതോടെ, ഇടയ്ക്കിടെ എത്തുന്ന മകള്‍ ഭീഷണിപ്പെടുത്തുകയാണെന്നും വീട്ടില്‍നിന്നു ഇറങ്ങിപ്പോകാന്‍ ആവശ്യപ്പെട്ടതായും ശ്യാമള ആരോപിച്ചു. കേരള ബാങ്ക് ജീവനക്കാരിയാണു മകള്‍. ഇവരുടെ ഭര്‍ത്താവ് സര്‍ക്കാര്‍ ഉദ്യോഗസ്ഥനാണ്. തനിക്ക് കുടുംബവിഹിതമായി ലഭിച്ച 35 സെന്റ് ഭൂമിയും ആനക്കല്ലിലെ വീടും തിരികെ നല്‍കണമെന്നാവശ്യപ്പെട്ട് പോലീസിലും റവന്യു അധികൃതര്‍ക്കും സഹകരണവകുപ്പിനും ശ്യാമള പരാതി നല്കി.
എന്നാല്‍, പരാതി അടിസ്ഥാനരഹിതമാണെന്നും ചില ബന്ധുക്കള്‍ സ്വത്ത് തട്ടിയെടുക്കാന്‍ നടത്തുന്ന ശ്രമത്തിന്റെ ഭാഗമാണ് ആരോപണങ്ങളെന്നും മകള്‍ പറഞ്ഞു