ജലപരിശോധനയ്ക്ക് ഇനി കുട്ടികൾ; പരിശീലനം മൂന്ന് കേന്ദ്രങ്ങളിൽ
1246059
Monday, December 5, 2022 10:55 PM IST
തൊടുപുഴ: ജില്ലയിലെ ഹയർ സെക്കൻഡറി സ്കൂളുകളിലെ 35 ഹരിതകേരളം ജലലാബുകളുടെയും പ്രവർത്തനം വിദ്യാർഥികൾവഴി കൂടുതൽ ഉൗർജിതമാക്കും.
ഇതിന്റെ ഭാഗമായി വിദ്യാർഥികൾക്കും അധ്യാപകർക്കും ജലത്തിന്റെ ഗുണനിലവാരം പരിശോധിക്കുന്നതിനു പരിശീലനം നൽകും.
നാളെയും മറ്റന്നാളുമായി കട്ടപ്പന സെന്റ് ജോർജ്, അടിമാലി എസ്എൻഡിപി, കുടയത്തൂർ ജിഎച്ച്എസ്എസ് എന്നീ സ്കൂളുകളിലാണ് ജലഗുണനിലവാരം പരിശോധിക്കാൻ പരിശീലനം സംഘടിപ്പിക്കുന്നത്.
സ്കൂളുകളിലെ 35 രസതന്ത്രം അധ്യാപകർക്കും 175 സയൻസ് വിദ്യാർഥികൾക്കുമാണ് പരിശീലനം നൽകുന്നത്. ആദ്യവർഷ വിദ്യാർഥികൾക്കാണ് പരിശീലനം. ഇവർ മുഖേന മറ്റു കുട്ടികൾക്കും പരിശീലനം നൽകുമെന്ന് നവകേരളം ജില്ലാ കോ-ഓർഡിനേറ്റർ ഡോ. വി.ആർ. രാജേഷ് അറിയിച്ചു.
എംഎൽഎമാരുടെ ഫണ്ടുപയോഗിച്ച് തുറന്ന 35 പഞ്ചായത്തുകളിലാണ് സ്കൂളുകളിൽ ജലപരിശോധനാ ലാബുകൾ പ്രവർത്തിക്കുന്നത്.
പരിശോധനയ്ക്കാവശ്യമായ എല്ലാ ഉപകരണങ്ങളും രാസവസ്തുക്കളും നേരത്തേതന്നെ ഈ സ്കൂളുകളിൽ ലഭ്യമാക്കിയിരുന്നു. സ്കൂളുകളിലെ രസതന്ത്രം അധ്യാപകർക്കാണ് ലാബിന്റെ നടത്തിപ്പ് ചുമതല.
പല സ്കൂളുകളിലും അധ്യാപകരുടെ സ്ഥലംമാറ്റം ജലപരിശോധനകളെ വിപരീതമായി ബാധിക്കുന്ന സ്ഥിതിയുണ്ടായി. ഇതൊഴിവാക്കാനാണ് കുട്ടികൾക്ക് പരിശീലനം നൽകി സ്കൂളിലെ ജലപരിശോധന സജീവമാക്കുന്നത്.