മാന്നാനത്ത് ബൈബിള്‍ കണ്വന്ഷന് ഇന്നു മുതല്‍
1478704
Wednesday, November 13, 2024 5:38 AM IST
മാന്നാനം: വിശുദ്ധ ചാവറ കുര്യാക്കോസ് ഏലിയാസച്ചന്റെ തിരുനാളിനും വിശുദ്ധപദവി പ്രഖ്യാപന ദിനാചരണങ്ങള്‍ക്കും ഒരുക്കമായി മാന്നാനം ആശ്രമദേവാലയത്തില് ഇന്നു മുതല്‍ 17 വരെ വചനാഭിഷേകം ബൈബിള്‍ കണ്വന്ഷന് നടത്തും.
വയനാട് അനുഗ്രഹ റിട്രീറ്റ് സെന്റെര് ഡയറക്ടറും വചനപ്രഘോഷകനുമായ ഫാ. മാത്യു വയലാമണ്ണില്‍ കണ്വന്ഷന് നയിക്കും. വിശുദ്ധ ചാവറയച്ചന്റെ പ്രേഷിതപ്രവര്‍ത്തനങ്ങളുടെ കേന്ദ്രമായിരുന്ന മാന്നാനത്തു നടക്കുന്ന വചനാഭിഷേക ബൈബിള്‍ കണ്വന്ഷന് ഒരുക്കം പൂര്‍ത്തിയായി.
ഇന്നു വൈകുന്നേരം 4.30നു വിശുദ്ധ കുര്‍ബാനമധ്യേ ഇരിങ്ങാലക്കുട ബിഷപ് മാര്‍ പോളി കണ്ണൂക്കാടന്‍ കണ്വന്ഷന് ഉദ്ഘാടനം ചെയ്യും. 17 വരെയുള്ള ദിവസങ്ങളിലെ തിരുക്കര്‍മങ്ങളില്‍ സിഎംഐ തിരുവനന്തപുരം പ്രൊവിന്‍ഷ്യല്‍ ഫാ. ആന്റണി ഇളംതോട്ടം, സിഎസ്ടി ആലുവ പ്രൊവിന്‍ഷല്‍ ഫാ. ജോജോ ഇണ്ടിപറമ്പില്‍, കോട്ടയം അതിരൂപത പാസ്റ്ററല്‍ കോ-ഓര്‍ഡിനേറ്റര്‍ ഫാ. മാത്യു മണക്കാട്ട്, താമരേശരി ബിഷപ് മാര്‍ റെമീജിയോസ് ഇഞ്ചനാനിയില്‍ എന്നിവര്‍ കാര്‍മികത്വം വഹിക്കും.
വൈകുന്നേരം നാലിന് ജപമാല, 4.30നു വിശുദ്ധ കുര്‍ബാന, 5.45നു വചനപ്രഘോഷണം. ഒന്‍പതിന് സമാപനം. കണ്വന്ഷന് ഒരുക്കമായുള്ള അഖണ്ഡ ബൈബിള്‍ പാരായണം ആശ്രമദേവാലയത്തില് നടന്നു. ജപമാല പ്രദക്ഷിണം ഇന്നലെ വൈകുന്നേരം മാന്നാനം ജംഗ്ഷനിലുള്ള ഫാത്തിമമാതാ കപ്പേളയില്‍നിന്നു മാന്നാനം ആശ്രമദേവാലയത്തിലേക്കു നടത്തി.
കണ്വന്ഷന് വിജയത്തിനായുള്ള ജെറീക്കോ പ്രാര്‍ഥന ദിവസവും ഉച്ചകഴിഞ്ഞ് 2.30ന് . കണ്വന്ഷന് ദിവസങ്ങളില്‍ വിവിധ സ്ഥലങ്ങളിലേക്ക് പ്രത്യേകബസ് സര്‍വീസ് ഉണ്ടായിരിക്കും. കണ്‍വന്‍ഷനെത്തുന്ന രോഗികള്‍ക്കും പ്രായമായവര്‍ക്കും പ്രത്യേക ഇരിപ്പിടം ഒരുക്കിയിട്ടുണ്ട്. കണ്വന്ഷന് ദിവസങ്ങളില്‍ രാവിലെ 10 മുതല്‍ വൈകുന്നേരം മൂന്നു വരെ കുമ്പസാരത്തിനു സൗകര്യമുണ്ട്.
പത്രസമ്മേളനത്തില്‍ ആശ്രമാധിപന് റവ.ഡോ. കുര്യന് ചാലങ്ങാടി, ഫാ. റെന്നി കളത്തില്‍, മാര്ട്ടിന് പെരുമാലില്‍, കെ.സി. ജോയി കൊച്ചുപറമ്പില്‍ എന്നിവര്‍ പങ്കെടുത്തു.