സായുധസേനാ പതാകനിധിയിലേക്ക് ജില്ലയില്‍ നിന്ന് 15.35 ലക്ഷം രൂപ സമാഹരിക്കും
1478708
Wednesday, November 13, 2024 5:38 AM IST
കോട്ടയം: സായുധസേനാ പതാകനിധിയിലേക്കു ജില്ലയില്‍നിന്ന് 15.35 ലക്ഷം രൂപ സമാഹരിക്കാന്‍ കളക്ടറേറ്റ് കോണ്‍ഫറന്‍സ് ഹാളില്‍ നടന്ന സായുധസേന പതാകദിന നിധി കമ്മിറ്റി തീരുമാനിച്ചു.
സായുധസേനാ പതാകദിനത്തിന്റെ ടോക്കണ്‍ ഫ്ളാഗ്, കാര്‍ ഫ്ളാഗ്, കാര്‍ ഗ്ലാസ് സ്റ്റിക്കര്‍ എന്നിവയുടെ വില്പനയിലൂടെയും എന്‍സിസി കേഡറ്റ്സ് ഹുണ്ടി ബോക്സ് പിരിവിലൂടെയും സഹകരണ സൊസൈറ്റികളുടെ പൊതുനന്മഫണ്ടില്‍നിന്ന് സംഭാവന സ്വീകരിച്ചുമാണ് പതാകനിധിയിലേക്ക് തുക സമാഹരിക്കുക. വിമുക്തഭടന്മാരുടെയും കുടുംബാംഗങ്ങളുടെയും ക്ഷേമത്തിനായാണ് ഈ തുക വിനിയോഗിക്കും.
ടോക്കണ്‍ ഫ്ളാഗിന് 10 രൂപയും കാര്‍ ഫ്ളാഗിന് 20 രൂപയും കാര്‍ ഗ്ലാസ് സ്റ്റിക്കറിന് 100 രൂപയുമാണ് വില നിശ്ചയിച്ചിട്ടുള്ളത്. 70,080 ടോക്കണ്‍ ഫ്ളാഗുകളും 39,680 കാര്‍ ഫ്ളാഗുകളും 408 കാര്‍ ഗ്ലാസ് സ്റ്റിക്കറുകളും വിവിധ വകുപ്പുകള്‍, സ്കൂളുകള്‍, സ്ഥാപനങ്ങള്‍ എന്നിവ വഴി വിതരണം ചെയ്യും. ഡിസംബര്‍ ഏഴിനാണ് സായുധസേന പതാക ദിനം. ജില്ലാ സൈനിക ബോര്‍ഡ് യോഗവും ഇതോടനുബന്ധിച്ചു നടന്നു.
അഡീഷണല്‍ ജില്ലാ മജിസ്ട്രേറ്റ് ബീന പി. ആനന്ദ് അധ്യക്ഷത വഹിച്ചു. ജില്ലാ സൈനികക്ഷേമ ഓഫീസര്‍ വിനോദ് മാത്യു, ജില്ലാ ഇന്‍ഫര്‍മേഷന്‍ ഓഫീസര്‍ എ. അരുണ്‍ കുമാര്‍, ജില്ലാ പ്ലാനിംഗ് ഓഫീസര്‍ എം.പി. അനില്‍കുമാര്‍, ജില്ലാ സൈനിക ക്ഷേമ ബോര്‍ഡ് വൈസ് പ്രസിഡന്റ് ഷാജി പ്ലാത്തോട്ടം, സഹകരണവകുപ്പ് ഡെപ്യൂട്ടി രജിസ്ട്രാര്‍ എസ്. ഉഷ തുടങ്ങിയവര്‍ പങ്കെടുത്തു.