എംജി നീന്തല്‍ മത്സരം: എംഎ കോളജ് കോതമംഗലം ജേതാക്കള്‍
1478706
Wednesday, November 13, 2024 5:38 AM IST
പാലാ: എംജി സര്‍വകലാശാല സ്വിമ്മിംഗ് ചാമ്പ്യന്‍ഷിപ്പില്‍ പുരുഷ വനിതാ വിഭാഗങ്ങളില്‍ കോതമംഗലം മാര്‍ അത്തനേഷസ് കോളജ് ജേതാക്കളായി. പാലാ സെന്റ് തോമസ് കോളജ് ഇന്റഗ്രേറ്റഡ് സ്പോര്‍ട്സ് കോംപ്ലക്സിലെ സിമ്മിംഗ് പൂളില്‍ നടന്ന മത്സരത്തില്‍ പുരുഷ വിഭാഗത്തില്‍ 135 പോയിന്റും വനിതാ വിഭാഗത്തില്‍ 105 പോയിന്റും കരസ്ഥമാക്കിയാണ് എംഎ കോളജ് ഇരട്ടക്കിരീടം ചൂടിയത്.
പുരുഷ വിഭാഗത്തില്‍ പാലാ സെന്റ് തോമസ് കോളജ് 58 പോയിന്റുമായും വനിതാ വിഭാഗത്തില്‍ പാലാ അല്‍ഫോന്‍സാ കോളജ് 70 പോയിന്റുമായും രണ്ടാം സ്ഥാനം നേടി. വനിതാ വിഭാഗത്തില്‍ പാലാ സെന്റ് തോമസ് കോളജ് 31 പോയിന്റുമായും പുരുഷ വിഭാഗത്തില്‍ മൂലമറ്റം സെന്റ് ജോസഫ് അക്കാദമി എട്ട് പോയിന്റുമായും മൂന്നാം സ്ഥാനം കരസ്ഥമാക്കി.
ചാമ്പ്യന്‍ഷിപ്പിലെ വ്യക്തിഗത ജേതാക്കളായി പാലാ സെന്റ് തോമസിലെ സാനിയ സജി (അഞ്ച് സ്വര്‍ണം), കോതമംഗലം എംഎ കോളജിലെ നിര്‍മല ആര് (അഞ്ച് സ്വര്‍ണം ) പുരുഷ വിഭാഗത്തില്‍ കോതമംഗലം എംഎ കോളജിലെ ജി. വിഷ്ണു (അഞ്ചു സ്വര്‍ണം) എന്നിവരെ തെരഞ്ഞെടുത്തു. ചാമ്പ്യന്‍ഷിപ്പിലെ വേഗതയേറിയ പുരുഷതാരം കോതമംഗലം എംഎ കോളജിലെ ജി. വിഷ്ണുവാണ്.
വനിതാ താരം എംഎ കോളജിലെ തന്നെ സി.ജെ. ശ്രദ്ധയാണ്. പുരുഷ വിഭാഗം വാട്ടര്‍ പോളോ ചാമ്പ്യന്‍ഷിപ്പില്‍ മൂലമറ്റം സെന്റ് ജോസഫ് അക്കാദമി ഒന്നാമതും പാലാ സെന്റ് തോമസ് കോളജ് രണ്ടാമതും കാക്കനാട് രാജഗിരി സ്കൂള്‍ ഓഫ് സോഷ്യല്‍ സയന്‍സ് മൂന്നാമതും എത്തി. ജേതാക്കള്‍ക്കു പാലാ സെന്റ് തോമസ് കോളജ് വൈസ് പ്രിന്‍സിപ്പല്‍ റവ. ഡോ. സാല്‍വിന്‍ കാപ്പിലിപറമ്പില്‍ ട്രോഫികള്‍ നല്കി.