ഡ്രൈവിംഗിലെ അശ്രദ്ധയും അമിത വേഗവും: മുണ്ടക്കയം ബൈപാസിൽ അപകടങ്ങൾ പെരുകുന്നു
1478727
Wednesday, November 13, 2024 5:50 AM IST
മുണ്ടക്കയം: വാഹനങ്ങളുടെ അമിത വേഗവും അശ്രദ്ധമായ ഡ്രൈവിംഗും മുണ്ടക്കയം ബൈപാസിൽ അപകടങ്ങൾ വർധിപ്പിക്കുന്നു. കഴിഞ്ഞദിവസം അമിതവേഗത്തിലെത്തിയ കാർ ബൈപാസിന്റെ വശത്ത് നിർത്തിയിട്ടിരുന്ന മാരുതി കാർ ഇടിച്ചു തകർത്തിരുന്നു. അപകടത്തിൽ മാരുതി കാർ പൂർണമായും തകർന്നു. റോഡിന്റെ വശത്തു പാർക്ക് ചെയ്തിരുന്ന കാറിൽ ആരുമില്ലാതിരുന്നതിനാൽ വലിയ അപകടം ഒഴിവായി.
മാസങ്ങൾക്കുമുമ്പ് അമിത വേഗത്തിലെത്തിയ ആഡംബരക്കാർ പിക്കപ്പ് ലോറിയുമായി കൂട്ടിയിടിച്ച് അപകടം നടന്നിരുന്നു. കൂടാതെ ചെറുതും വലുതുമായ നിരവധി അപകടങ്ങളാണ് ഓരോ ആഴ്ചയിലും ഇവിടെ സംഭവിക്കുന്നത്. ബൈപാസ് റോഡിന്റെ വശങ്ങളിൽ റോഡിലേക്ക് ഇറക്കി അനധികൃതമായി തടി കൂട്ടിയിട്ടിരിക്കുന്നതും പലപ്പോഴും അപകടങ്ങൾക്കിടയാക്കുന്നുണ്ട്.
വേഗത്തിൽ വരുന്ന വാഹനം വളവിൽ കിടക്കുന്ന തടിയിൽ ഇടിക്കാതെ വെട്ടിച്ചു മാറ്റുമ്പോഴും അപകടങ്ങൾ സംഭവിക്കുന്നുണ്ടെന്നു പ്രദേശവാസികൾ പറയുന്നു. കൂടാതെ ബൈപാസ് റോഡിന്റെ വശങ്ങളിൽ ലോറികൾ നിർത്തി തടി കയറ്റുന്നതും മഴ പെയ്യുമ്പോൾ റോഡിൽ രൂപപ്പെടുന്ന വെള്ളക്കെട്ടും അപകടങ്ങൾ വർധിപ്പിക്കുന്നുണ്ട്.
വാഹനങ്ങൾ കുറവുള്ള നിരപ്പായ റോഡിൽ അമിത വേഗത്തിലാണ് പലപ്പോഴും വാഹനങ്ങൾ കടന്നുപോകുന്നത്. സോഷ്യൽ മീഡിയയിൽ പോസ്റ്റ് ചെയ്യുവാനായി യുവാക്കൾ ബൈക്കിലെത്തി റോഡിൽ അഭ്യാസപ്രകടനം നടത്തുന്നതും പതിവാണ്. പോലീസിന്റെ പരിശോധനകൾ ഇല്ലാത്തത് ഇത്തരക്കാർക്ക് സഹായമാകുന്നു.
മുണ്ടക്കയം ടൗണിലെ ഗതാഗതക്കുരുക്ക് കുറയ്ക്കാനായി ആവിഷ്കരിച്ച ബൈപാസ് റോഡിലൂടെ ഇപ്പോഴും പേരിനുമാത്രം വാഹനങ്ങളാണ് കടന്നുപോകുന്നത്. ബൈപാസ് ആരംഭിക്കുന്ന കോസ്വേ ജംഗ്ഷനിലേക്കു ദേശീയപാതയിൽനിന്നു വാഹനങ്ങൾ തിരിഞ്ഞിറങ്ങുന്ന ഭാഗത്തെ റോഡിന്റെ വീതിക്കുറവും ഗതാഗതക്കുരുക്കുംമൂലം ഒട്ടുമിക്ക വാഹനങ്ങളും ദേശീയപാതയിലൂടെതന്നെ സഞ്ചരിക്കുകയാണ് പതിവ്. ടൗണിൽ വലിയ ഗതാഗതക്കുരുക്ക് അനുഭവപ്പെടുമ്പോഴും ബൈപാസ് റോഡിലൂടെ വാഹനഗതാഗതം കുറവായിരിക്കും.
മണിമലയാറിന്റെ തീരത്തുകൂടി നിർമിച്ചിരിക്കുന്ന ബൈപാസ് റോഡിൽ പ്രഭാത സവാരിക്കും രാത്രികാലങ്ങളിൽ വിശ്രമിക്കുന്നതിനായും ധാരാളം പേർ എത്തുന്നുണ്ട്.