കടുത്തുരുത്തി: സെന്റ് വിന്‍സെന്റ് ഡി പോള്‍ സൊസൈറ്റി മുട്ടുചിറ ഏരിയാ കൗണ്‍സില്‍ സുവര്‍ണ ജൂബിലി ആഘോഷം ഉദ്ഘാടനം ഇന്ന് നടക്കും. മുട്ടുചിറ സെന്റ് അല്‍ഫോന്‍സാ പാസ്റ്ററല്‍ സെന്ററില്‍ നടക്കുന്ന സമ്മേളനത്തില്‍ നാഷണല്‍ കൗണ്‍സില്‍ ഓഫ് ഇന്ത്യ പ്രസിഡന്റ് എസ്. ജൂഡി ഇസെഡ്. ആര്. മംഗള്‍രാജ് ഉദ്ഘാടനം നിര്‍വഹിക്കും. മുട്ടുചിറ റൂഹാദ്കുദിശ് ഫൊറോനാ വികാരി ഫാ. അബ്രഹാം കൊല്ലിത്താനത്തുമലയില്‍ അധ്യക്ഷത വഹിക്കും.
പാലാ രൂപതയില്‍ ഏറ്റവുമാദ്യം പ്രവര്‍ത്തനമാരംഭിച്ച യൂണിറ്റാണ് മുട്ടുചിറയിലേത്. കടുത്തുരുത്തി, മുട്ടുചിറ ഫൊറോനകളുടെ കീഴിലുള്ള പത്ത് ഇടവകകളിലായി പ്രവര്‍ത്തിക്കുന്ന സെന്റ് വിന്‍സെന്റ് ഡി പോള്‍ കോണ്‍ഫറന്‍സുകളുടെ മേല്‍ഘടകമായി പ്രവര്‍ത്തിക്കുന്ന ഏരിയ കൗണ്‍സില്‍ സ്ഥാപിതമായതിന്റെ സുവര്‍ണ ജൂബിലിയാഘോഷമാണ് നടക്കുന്നത്.
ആധ്യാത്മികതയ്ക്കും ജീവകാരുണ്യപ്രവൃത്തികള്ക്കും മുന്‍ഗണന നല്കുന്ന സംഘടനയുടെ മുട്ടുചിറ എസിയില്‍ 174 അംഗങ്ങളും 361 സഹായകാംഗങ്ങളും പ്രവര്‍ത്തിക്കുന്നുണ്ട്. 103 കുടുംബങ്ങളെ ദത്ത് കുടുംബങ്ങളായി സംരക്ഷിക്കുന്നു. 2023-24 വര്‍ഷത്തില്‍ 50.49 ലക്ഷത്തിലധികം രൂപ സാമ്പത്തിക സഹായമായി ചെലവഴിച്ചതായും ഭാരവാഹികള്‍ അറിയിച്ചു.
ജൂബിലി വര്‍ഷത്തില്‍ ഇടവകതലത്തില്‍ വീടില്ലാത്തവര്‍ക്ക് ഓരോ കോണ്‍ഫറന്‍സും ഒരു വീട് വീതം നിര്‍മിച്ചു നല്‍കുകയെന്നതാണ് എസി ലക്ഷ്യമിടുന്നത്. ഇതിന്റെ ഭാഗമായി മുട്ടുചിറയില്‍ മൂന്ന് വീടുകളുടെ നിര്‍മാണം നടന്നുകൊണ്ടിരിക്കുകയാണ്.
ഇതിനോടൊപ്പം തന്നെ കടുത്തുരുത്തി, അറുനൂറ്റിമംഗലം, ഫാത്തിമാപുരം, തുരുത്തിപ്പള്ളി എന്നിവിടങ്ങളിലും ഭവന നിര്‍മാണം നടക്കുന്നുണ്ട്. ഇന്ന് 2.30ന് നടക്കുന്ന സമ്മേളനത്തില്‍ കേരള റീജണല്‍ കോഓര്‍ഡിനേഷന്‍ കമ്മിറ്റി കോര്‍ഡിനേറ്റര്‍ പി.ഡി. തോമസ് പുലിക്കോട്ടില്‍, കടുത്തുരുത്തി സെന്റ് മേരീസ് ഫൊറോനാ താഴത്തുപള്ളി വികാരി ഫാ. മാത്യു ചന്ദ്രന്‍കുന്നേല്‍, റവ.ഡോ. ജോസ് കോട്ടായില്‍,
സിസ്റ്റര്‍ ലില്ലിക്കുട്ടി ആന്റണി കുഞ്ഞാപ്പറമ്പില്‍, ഷാജി സിറിയക് മഠത്തുംപടിക്കല്‍, ഡോ. ബേബി ജോസഫ് അറയ്ക്കപ്പറമ്പില്‍, ജോണ്‍ ജോസഫ് കുഴിവേലില്‍, ഡോ.കെ.കെ. ജോസ് കണിച്ചുകാട്ട്, ഡോ.എന്‍.സി. ജേക്കബ് നീരാക്കല്‍, ഫാ. മാത്യു വാഴചാരിക്കല്‍, പി.ജെ. ജോസഫ് പണ്ടാരക്കാപ്പില്‍, സിസ്റ്റര്‍ അനീറ്റ ജോസ്, ജോസഫ് ചോലങ്കേരില്എന്നിവര്പ്രസംഗിക്കും.