പാലാ: വയനാട് സ്വദേശികളായ റിനീഷും ലിജിനും സൈക്കിളില്‍ ഭാരതം ചുറ്റുന്നത് വെറുതെയല്ല, ഇവര്‍ക്കൊരു ലക്ഷ്യമുണ്ട്. ഭാരതപര്യടനം കഴിഞ്ഞു തിരിച്ചെത്തുമ്പോഴേയ്ക്കും അഞ്ചു നിര്‍ധന കുടുംബങ്ങള്‍ക്ക് വീടുവച്ച് നല്‍കണം.യാത്രയ്ക്കിടയില്‍ കണ്ടുമുട്ടുന്നവരില്നിന്ന് കുറഞ്ഞത് ഒരു രൂപയെങ്കിലും ശേഖരിക്കുക. ഇതിന് ഒരു വര്‍ഷമെങ്കിലും വേണ്ടിവരുമെന്ന് ഇവര്‍ പറയുന്നു. ഇതിന്റെ ആദ്യപടിയായി സ്ഥലങ്ങള്‍ ഇവര്‍ കണ്ടെത്തിക്കഴിഞ്ഞു.
ഇവര്‍ യാത്ര ചെയ്യുന്ന സൈക്കിളിനുമുണ്ട് ഏറെ പ്രത്യേകത. തുടക്കത്തില്‍ രണ്ട് സൈക്കിളുകളിലായി തുടങ്ങിയ യാത്ര ഇന്ന് കാരവന് സൈക്കിളിലായി. ഇവരുടെ ഊണും ഉറക്കവും എല്ലാം ഈ സൈക്കിളില്‍ തന്നെ. ഭക്ഷണം പാകം ചെയ്യുന്നതിനും ഇതില്‍ സൗകര്യമുണ്ട്. വലിയ കയറ്റം വന്നാല്‍ മോട്ടോര്‍ പ്രവർത്തിപ്പിച്ചാവും യാത്ര. കൂടാതെ സോളാര്‍ സംവിധാനവും ഉപയോഗിക്കും. കേരളത്തിലെ എല്ലാ ജില്ലകളിലും സഞ്ചരിച്ച ശേഷം ഇവര്‍ തമിഴ്നാട്ടിലേക്കു കടക്കും. ഏതായാലും ലക്ഷ്യം സാധിച്ചതിനു ശേഷം മാത്രമേ വയനാട്ടിലേക്ക് മടക്കമുള്ളൂവെന്ന് ഇവര്‍ ഉറപ്പിച്ചു പറയുന്നു.