നെല്ലിന്റെ സംഭരണവില വര്‍ധിപ്പിക്കണം: കത്തോലിക്ക കോണ്‍ഗ്രസ്
1600564
Friday, October 17, 2025 10:54 PM IST
എടത്വ: കുട്ടനാട്ടിലും ഇതര പ്രദേശങ്ങളിലും കര്‍ഷികമേഖലയില്‍ അധ്വാനിക്കുന്ന കര്‍ഷകര്‍ക്ക് നിലവില്‍ ലഭിക്കുന്ന നെല്ലുവില കൃഷിച്ചെലവുകള്‍ വര്‍ധിച്ച സാഹചര്യത്തില്‍ തികച്ചും അപര്യാപ്തമാണ് എന്ന യാഥാര്‍ഥ്യം മനസിലാക്കി സംഭരണവിലയില്‍ കാലോചിതമായ വർധന നല്കി കര്‍ഷകരെയും കൃഷിയെയും പ്രോത്സാഹിപ്പിക്കുന്ന സമീപനം ബന്ധപ്പെട്ടവര്‍ സ്വീകരിക്കണമെന്ന് കത്തോലിക്ക കോണ്‍ഗ്രസ് എടത്വ ഫൊറോന നേതൃയോഗം ആവശ്യപ്പെട്ടു.
നെല്ല് സംഭരണത്തോടു ബന്ധപ്പെട്ട കൈകാര്യച്ചെലവ് വഹിക്കുന്നതില്‍നിന്നു കര്‍ഷകരെ ഒഴിവാക്കണമെന്ന ദീര്‍ഘകാല ആവശ്യം പരിഗണിക്കാത്തത്തില്‍ യോഗം പ്രതിഷേധം രേഖപ്പെടുത്തി. കാലാകാലങ്ങളില്‍ കേന്ദ്രസര്‍ക്കാര്‍ പ്രഖ്യാപിക്കുന്ന നെല്ലിന്റെ താങ്ങുവിലയിലെ വര്‍ധന കര്‍ഷകര്‍ക്കു നിഷേധിക്കുന്നത് നീതീകരിക്കാനാവില്ല. അത്തരം കര്‍ഷകവിരുദ്ധ നടപടികളില്‍നിന്ന് ഉത്തരവാദിത്വപ്പെട്ടവര്‍ പിന്തിരിയണമെന്നും കര്‍ഷകര്‍ക്ക് അര്‍ഹതപ്പെട്ടത് ലഭ്യമാക്കുന്നതില്‍ കാലതാമസം വരുത്തുന്നത് കര്‍ഷകദ്രോഹമാണെന്നും യോഗം ചൂണ്ടിക്കാട്ടി.
രാജ്യത്ത് നെല്ലിന് ഏറ്റവും ഉയര്‍ന്ന വില ലഭിക്കുന്നത് കേരളത്തിലാണ് എന്ന അടിസ്ഥാനരഹിതമായ പ്രചാരണത്തിന്റെ പൊള്ളത്തരം കര്‍ഷകസമൂഹത്തിന് ബോധ്യമുണ്ടെന്നും യോഗം വിലയിരുത്തി. കത്തോലിക്ക കോണ്‍ഗ്രസിന്റെ നേതൃത്വത്തില്‍ നടക്കുന്ന അഖില കേരള അവകാശ സംരക്ഷണ ജാഥ മുന്നോട്ടുവയ്ക്കുന്ന കാര്‍ഷിക വിഷയങ്ങള്‍ അടക്കമുള്ള ആവശ്യങ്ങളില്‍മേല്‍ സത്വരവും നീതിപൂര്‍വകവുമായ നടപടി കൈക്കൊള്ളാന്‍ അമാന്തി കാട്ടരുതെന്നും യോഗം പ്രമേയത്തിലൂടെ ആവശ്യപ്പെട്ടു.
ജാഥയ്ക്ക് രാമങ്കരിയില്‍ ഉജ്വല സ്വീകരണം നല്‍കാനും തിരുവനന്തപുരത്തു നടക്കുന്ന ജാഥ സമാപനത്തില്‍ എടത്വ ഫൊറോനയുടെ ശക്തമായ പ്രാതിനിധ്യം ഉറപ്പുവരുത്താനും തീരുമാനിച്ചു. കത്തോലിക്ക കോണ്‍ഗ്രസ് എടത്വ ഫൊറോന ഡയറക്ടര്‍ ഫാ .ജോസഫ് ചൂളപ്പറമ്പില്‍ യോഗം ഉദ്ഘാടനം ചെയ്തു. ഫൊറോന പ്രസിഡന്റ് തോമസ് ഫ്രാന്‍സിസ് അധ്യക്ഷത വഹിച്ചു. വര്‍ഗീസ് മാത്യു, മാര്ട്ടിന് കളങ്ങര, വര്‍ഗീസ് ദേവസ്യ, വി.ജെ. കുര്യന്, പി. ജെ. ജോസഫ്, സിബി വര്‍ഗീസ് എന്നിവര്‍ പ്രസംഗിച്ചു.