റവന്യൂ ജില്ലാ സ്കൂൾ കായിക മേള : ആലപ്പുഴ എസ്ഡിവി ബോയ്സ് ഹൈസ്കൂൾ മുന്നിൽ
1600576
Saturday, October 18, 2025 12:02 AM IST
മുഹമ്മ: കലവൂർ പ്രീതി കുളങ്ങര സ്കൂൾ ഗ്രൗണ്ടിൽ ഇന്നലെ നടന്ന റവന്യൂ ജില്ലാ സ്കൂൾ കായിക മേളയിൽ ആലപ്പുഴ എസ്ഡിവി ബോയ്സ് ഹൈസ്കൂൾ 89 പോയിന്റോടെ മുന്നിൽ നിൽക്കുന്നു. കലവൂർ ഗവ. ഹൈസ്കൂളും (88 പോയിന്റ്), ചാരമംഗലം ഡിവി എച്ച്എസ്എസുമാണ് (73 പോയിന്റ്) യഥാക്രമം രണ്ടും മൂന്നും സ്ഥാനത്ത്. സബ് ജില്ലാ തലത്തിൽ 325 പോയിന്റോടെ ആലപ്പുഴ സബ് ജില്ലയാണ് മുന്നിൽ. 276 പോയിന്റ് കരസ്ഥമാക്കിയ ചേർത്തല സബ് ജില്ലയ്ക്കാണ് രണ്ടാം സ്ഥാനം. 52 പോയിന്റോടെ മാവേലിക്കര സബ് ജില്ല മൂന്നാമതെത്തി.
സമാപന ദിനമായ ഇന്നു രാവിലെ 8.30 മുതൽ മുഹമ്മ കാർമൽ ഗ്രൗണ്ടിലും (മദർ തെരേസ ഗ്രൗണ്ട്), ചേർത്തല എസ്എൻ കോളജിലുമായി മത്സരങ്ങൾ തുടരും. സീനിയർ ആൺകുട്ടികളുടെ ഡിസ്കസ് ത്രോ, ജൂണിയർ, സീനിയർ ആൺകുട്ടികളുടെ ജാവലിൻത്രോ മത്സരങ്ങളാണ് കാർമൽ ഗ്രൗണ്ടിൽ നടക്കുക. ആൺകുട്ടികളുടെയും പെൺകുട്ടികളുടെയും ജൂനിയർ, സീനിയർ വിഭാഗം ഹൈജംപ് മത്സരങ്ങളാണ് എസ്എൻ കോളജിൽ നടക്കുക. ഇന്നലെ (17ന്) നടത്താനിരുന്ന എല്ലാ മത്സരങ്ങളും ക്രമപ്രകാരം ഇന്നു നടക്കുമെന്നു സംഘാടകർ അറിയിച്ചിട്ടുണ്ട്.
സംഘാടകരുടെ പരിചയക്കുറവ്; കായികമേളയിൽ കല്ലുകടി
മുഹമ്മ: സംഘാടനത്തിലെ പിഴവാണ് കായികമേളയുടെ താളംതെറ്റിച്ചത്. മേളകൾ നടത്തി പരിചയമുള്ളവർ പല രംഗത്തും കുറവായിരുന്നതു വിനയായി. പല സ്ഥലങ്ങളിലായി മത്സരങ്ങൾ നിശ്ചയിച്ചെങ്കിലും മേൽനോട്ടച്ചുമതല കൈമാറുന്നതിൽ പാളിച്ചയുണ്ടായി.
ഇതിന്റേതായ താളപ്പിഴകൾ എല്ലായിടത്തും ഉണ്ടായി. ഓൺലൈൻ എൻട്രിയിൽ താമസം നേരിട്ടതാണ് ആദ്യദിനം മത്സരം വൈകാൻ കാരണമായത്. മേളയ്ക്ക് എത്തിയവർക്കു ഭക്ഷണം കിട്ടാത്ത സാഹചര്യം വന്നതും പ്രശ്നമായി.
മത്സരത്തിൽ പങ്കെടുക്കേണ്ട താരങ്ങൾ ഭക്ഷണംതേടി മുഹമ്മയിൽ ചുറ്റിത്തിരിയേണ്ട സ്ഥിതിയുണ്ടായി. ഇത്തരം പാളിച്ചകൾ മത്സരക്രമത്തിന്റെ താളം തെറ്റിച്ചു.
ആദ്യദിനത്തിലുണ്ടായ പ്രശ്നങ്ങൾ രണ്ടാംദിനത്തിലും ഭക്ഷണവുമായി ബന്ധപ്പെട്ട കാര്യങ്ങളിൽ ആവർത്തിച്ചു. വൈകുന്നേരങ്ങളിൽ പെയ്ത മഴയും മത്സരത്തെ ബാധിച്ചു. രണ്ടാം ദിനത്തിൽ വൈകിട്ട് ഏഴായിട്ടും മത്സരങ്ങൾ തീർന്നിരിന്നില്ല. ഇതിനാലാണ് ഇന്ന് സമാപിക്കേണ്ടിയിരുന്ന മത്സരങ്ങൾ ഒരു ദിവസം കൂടി നീണ്ടത്. മുഹമ്മ കെ ഇ കാർമൽ സ്കൂൾ ഗ്രൗണ്ടിൽ സ്കൂളുമായി ബന്ധപ്പെട്ട പരിപാടികൾ ഉണ്ടായിരുന്നതിനാൽ കലവൂർ പ്രീതികുളങ്ങര സ്കൂൾ ഗ്രൗണ്ടിലാണ്. ഇന്നലെ മത്സരങ്ങൾ നടന്നത്