വനിതാ ഹോസ്റ്റലിനു ശാപമോക്ഷം
1600916
Sunday, October 19, 2025 6:09 AM IST
ചേര്‍ത്തല: ചേർത്തല നഗരസഭയുടെ പുനരുദ്ധരിച്ച വനിതാ ഹോസ്റ്റൽ പ്രവര്‍ത്തനം ആരംഭിച്ചു. ചേർത്തലയിലെത്തുന്ന സ്ത്രീകൾക്ക് സുരക്ഷിതമായി താമസിക്കുന്നതിനായി 1991ൽ സ്ഥാപിതമായ വർക്കിംഗ് വുമൺ ഹോസ്റ്റൽ കഴിഞ്ഞ ഒരു ദശകക്കാലമായി അടഞ്ഞുകിടക്കുകയായിരുന്നു. 40 ലക്ഷം രൂപയുടെ നിർമാണ പ്രവൃത്തികൾക്കുശേഷം കെ.ആർ. ഗൗരിയമ്മ സ്മാരക വനിതാ ഹോസ്റ്റൽ ആൻഡ് ഷീ ലോഡ്ജ് എന്ന് പുനർനാമകരണം ചെയ്താണ് വനിതാ ഹോസ്റ്റൽ തുറന്നത്.
ഗൗരിയമ്മയുടെ പേരിൽ ചേർത്തലയിൽ ഉയരുന്ന ആദ്യ സ്മാരകമാണിത്. വനിതാ ഹോസ്റ്റലിന്റെ ഉദ്ഘാടനം മന്ത്രി പി. പ്രസാദ് നിർവഹിച്ചു. ചെയർപേഴ്സൺ ഷേർളി ഭാർഗവൻ അധ്യക്ഷത വഹിച്ചു. സ്ഥിരം സമിതി അധ്യക്ഷരായ എ.എസ്. സാബു, ശോഭാ ജോഷി, ജി. രഞ്ജിത്ത്, ഏലിക്കുട്ടി ജോൺ, മാധുരി സാബു, കൗൺസിലർമാരായ ബി. ഫൈസൽ, ആശാ മുകേഷ്, എ. അജി, ലിസി ടോമി, നഗരസഭ സെക്രട്ടറി ടി.കെ. സുജിത്ത്, രാഷ്ട്രീയകക്ഷി നേതാവായ ബി. വിനോദ് തുടങ്ങിയവർ പ്രസംഗിച്ചു.