മണ്ണാറശാലയിൽ കന്നിമാസത്തിലെ ആയില്യം എഴുന്നള്ളത്ത്
1600338
Friday, October 17, 2025 5:16 AM IST
ഹരിപ്പാട്: മണ്ണാറശാല നാഗരാജ ക്ഷേത്രത്തിൽ കന്നിമാസത്തിലെ ആയില്യം പൂജയും എഴുന്നള്ളത്തും നടന്നു. കുടുംബ കാർണവർ ആയില്യം നാളിലെ പൂജകൾ ആരംഭിച്ചതിനെ തുടർന്ന് ഇല്ലത്ത് നിലവറയ്ക്കു സമീപം ഭക്തജനങ്ങൾക്ക് അമ്മ ദർശനം നൽകി.
ഉച്ചപൂജയ്ക്കുശേഷം കുടുംബകാർണവരുടെ നേതൃത്വത്തിൽ നിലവറയോട് ചേർന്നുളള തളത്തിൽ ശംഖ്, കുരവ എന്നിവയുടെ അകമ്പടിയോടെ ആയില്യം പൂജയ്ക്കുളള നാഗപത്മക്കളം വരച്ചു. കളം പൂർത്തിയായപ്പോൾ അമ്മ തീർത്ഥക്കുളത്തിൽ കുളിച്ച് ക്ഷേതത്തിലെത്തി. ഇളയമ്മ, കുടുംബത്തിലെ മുതിർന്ന കാരണവന്മാർ എന്നിവർ അമ്മയെ അനുഗമിച്ചു. അമ്മ ശ്രീകോവിലിൽ പ്രവേശിച്ചതിനുശേഷം ശ്രീകോവിലിൽനിന്നും കുത്തുവിളക്കിലേക്ക് കുടുംബകാർണവർ ദീപം പകർന്നതോടെ എഴുന്നള്ളത്ത് തുടങ്ങി. തുടർന്ന് വലിയമ്മ സാവിത്രി അന്തർജനം നാഗരാജാവിന്റെ തിരുമുഖവും നാഗഫണവുമായി ആയില്യം എഴുന്നള്ളത്തും നടന്നു.
ഇളയമ്മ സതി അന്തർജനം സർപ്പയക്ഷിയമ്മയുടെയും കാരണവൻമാർ നാഗചാമുണ്ഡിയമ്മയുടെ വിഗ്രഹവും, നാഗയക്ഷിയമ്മയുടെ വിഗ്രഹവുമായി വലിയമ്മയെ അനുഗമിച്ചു ക്ഷേത്രത്തിന് വലം വെച്ച് ഇല്ലത്തേക്ക് എത്തി. ഇല്ലത്ത് എത്തി അമ്മയുടെ പതിവ് പൂജകൾക്ക് ശേഷം ആയില്യം പൂജ ആരംഭിച്ചു.
തുലാംമാസത്തെ ആയില്യമാണ് മണ്ണാറശാല ആയില്യമായി അറിയപ്പെടുന്നത്. എന്നാൽ, കന്നിമാസവും സമാനമായ ചടങ്ങുകളോടെയാണ് മണ്ണാറശാലയിൽ ആയില്യം ഉത്സവം കൊണ്ടാടുന്നത്. നവംബർ 12 നാണ് മണ്ണാറശാല ആയില്യം.