മഴയത്തും ആവേശം ചോരാതെ; റവന്യു ജില്ലാ സ്കൂൾ കായിക മേളയിൽ ആലപ്പുഴ എസ്ഡിവി മുന്നിൽ
1600337
Friday, October 17, 2025 5:16 AM IST
മുഹമ്മ: മുഹമ്മ കാർമൽ ഗ്രൗണ്ടിൽ (മദർ തെരേസാ ഹൈസ്കൂൾ ഗ്രൗണ്ട്) നടക്കുന്ന റവന്യു ജില്ലാ സ്കൂൾ കായിക മേളയിൽ ആലപ്പുഴ എസ്ഡിവി ബോയ്സ് ഹൈസ്കൂൾ 57 പോയിന്റോടെ മുന്നിൽ നിൽക്കുന്നു. കലവൂർ ഗവ. ഹൈസ്ക്കൂളും (57 പോയിന്റ്) ആലപ്പുഴ ലിയോ തേർട്ടിന്ത് ഹൈസ്കൂളുമാണ് (34 പോയിന്റ്) യഥാക്രമം രണ്ടും മുന്നും സ്ഥാനത്ത്.
സബ് ജില്ലാ തലത്തിൽ 152 പോയിന്റോടെ ആലപ്പുഴ സബ് ജില്ലയാണ് മുന്നിൽ. 147 പോയിന്റ് കരസ്ഥമാക്കിയ ചേർത്തല സബ് ജില്ലയ്ക്കാണ് രണ്ടാം സ്ഥാനം. 27 പോയിന്റോടെ മാവേലിക്കര സബ് ജില്ല മൂന്നാമതെത്തി.
മേളയുടെ രണ്ടാം ദിവസമായിരുന്ന ഇന്നലെ വൈകിയാണ് മത്സരങ്ങൾ സമാപിച്ചത്. രാവിലെ മുതൽ മത്സരങ്ങൾ തുടങ്ങുന്നതിൽ താളപ്പിഴ ദൃശ്യമായിരുന്നു. ഭക്ഷണം ഒരുക്കുന്നതിലും വിതരണം ചെയ്യുന്നതിലും താമസം നേരിട്ടതും കളിക്കളം മഴയിൽ കുതിർന്ന് കിടന്നതും മത്സരങ്ങളുടെ സമയക്രമം തെറ്റുന്നതിനു കാരണമായി.
മുഹമ്മ മദർ തെരേസ സ്കൂളിന് ഇരട്ടിമധുരം
മുഹമ്മ: മുഹമ്മ മദർ തെരേസാ ഹൈസ്കൂളിന് ഇന്നലെത്തെ ദിനം ഇരട്ടിമധുരമുള്ളതായിരുന്നു. സ്കൂളിലെ എട്ടാം ക്ലാസ് വിദ്യാർഥികളായ ഡി.ധീരജും ആര്യൻ കെ. സാംജിയും ആണ് ഇരട്ടിമധുരം സമ്മാനിച്ചത്. ഡി. ധീരജ് ജൂണിയർ ബോയ്സിന്റെ ലോംഗ് ജംപ് മത്സരത്തിൽ ഒന്നാമതായപ്പോൾ സബ് ജൂണിയർ ബോയ്സ് സ്വിംമ്മിംഗിലാണ് ആര്യൻ കെ. സാംജി ഒന്നാമതെത്തിയത്. കായികാധ്യാപകൻ ഫാ. സനീഷ് മാവേലിയുടെ ശിക്ഷണത്തിൽ നടത്തിയ ചിട്ടയായ പരിശീലനമാണ് വിജയത്തിനാധാരമെന്ന് ധീരജ് പറയുന്നു. മുഹമ്മ കോലാട്ട് ധനേഷിന്റെ യും അഞ്ജുവിന്റെയും മകനാണ്.
ഓട്ടമത്സരത്തിനിടെ വിദ്യാർഥിനി ട്രാക്കിൽ തെന്നിവീണു
മുഹമ്മ: മഴയിൽ കുതിർന്ന ട്രാക്ക് മത്സരത്തെ പ്രതികൂലമായി ബാധിച്ചു. ഓട്ടമത്സരം നടക്കുമ്പോൾ, പൂഴി ഇളകിയ ട്രാക്കിൽ അൽപ്പം ഭയത്തോടെയാണ് താരങ്ങൾ ഓടിയത്.

സീനിയർ ഗേൾസിന്റെ 100 മീറ്റർ ഓട്ടം നടക്കുമ്പോൾ ആലപ്പുഴ മുഹമ്മദൻസ് സ്കൂളിലെ ജൂലി പോൾ ട്രാക്കിൽ തെന്നിവീണത് കാണികളുടെ നെഞ്ചിടിപ്പ് കൂട്ടി. മത്സരാർഥികൾ ഓടി പകുതി ദൂരം എത്തിയപ്പോഴാണ് ജൂലി പോൾ പൂഴിയിൽ തെന്നിവീണത്. ജൂലി പോൾ തെന്നി വീണെങ്കിലും മറ്റ് മത്സരാർഥികൾ ഓട്ടം തുടർന്നു.
ട്രാക്കിൽനിന്ന് എഴുന്നേറ്റ് കാൽവലിച്ച് നടന്നാണ് ജൂലി പോൾ ഗ്രൗണ്ടിൽ എത്തിയത്. ഇതിനിടെ ഓടിയെത്തിയവർ പ്രഥമ ശുശ്രൂഷ നൽകി. ഇന്ന് നടക്കുന്ന 200 മീറ്റർ ഓട്ടമത്സരത്തിലും ജൂലി പോൾ പങ്കെടുക്കേണ്ടതാണ്. ലോംഗ് ജംപിൽ രണ്ടാം സ്ഥാനം ലഭിച്ചത് ജൂലി പോളിനായിരുന്നു.