കാലിത്തീറ്റകൾക്ക് ഗുണനിലവാരം ഉറപ്പുവരുത്തും: മന്ത്രി ചിഞ്ചുറാണി
1600927
Sunday, October 19, 2025 6:09 AM IST
ചേര്‍ത്തല: കാലിത്തീറ്റ കമ്പനികളിൽ ഉത്പാദിപ്പിക്കുന്ന കാലിത്തീറ്റകൾക്ക് ഗുണനിലവാരം ഉറപ്പുവരുത്തുമെന്നും ഏതെങ്കിലും കമ്പനിയുടെ തീറ്റ കഴിച്ച് പശുക്കൾ ചത്താൽ അവർ പകരം പശുവിനെ നൽകണമെന്നും അല്ലാത്തപക്ഷം ആ കമ്പനി അടച്ചുപൂട്ടുന്നുതിനുള്ള പുതിയ നിയമം കേരളത്തില്‍ നടപ്പാക്കുമെന്നും ക്ഷീര വികസന മൃഗസംരക്ഷണമന്ത്രി ചിഞ്ചുറാണി പറഞ്ഞു. ക്ഷീരവികസന വകുപ്പിന്റെ ആലപ്പുഴ ജില്ലാ സംഗമത്തോടനുബന്ധിച്ചുള്ള പൊതുസമ്മേളനം ഉദ്ഘാടനം ചെയ്യുകയായിരുന്നു മന്ത്രി.
കേന്ദ്രവും-കേരള സംസ്ഥാനവും ചേർന്ന് പുതിയ സമഗ്ര ഇൻഷ്വറൻസ് പരിരക്ഷ കൊണ്ടുവരും. ഇതിന്റെ ഉദ്ഘാടനം ഈ മാസം തന്നെ ഉണ്ടാകും. കേന്ദ്രസർക്കാർ 29 വെറ്ററിനറി ആംബുലൻസ് നൽകിയപ്പോൾ കേരള സർക്കാർ 56 ആംബുലൻസുകൾ വിവിധ ബ്ലോക്കുകളിൽ കൂടി നൽകി. 1962 എന്ന കോൾ സെന്ററിലെ നമ്പറിൽ ക്ഷീരകർഷകർ വിളിച്ചാൽ ആംബുലൻസും ഡോക്ടറുടെയും സേവനം വീട്ടുമുറ്റത്ത് കിട്ടും.
ബ്ലോക്ക് പഞ്ചായത്തിലൂടെ നൽകുന്ന ക്ഷീര മരുന്നുകൾ ആംബുലൻസ് വഴിയും നൽകാൻ കഴിയും. വൈകുന്നേരം നാലു മുതൽ രാത്രി 12 വരെ എല്ലാ ജില്ലാകേന്ദ്രങ്ങളിലും ഓപ്പറേഷൻവരെ നടത്താനുള്ള സൗകര്യം ആംബുലൻസിൽ സേവനം ലഭ്യമാണ്.
കേരള ബാങ്ക് വഴി കർഷകർക്ക് അഞ്ചു മുതൽ 10 വരെയുള്ള പശുക്കളെ വായ്പ വഴി നൽകും. ഇതിനുവേണ്ടി വരുന്ന പലിശ ക്ഷീരവകുപ്പിൽനിന്നും നൽകും.
കയർത്തൊഴിലാളികൾക്ക് രണ്ടു പശുവിനെ വാങ്ങാൻ 95,000 രൂപ വായ്പ ക്ഷീരവകുപ്പ് നൽകും. ആലപ്പുഴ ജില്ലയിൽ മാത്രം ഈ വായ്പ 18 പേർക്ക് നൽകി. ക്ഷീരകർഷകരുടെ മക്കൾക്ക് മിൽമയിൽ വരുന്ന ജോലി ഒഴുവുകളിൽ മുൻഗണന നൽകുമെന്നും ചിഞ്ചു റാണി പറഞ്ഞു.
കാവില്‍ സെന്റ് മൈക്കിള്‍സ് പാരീഷ് ഹാളില്‍ നടന്ന സമ്മേളനത്തില്‍ മന്ത്രി പി. പ്രസാദ് അധ്യക്ഷത വഹിച്ചു. ജില്ലയിലെ മികച്ച കർഷകരായ വത്സല, വത്സ, പ്രസന്നകുമാരി എന്നിവരെ ചടങ്ങില്‍ ആദരിച്ചു. ക്ഷീര വികസനവകുപ്പ് ഡയറക്ടർ ശാലിനി ഗോപിനാഥ് റിപ്പോർട്ട് അവതരിപ്പിച്ചു. ക്ഷീര സംഘങ്ങൾക്കുള്ള ധനസഹായം ടിആര്‍സിഎംപിയു ചെയർമാൻ മണി വിശ്വനാഥ് വിതരണം ചെയ്തു.
അവാർഡ് വിതരണം ജില്ലാ പഞ്ചായത്ത് വൈസ് പ്രസിഡന്റ് എൻ.എസ്. ശിവപ്രസാദ് നിർവഹിച്ചു. സി.ആർ. ബാഹുലേയൻ, ടി.കെ. പ്രതുലചന്ദ്രൻ, ആയാപറമ്പ് രാമചന്ദ്രൻ, ഓമന ബാനർജി, ബിനു ഐസക് രാജു, എം.ജി. നായർ എന്നിവർ പങ്കെടുത്തു.