ചന്പക്കുളം കല്ലൂർക്കാട് ബസിലിക്കയിൽ കൽക്കുരിശ് ആശീർവാദം ഇന്ന്
1600331
Friday, October 17, 2025 5:16 AM IST
ചമ്പക്കുളം: തെക്കൻ കേരളത്തിലെ ഏറ്റവും പുരാതന കൽക്കുരിശ് എന്ന് വിശേഷിപ്പിക്കപ്പെടുന്ന ചമ്പക്കുളം കല്ലൂർക്കാട് ബസിലിക്കയിലെ കൽക്കുരിശ് പള്ളിയുടെ മുന്നിലേക്ക് മാറ്റിസ്ഥാപിച്ചത് ചങ്ങനാശേരി ആർച്ച്ബിഷപ് മാർ തോമസ് തറയിൽ ഇന്ന് വൈകുന്നേരം 4.30ന് ആശീർവദിക്കും.
കല്ലൂർക്കാട് പള്ളിയുടെ തെക്കേമുറ്റത്ത് മണിമാളികയുടെ തെക്കുഭാഗത്തായും വാദ്യപുരയുടെ (കൊട്ടുപുര) വടക്ക് കിഴക്കുഭാഗത്തായും സ്ഥാപിച്ചിരുന്ന കരിങ്കൽ കുരിശ് ജൂബിലി വർഷം പ്രമാണിച്ച് പള്ളിയുടെ മുന്നിലേക്ക് മാറ്റി സ്ഥാപിക്കുകയായിരുന്നു. ചങ്ങനാശേരി അതിരൂപതയുടെ കീഴിലുള്ള ദൈവാലയങ്ങളിലെ മാത്രമല്ല, ദക്ഷിണ കേരളത്തിലെ തന്നെ ഏറ്റവും പുരാതന കരിങ്കൽ കുരിശാണ് ഇതെന്ന് രേഖകൾ സാക്ഷ്യപ്പെടുത്തുന്നു.
കരിങ്കൽ കുരിശിന്റെ കൽത്തറയുടെ ദളത്തിലെ ശിലാ ലിഖിതം ഇതിന്റെ ചരിത്ര പാരമ്പര്യം അരക്കിട്ടുറപ്പിക്കുന്നു. 874 വർഷം പഴക്കമുള്ള കരിങ്കൽ കുരിശാണ് ഇവിടെ സ്ഥിതി ചെയ്യുന്നത്. ഇത്രയും പഴക്കമുള്ള കൽക്കുരിശ് മറ്റ് സമീപപ്രദേശങ്ങളിൽ കണ്ടെത്താൻ കഴിഞ്ഞിട്ടില്ല.
അഞ്ചര അടി ഉയരത്തിൽ ഏഴര അടി ചതുരത്തിൽ ചെത്തി മിനുസപ്പെടുത്തിയ കരിങ്കൽ പാളികൾ ചേർത്ത് അടിയിൽപടിയും, മേലോട്ട് നിരയും, ദളവും, പടിത്തലയും ആയി പണി ചെയ്തിട്ടുള്ള ഒരു തറയിൽ കുരിശ് ഉറപ്പിക്കപ്പെട്ടിരിക്കുന്നു. അതേ രീതിയിൽ തന്നെയാണ് കുരിശ് ഇപ്പോൾ മാറ്റിസ്ഥാപിച്ചിരിക്കുന്നത്.
കൽത്തറയുടെ മേൽ ദളത്തിന് താഴെ നാലു വശത്തുമുള്ള എടുത്തു കെട്ടിയിൽ ചതുരവടിവിൽ കൊത്തിയിട്ടുള്ള അക്ഷരങ്ങൾ ഉണ്ട്.അതിൽ താഴെ പറയും പ്രകാരം രേഖപ്പെടുത്തപ്പെട്ടിരിക്കുന്നു. ഈ കുരിശ് കല്ലൂർക്കാടെന്നു നാമം വിളങ്ങും പള്ളിയുടെ കിഴക്കുവശം വച്ചിരുന്നു. പള്ളി പണി ചയ്ത് ഏറെക്കുറെ 670 വത്സരം ചെന്ന 1821-ാം കാലം മദ്ബഹ പൊളിച്ചു. 1857-ാം കാലം സെമിത്തേരി പണി ചെയ്തപ്പോൾ രണ്ടാമതു വച്ചു. ഈ കുരിശുകൾ പാലവി കുരിശുകൾ എന്നാണ് അറിയപ്പെടുന്നത്.
ഈ ലിഖിതത്തിന്റെ അടിസ്ഥാനത്തിൽ 12-ാം നൂറ്റാണ്ടിൽ 1151 ആണ്ടിൽ കല്ലൂർക്കാട് ഒരു പള്ളിപണി നടന്നിരുന്നു എന്ന് തെളിയിക്കുന്നു. പമ്പാനദിയുടെ തീരത്ത് സ്ഥിതി ചെയ്തിരുന്ന ഈ കുരിശിൻ ചുവട്ടിൽ പ്രാർഥിച്ച് കാണിക്ക ഇട്ട് കൃഷിക്കും മത്സ്യബന്ധനത്തിനുമായി പോകുന്ന പതിവ് ഇന്നാട്ടിലെ നാനാജാതി മതസ്ഥരായ ആളുകൾ പാലിച്ചു പോന്നിരുന്നു.
മുൻകാലങ്ങളിൽ കൃഷിയുടെ വിളവെടുപ്പിന്റെ കാലത്ത് ആദ്യഫലം എന്ന തരത്തിൽ നെൽക്കറ്റകൾ കുരിശിൻ ചുട്ടിൽ സമർപ്പിച്ചിരുന്നു. ഹൈന്ദവ ക്ഷേത്രങ്ങളിലെ ഇല്ലം നിറയ്ക്ക് സമാനമായ രീതിയിൽ കുരിശിന്റെ താഴത്തെ ദളങ്ങളിലെല്ലാം കറ്റകൾ കൊണ്ട് നിറയുമായിരുന്നു. രാത്രികാലങ്ങളിൽ പമ്പാനദിയിലൂടെയുള്ള ജലവാഹനയാത്രക്കാർക്ക് മാർഗദീപമായി ഒരു വലിയ വിളക്കുമരവും ഇതിനോട് ചേർന്ന് ഉണ്ടായിരുന്നു.
കാലക്രമേണ അത് നശിച്ചുപോയി. മുൻ കാലങ്ങളിൽ തിരുനാൾ പ്രദക്ഷിണത്തിന്റെ സമാപനത്തിൽ സ്ലോസ ചൊല്ലിയിരുന്നത് ഈ കൽക്കുരിശിന് മുന്നിലായിരുന്നു. കുരിശ് ദൈവാലയത്തിന്റെ തിരുമുറ്റത്തേക്ക് എത്തിക്കുക വഴി പള്ളിയുടെയും കുരിശിന്റെയും പാരമ്പര്യവും കുരിശിന് വിശ്വാസികൾ നല്കിവന്നിരുന്ന പ്രാധാന്യവും എത്ര വലുതാണെന്ന് വരാനിരിക്കുന്ന തലമുറകൾക്കുകൂടി വെളിപ്പെടുത്തി നല്കുന്നു.
ബസിലിക്കയിൽ ഇന്ന്
രാവിലെ 5.45ന് ആരാധന, സപ്രാ, വിശുദ്ധ കുർബാന-ഫാ. ജോസഫ് ഓണാട് (ഡി പോൾ കെയർ ഹോം, പത്തനംതിട്ട). വൈകുന്നേരം 4ന് പ്രസുദേന്തിയുടേയും സ്ഥാനക്കാരുടേയും വാഴ്ച.
4.45ന് ചങ്ങനാശേരി ആർച്ച്ബിഷപ് മാർ തോമസ് തറയിൽ പിതാവിന് സ്വീകരണം. 4.50ന് വിശുദ്ധ കുർബാന, പ്രസംഗം-ആർച്ച്ബിഷപ് മാർ തോമസ് തറയിൽ.
6ന് ജപമാല പ്രദക്ഷിണം ( മർത്ത് മറിയം കുരിശടിയിലേക്ക്) ഫാ. ആന്റ ണി തേവാരി (വികാരി സെന്റ് ആന്റണിസ് പള്ളി വൈശ്യംഭാഗം. 7.15ന് പുതിയ പ്രസുദേന്തിക്ക് പള്ളിമേടയിൽ സ്വീകരണം.