വെട്ടിക്കോട് ആയില്യം എഴുന്നള്ളത്ത് ഭക്തിസാന്ദ്രമായി
1600326
Friday, October 17, 2025 5:16 AM IST
ചാരുംമൂട്: ഭക്തസഹസ്രങ്ങൾക്ക് ദർശനപുണ്യമേകി ആദിമൂലം വെട്ടിക്കോട് ശ്രീ നാഗരാജസ്വാമി ക്ഷേത്രത്തിലെ ആയില്യം എഴുന്നള്ളത്ത് ഭക്തിസാന്ദ്രമായി. ഇന്നലെ ഉച്ചകഴിഞ്ഞ് മൂന്നിന് പുറപ്പാട് ചടങ്ങുകൾക്കു തുടക്കം കുറിച്ചു.
നാഗരാജ സ്തുതിയും പുള്ളുവൻപാട്ടും അന്തരീക്ഷത്തെ ഭക്തിയിലലിയിച്ചു . ആദ്യം പഞ്ചവാദ്യവും അതിനു പിന്നിലായി താലപ്പൊലിയും തുടർന്ന് എഴുന്നള്ളത്തും മേപ്പള്ളിൽ ഇല്ലം നിലവറയിലേക്ക് നീങ്ങി. നിലവറയിലെ പൂജാദികൾക്കുശേഷം നാഗരാജാവിനെ ക്ഷേത്രത്തിലേക്ക് തിരികെ എഴുന്നള്ളിച്ചു. ആചാരപ്രകാരം എഴുന്നള്ളത്ത് ക്ഷേത്രത്തിനു വലം വച്ചതോടെ ചടങ്ങിന് സമാപ്തിയായി.
എഴുന്നള്ളത്തിന് ക്ഷേത്ര കാര്യദർശി നാരായണൻ നമ്പൂതിരി, ശ്രീകുമാരൻ നമ്പൂതിരി, ശ്രീവത്സലൻ നമ്പൂതിരി എന്നിവർ നേതൃത്വം നൽകി. തുടർന്ന് സർപ്പ ബലി നടന്നു. എഴുന്നള്ളത്ത് ദർശിക്കാൻ പല ദേശങ്ങളിലായി ഭക്തസഹസ്രങ്ങൾ ക്ഷേത്രത്തിലേക്ക് ഒഴുകിയെത്തി.