കലാവിദ്യാഭ്യാസരംഗത്തെ സിലബസ് കാലഘട്ടാനുസൃതം പരിഷ്കരിക്കാത്തത്: മന്ത്രി ആർ. ബിന്ദു
1600580
Saturday, October 18, 2025 12:02 AM IST
മാവേലിക്കര: കാലഘട്ടത്തിനനുസരിച്ച് പരിഷ്കരിക്കപ്പെടാത്ത സിലബസാണ് കലാ-വിദ്യാഭ്യാസ രംഗത്തുള്ളതെന്ന് ഉന്നതവിദ്യാഭ്യാസ സാമൂഹിക നീതിവകുപ്പ് മന്ത്രി ആർ. ബിന്ദു പറഞ്ഞു. വലിയ മാറ്റങ്ങൾ കലാരംഗത്തുണ്ടാകുമ്പോഴും നമ്മുടെ ക്ലാസ് മുറികളിലേക്ക് അവയൊക്കെ എത്തിച്ചേരുന്നുണ്ടോയെന്നു സംശയമാണ്.
പലപ്പോഴും പരിമിതമായ സൗകര്യമുള്ള കലാലയങ്ങളിൽ കുട്ടികൾ ശ്വാസംമുട്ടുകയാണ്. സിലബസ് പരിഷ്കരിക്കാനായി കമ്മീഷനെ നിയോഗിച്ചിട്ടുണ്ട്. സ്ഥലപരിമിതി പരിഹരിക്കാനായി ശ്രമങ്ങൾ നടക്കുകയാണ്. വിവിധ യൂണിവേഴ്സിറ്റികളിലായാണ് അഫലിയേഷനുകൾ എന്നുള്ളതുകൊണ്ടുതന്നെ പല പ്രതിസന്ധികളും മുൻപിലുണ്ട്. അതൊക്കെ ഏകീകരിക്കാനുള്ള ശ്രമങ്ങൾ നടന്നുവരികയാണെന്നും മന്ത്രി മാവേലിക്കരയിൽ പറഞ്ഞു.
മാവേലിക്കര രാജാരവിവർമ ഫൈൻ ആർട്ട്സ് കോളജിന് സംസ്ഥാന സർക്കാർ ബജറ്റിൽ അനുവദിച്ച 2.98 കോടിരൂപ വിനിയോഗിച്ചു നിർമിക്കുന്ന പുതിയ കെട്ടിടത്തിന്റെ നിർമാണോദ്ഘാടനം നിർവഹിച്ചു സംസാരിക്കുകയായിരുന്നു മന്ത്രി.
എം.എസ്. അരുൺകുമാർ എംഎൽഎ അധ്യക്ഷത വഹിച്ചു. പൊതുമരാമത്ത് കെട്ടിടവിഭാഗം സൂപ്രണ്ടിംഗ് എൻജിനിയർ പി. ഇന്ദു റിപ്പോർട്ട് അവതരിപ്പിച്ചു. നഗരസഭാ ചെയർമാൻ നൈനാൻ സി. കുറ്റിശേരിൽ, മുൻ എംഎൽഎ ആർ. രാജേഷ്, വാർഡ് കൗൺസിലർ സുജാത ദേവി, കെ. രഘു, എൻ. ബാലമുരളീകൃഷ്ണ, ഡി. തുളസിദാസ്, എം.ഡി. ശ്രീകുമാർ, കെ.സി. ഡാനിയേൽ, ജേക്കബ് ഉമ്മൻ എന്നിവർ പ്രസംഗിച്ചു. പ്രിൻസിപ്പൽ മനോജ് വൈലൂർ സ്വാഗതവും അപ്ലൈഡ് ആർട്ട്സ് മേധാവി വി.എം. ബിനോയ് കൃതജ്ഞതയും പറഞ്ഞു.