ഇനിയും പൂർത്തിയാകാതെ കായംകുളം മൾട്ടി പ്ലക്സ് തിയറ്റർ
1600339
Friday, October 17, 2025 5:16 AM IST
കായംകുളം: വര്‍ഷങ്ങള്‍ പിന്നിടുമ്പോഴും കായംകുളം മള്‍ട്ടിപ്ലക്സ് തിയറ്ററിന്റെ നിര്‍മാണപ്രവര്‍ത്തനങ്ങള്‍ ഇനിയും പൂര്‍ത്തിയായില്ല. മൂന്നു തിയറ്ററുകളും വ്യാപാര സമുച്ചയവും അടങ്ങുന്ന തിയറ്റര്‍ കോംപ്ലക്സിന്റെ സ്ട്രക്ചറല്‍ വര്‍ക്കുകള്‍ പൂര്‍ത്തിയായെങ്കിലും എന്ന് നിര്‍മാണം പൂര്‍ത്തിയാകുമെന്ന് പറയാന്‍ പറ്റാത്ത നിലയിലാണ് ഇപ്പോഴത്തെ പ്രവൃത്തികള്‍.
പ്ലാസ്റ്ററിംഗ്, പ്ലമ്പിംഗ്, ഇലക്ട്രിക്കല്‍ വര്‍ക്കുകള്‍ എല്ലാം പൂര്‍ത്തിയാകാനുണ്ട്. 32,000 ചതരശ്ര അടി വിസ്തീര്‍ണത്തില്‍ 15.03 കോടി രൂപ വിനിയോഗിച്ച് കേരള സംസ്ഥാന ചലചിത്ര വികസന കോര്‍പറേഷനാണ് തിയറ്ററുകള്‍ നിര്‍മിക്കുന്നത്. തിയറ്റര്‍ ഒന്നില്‍ 200 ഉം മറ്റ് രണ്ടെണ്ണത്തില്‍ 152 വീതവും ഇരുപ്പിടങ്ങളാണ് സജ്ജമാക്കുന്നത്.
നാലു കെ പ്രൊജക്ടര്‍, ഡോള്‍ബി അറ്റ്മോസ്റ്റ് സൗണ്ട് സിസ്റ്റം, സില്‍വര്‍ സ്ക്രീന്‍, പുഷ്ബാക്ക് ചെയറുകള്‍, വ്യാപാര സ്ഥാപനങ്ങള്‍, ലാന്‍ഡ്സ്കേപ്പിംഗ്, നൂറോളം വാഹനങ്ങള്‍ക്ക് പാര്‍ക്ക് ചെയ്യുന്നതിനുള്ള സൗകര്യങ്ങള്‍ എന്നിവ ലക്ഷ്യമിട്ടാണ് നിര്‍മാണം നടക്കുന്നത്. ആറുമാസത്തിനുള്ളില്‍ നിര്‍മാണപ്രവര്‍ത്തനങ്ങള്‍ പൂര്‍ത്തീകരിക്കാന്‍ കഴിയുമെന്ന് യു. പ്രതിഭ എംഎല്‍എയും ചലചിത്ര വികസന കോര്പറേഷന് ചെയര്മാന് ഷാജി എന്‍. കരുണും മുമ്പ് വ്യക്തമാക്കിയെങ്കിലും നിര്‍മാണം എങ്ങും എത്തിയിട്ടില്ല.
കെഎസ്ആര്ടിഡിപ്പോയ്ക്ക് പടിഞ്ഞാറ് ഭാഗത്ത് നഗരസഭ വിട്ടുനല്‍കിയ 77 സെന്റ് സ്ഥലത്താണ് തിയറ്റര്‍ സമുച്ചയം നിര്‍മിക്കുന്നത്. 2017 സെപ്റ്റംബറിലാണ് മള്‍ട്ടി പ്ലസ് തിയറ്റര്‍ നിര്‍മിക്കാന്‍ കായംകുളം നഗരസഭയുടെ സ്ഥലം സംസ്ഥാന ചലച്ചിത്ര വികസന കോര്പ്പറേഷന് പാട്ടത്തിന് നല്കി സര്‍ക്കാര്‍ ഉത്തരവ് ഇറക്കിയത്. 30 വര്‍ഷത്തേക്കാണ് നഗരസഭയുടെ സ്ഥലം പാട്ടവ്യവസ്ഥയില്‍ സംസ്ഥാന ചലച്ചിത്രവികസന കോര്പറേഷന് പാട്ടത്തിന് വിട്ട് നല്‍കുന്നത്. പാട്ടത്തുകയായി എട്ടുലക്ഷം രൂപ ഓരോവര്‍ഷവും കെഎസ്എഫ്ഡിസി നഗരസഭയ്ക്ക് നല്‍കണം എന്നാണ് വ്യവസ്ഥ.