ചെങ്ങന്നൂര്‍ നഗരസഭ ബസ് സ്റ്റാന്‍ഡിലെ ടേക്ക് എ ബ്രേക്ക് കെട്ടിടം തുറക്കാത്തതില്‍ പ്രതിഷേധം
1515153
Monday, February 17, 2025 11:52 PM IST
ചെങ്ങന്നൂര്‍: ചെങ്ങന്നൂര്‍ നഗരസഭ ബസ് സ്റ്റാന്‍ഡില്‍ 42 ലക്ഷം രൂപ ചെലവില്‍ നിര്‍മിച്ച ടേക്ക് എ ബ്രേക്ക് കെട്ടിടം തുറന്നുകൊടുക്കാത്തതില്‍ പ്രതിഷേധം ശക്തമാകുന്നു. ശബരിമല തീര്‍ഥാടന കാലത്ത് തുറക്കുമെന്ന് പറഞ്ഞിരുന്നെങ്കിലും ഇതുവരെ തുറന്നു കൊടുത്തിട്ടില്ല.
ചെങ്ങന്നൂര്‍ നഗരസഭ ബസ് സ്റ്റാന്‍ഡില്‍ എത്തുന്ന സ്ത്രീകള്‍ ഉള്‍പ്പെടെയുള്ള യാത്രക്കാര്‍ക്കും ബസ് സ്റ്റാന്‍ഡിലെ കച്ചവടക്കാര്‍ക്കും പ്രാഥമിക ആവശ്യങ്ങള്‍ നിറവേറ്റാന്‍ സംവിധാനമില്ലാത്തത് ദുരിതത്തിലായിരിക്കുകയാണ്.
മണ്ഡലകാലത്തിനു മുന്‍പേ പണി പൂര്‍ത്തിയായ കെട്ടിടം തുറന്നുകൊടുക്കാത്ത അധികൃതരുടെ അലംഭാവമാണെന്ന് നഗരസഭ റെയില്‍വേ വാര്‍ഡ് അംഗം സിനി ബിജു പറഞ്ഞു. മൂക്ക് പൊത്താതെ ബസ് സ്റ്റാന്‍ഡില്‍ കയറാന്‍ പറ്റാത്ത സ്ഥിതിയാണെന്നും അവര്‍ പറഞ്ഞു.
നിര്‍മാണം പൂര്‍ത്തിയായ ടേക്ക് എ ബ്രേക്ക് കെട്ടിടം അടിയന്തരമായി പൊതുജനങ്ങള്‍ക്കായി തുറന്നു കൊടുക്കുന്നതില്‍ ഇനിയും കാലതാമസം വരുത്തിയാല്‍ ബിജെപി നേതൃത്വത്തില്‍ ശക്തമായ പ്രതിഷേധ പരിപാടികള്‍ സംഘടിപ്പിക്കുമെന്ന് വാര്‍ഡ് കൗണ്‍സിലര്‍ പറഞ്ഞു.
ടേക്ക് എ ബ്രേക്ക് കെട്ടിടത്തില്‍ സ്ത്രീക്കും പുരുഷനും നാലു വീതം ശുചിമുറികള്‍, ഭിന്നശേഷി സൗഹൃദ ശുചിമുറികള്‍, വിശ്രമമുറികള്‍, മുലയൂട്ടല്‍ മുറി എന്നിവയുണ്ട്. ആധുനിക സൗകര്യങ്ങളോടെയുള്ള പ്രീമിയം നിലവാരത്തിലുള്ള വിശ്രമകേന്ദ്രം നഗരസഭയുടെയും കുടുംബശ്രീയുടെയും മേല്‍നോട്ടത്തില്‍ പ്രവര്‍ത്തിപ്പിക്കും.
പണം നല്കി ഉപയോഗിക്കാവുന്ന തരത്തിലായിരിക്കും ഇതിന്റെ പ്രവര്‍ത്തനം.